ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 2

വ്യാമിശ്രേണേവ വാക്യേന
ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ
യേന ശ്രേയോ ഽ ഹമാപ്നുയാം

അര്‍ഥം :
പലതും കൂട്ടിക്കുഴച്ചെന്ന് തോന്നിക്കുന്ന വാക്കുകള്‍കൊണ്ട് അങ്ങ് എന്റെ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നതുപോലെ തോന്നുന്നു. അതുകൊണ്ട് എനിക്ക്
ശ്രേയസ് നേടാന്‍ കഴിയുന്നത് എന്ത് കോണ്ടാണോ അത് എന്താണെന്ന് അങ്ങുതന്നെ നിശ്ചയിച്ചു എനിക്ക് പറഞ്ഞു തന്നാലും.

ഭാഷ്യം :
പ്രഭോ! അങ്ങ് ഇപ്രകാരം പതറിപ്പിക്കുന്ന വിധത്തിന്‍ ‍സംസാരിച്ചാല്‍ എന്നെപ്പോലെ അജ്ഞന്മാരായുള്ളവരുടെ‍ സ്ഥിതി എന്തായി തീരും? ഇതാണ് അങ്ങയുടെ ഉപദേശമെങ്കില്‍ ‍അതിനു മനസ്സിനെ കുഴക്കുന്ന ഒരു അപദേശത്തെക്കാള്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? അറിവ് സമ്പാദിക്കുന്നതിനുള്ള എന്റെ അദമ്യമായ ആഗ്രഹത്തെ അങ്ങ് തൃപ്തിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. ഒരു ഭിഷഗ്വരന്‍ രോഗശമനത്തിന് ചികിത്സ നിര്‍ണയിച്ചശേഷം അയാള്‍ തന്നെ രോഗിക്ക് വിഷം കൊടുത്താല്‍ ആ രോഗി എങ്ങനെ ജിവിച്ചിരിക്കുമെന്ന് പറഞ്ഞാലും. അങ്ങയുടെ ചാതുര്യമേറിയ ബോധനം കുരുടനെ ഇരുണ്ടവഴിയിലേക്ക് നയിക്കുന്നത്പോലെയോ, കുരങ്ങന് മദ്യം നല്‍കുന്നതുപോലെയോ, എന്നെ തികച്ചും കുഴച്ചുമറിച്ചിരിക്കുന്നു. അല്ലയോ കൃഷ്ണാ, അറിവിന്റെ അഭാവം കൊണ്ടും മതി മയക്കം കൊണ്ടും ഞാന്‍ ‍അങ്ങയുടെ ഉപദേശം തേടിയതാണ്. ശാന്തവും അചഞ്ചലവുമായിരുന്ന എന്റെ സ്വസ്ഥബുദധി ഇപ്പോള്‍ ഛിന്നഭിന്നമായെന്നു പറയേണ്ടിയിരിക്കുന്നു. അങ്ങയുടെ വഴികള്‍ വിചിത്രങ്ങളും ആദേശങ്ങള്‍ ദുര്‍ഗ്രാഹ്യങ്ങളുമാണ്. അങ്ങയുടെ ഭക്ത ദാസന്മാരോടു ഇപ്രകാരമുള്ള നയമാണോ അനുവര്‍ത്തിക്കേണ്ടത്? അങ്ങയുടെ പ്രണയനം എന്റെ ഗ്രഹണ ശക്തിക്കതീതമാണ്. ഗൂഢമായ ഏതോ ചില സിദ്ദ്ധാന്തങ്ങള്‍ എനിക്ക് വെളിവാക്കിത്തരാനാണോ അങ്ങു ശ്രമിക്കുന്നതെന്നു ഞാന്‍ സംശയിക്കുന്നു. ദേവാ! ദയവുചെയ്തു അങ്ങയുടെ ചിന്തകള്‍ ലളിതമായും വ്യക്തമായും എനിക്ക് വിശദീകരിച്ചു തന്നാലും. മന്ദബുദ്ധിയായ എനിക്കു മനസ്സിലാകത്തക്ക രീതിയില്‍ ‍അങ്ങ് ഉപദേശങ്ങള്‍ നല്കിയാലും. രോഗം ഭേദമാകുന്നതിനു ഔഷധം ആവശ്യമാണ്. എന്നാല്‍ ‍ആ ഔഷധം മധുരമുള്ളതും രുചികരവും ആയിരിക്കണം. അത് കൊണ്ട് അര്‍ത്ഥവത്തും അവസരോചിതവും ആഴമേറിയതുമായ യഥാര്‍ത്ഥ സത്യത്തെ എന്റെ മനസ്സിനു ഗ്രഹിക്കത്തക്കവണ്ണം ഉപദേശിച്ചുതന്നാലും.

അങ്ങയില്‍‍ ഞാന്‍ എന്റെ ഗുരുവിനെ കണ്ടെത്തിയിരിക്കുന്നു. അങ്ങ് എന്റെ ദിവ്യ മാതാവാണ്. അപ്രകാരമുള്ള ആളിനോടു എന്തെങ്കിലും അപേക്ഷിക്കുന്നതില്‍ ‍ഞാന്‍ ‍എന്തിനു ലജ്ജിക്കണം? പ്രയത്നം കൂടാതെ ഭാഗ്യം കൊണ്ട് മാത്രം ഒരാള്‍ക്ക് കാമാധേനു കരഗതമായാല്‍ അഭിലാഷപൂരണത്തിനു പിന്നെ ശങ്കിക്കുന്നതന്തിനാണ്? എല്ലാ ആഗ്രഹങ്ങളും നിവര്‍ത്തിച്ചുകൊടുക്കുന്ന ചിന്താമണിരത്നം കൈവശംവരുന്ന ഒരാള്‍ ‍ആഗ്രഹമുള്ളതെല്ലാം അതിനോടു ചോദിച്ചു വാങ്ങുകയല്ലാതെ യാചിക്കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കുന്നത് എന്തിനാണു? അനവധി ക്ലേശങ്ങള്‍ ‍സഹിച്ചു സുധാസാഗരത്തിന്റെ തീരത്ത് എത്തിച്ചേരുന്ന ഒരുവന്‍ ദാഹിച്ചു വലയുന്നത് എന്തിനാണു? അതുപോലെ പൂര്‍വ്വജന്മപരിപാകം കൊണ്ട് അര്‍ഹത നേടി അങ്ങയെ പ്രാപിക്കുന്നതിനുള്ള സൗഭാഗ്യം എനിക്കു ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ ദേവാധി ദേവനായ അങ്ങയോട് എന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിത്തരണമെന്ന് അപേക്ഷിച്ചു കൂടെ? ഒരു ശിശുവിന് അതിന്റെ മാതാവിന്റെ മുല കുടിക്കുന്നതിനു സമയക്ളിപ്തത ഇല്ലാത്തതുപോലെ, അല്ലയോ കരുണാനിധിയായ ഭഗവാനെ, ഞാന്‍ ‍എന്റെ ആഗ്രഹങ്ങള്‍ അങ്ങയോട് ചോദിക്കുകയാണ്. ഇഹത്തിലും പരത്തിലും എനിക്കു ശ്രേയസ്കരമായിട്ടുള്ളത് എന്താണെന്നു പറഞ്ഞു തന്നാലും.