ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 3

ശ്രീ ഭാഗവനുവാച:

ലോകേ ഽ സ്മിന്‍ ദ്വിവിധാ നിഷ്ഠാ
പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം
കര്‍മ്മയോഗേന യോഗിനാം

അര്‍ഥം :
അല്ലയോ പാപരഹിതനായ അര്‍ജ്ജുനാ, ഈ ലോകത്തില്‍ രണ്ടു വിധത്തിലുള്ള നിഷ്ഠകള്‍ ഉണ്ടെന്നു മുന്‍ അദ്ധ്യായത്തില്‍ ഞാന്‍ ഉപദേശിച്ചിട്ടുണ്ട്. ഒന്ന് സാംഖ്യന്മാര്‍ക്ക്(സദാ നിത്യാനിത്യ വിചാരത്തിനു സമര്‍ത്ഥരായ ശാസ്ത്ര ബുദ്ധികള്‍ക്ക്)ജ്ഞാനയോഗം അനുസരിച്ചും മറ്റേതു യോഗികള്‍ക്ക് (തത്ത്വബോധത്തോടെ മോക്ഷം ലക്ഷ്യമാക്കി ലൗകിക കര്‍മ്മങ്ങളില്‍ മുഴുകി കഴിയുന്നവര്‍ക്ക്)കര്‍മ്മയോഗം അനുസരിച്ചും ഉള്ളതാകുന്നു.

ഭാഷ്യം :
അര്‍ജുനന്റെ ചോദ്യം കേട്ടു ഭഗവാന്‍ കൃഷ്ണന്‍ അത്ഭുതപ്പെട്ടു. അദ്ദേഹം പറഞ്ഞു:
അര്‍ജുനാ, ഞാന്‍ എല്ലാം ചുരുക്കിയാണ് പറഞ്ഞത്. ബുദ്ധിയോഗത്തെ (കര്‍മ്മയോഗത്തെ)പ്പറ്റി പറഞ്ഞപ്പോള്‍ അതില്‍ നിന്നു സംജാതമാകുന്ന (സാംഖ്യ സിദ്ധാന്തപ്രകാരമുള്ള) ജ്ഞാനയോഗത്തെപ്പറ്റിയും പറഞ്ഞു. എന്നാല്‍ നീ അതിന്റെ ആന്തരാര്‍ത്ഥം മനസ്സിലാക്കാതെ നിന്റെ മനസ്സിനെ അകാരണമായി കുഴയ്ക്കുകയാണു ചെയ്തത്. ഈ രണ്ടു് മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുക. ഈ രണ്ടു ജീവിതരീതികളും അനാദികാലം മുതല്ക്കെ ഞാന്‍ വെളിപ്പെടുത്തി കൊടുത്തിട്ടുള്ളതാണ്. ഒന്ന് ജ്ഞാനയോഗമാണ്. ഇത് സാംഖ്യതത്ത്വാവലംബികള്‍ അനുഷ്ഠിക്കുന്നു. ആത്മജ്ഞാനം സിദ്ധിക്കുമ്പോള്‍ അവര്‍ പരബ്രഹ്മവുമായി സാത്മ്യം പ്രാപിക്കുന്നു. മറ്റൊന്നു കര്‍മ്മയോഗമാണ്.
ഈ മാര്‍ഗ്ഗത്തിലൂടെ ഈശ്വരനെ തേടുന്നവര്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ണാതമായി നിര്‍വ്വഹിച്ച് അവസാനം നിര്‍വ്വാണം നേടുന്നു. ഭക്ഷണം സ്വന്തമായി പാചകം ചെയ്തതായാലും മറ്റൊരാള്‍ പാചകം ചെയ്തതായാലും വിശപ്പടക്കുന്നതിനു ഒരു പോലെ ഉപകരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന നദികളുടെ ഗതി ഭിന്നമാണെങ്കിലും അവ രണ്ടും അവസാനം സമുദ്രത്തില്‍ ലയിച്ചു ഒന്നായിത്തീരുന്നു. അതുപോലെ കര്‍മ്മയോഗവും ജ്ഞാനയോഗവും വ്യത്യസ്ത മാര്‍ഗങ്ങളായി തോന്നുമെങ്കിലും, അത് ഒരേ സത്യത്തിലേക്കു നയിക്കുന്നുവെന്ന നിലയില്‍, അവ യഥാര്‍ത്ഥത്തില്‍ ഒന്നു തന്നെയാണ്. എന്നാല്‍ ഒരു സത്യാന്വേഷി അയാള്‍ക്ക് യോജിച്ച മാര്‍ഗ്മാണു സ്വീകരിക്കേണ്ടത്. ഒരു പക്ഷിക്ക് നേരിട്ടു വൃക്ഷത്തിലേക്കു പറന്ന് അതിന്റെ കൊമ്പത്ത് നില്ക്കുന്ന പഴം കൊത്തിയെടുക്കാം. എന്നാല്‍ ഒരു മനുഷ്യന് അത്രയും വേഗത്തില്‍ ആ പഴം കൈക്കലാക്കാന്‍ കഴിയുമോ? അവന്‍ വൃക്ഷത്തിന്റെ ചുവട്ടില്‍നിന്നും സാവധാനത്തില്‍ കയറി , ശാഖാചംക്രമണം നടത്തി, പഴം നില്‍ക്കുന്നിടത്തെത്തി അതു പറിച്ചെടുക്കണം. സാംഖ്യമാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നവര്‍ ജ്ഞാനയോഗത്തില്‍ കൂടി പക്ഷികളെപ്പോലെ ഒറ്റ കുതിപ്പിനൂതന്നെ മുക്തി കൈ വരിക്കുന്നു. എന്നാല്‍ കര്‍മ്മയോഗം സ്വീകരിക്കുന്നവര്‍ അവര്‍ക്കു നിശ്ചയിച്ചിട്ടുള്ള കര്‍ത്തവ്യങ്ങള്‍ യഥാവിധി നിര്‍വ്വഹിച്ചിട്ട് കാലക്രമേണ ജ്ഞാനികളായി മോക്ഷം അടയുന്നു.