ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 5
ന ഹി കശ്ചിത് ക്ഷണമപി
ജാതു തിഷ്ഠത്യ കര്‍മ്മകൃത്
കാര്യതേ ഹ്യവശഃ കര്‍മ്മ
സര്‍വ്വഃ പ്രകൃതി ജൈര്‍ഗുണൈഃ
അര്‍ഥം :
എന്ത് കൊണ്ടെന്നാല്‍ ഒരിക്കലും ഒരു നിമിഷം പോലും ഒരുവനും കര്‍മ്മം ചെയ്യാതിരിക്കുന്നില്ല. എല്ലാവരും പ്രകൃതിയില്‍ നിന്നും രൂപം കൊള്ളുന്ന സത്വരജസ്തമോഗുണങ്ങളില്‍പെട്ട് അവശരായി കര്‍മ്മത്തെ നിര്‍ബ്ബന്ധമായി ചെയ്യേണ്ടിവരുന്നു.
ഭാഷ്യം :
പ്രകൃതിയില്‍ നിന്നും രൂപം കൊളളുന്ന സത്വം, രജസ്സ്, തമസ്സ്, എന്നീ മുന്ന് ഗുണങ്ങളുടെയും മാതാവായ മായ നമ്മെ വശീകരിക്കുന്നിടത്തോളം കാലം, ഏതെങ്കിലും കര്‍മ്മം നാം ചെയ്യണമെന്നോ ഏതെങ്കിലും കര്‍മ്മം ഉപേക്ഷിക്കണമെന്നോ, പറയുന്നത് തികഞ്ഞ അജ്ഞത കൊണ്ട് മാത്രമാണ്. എന്തുകൊണ്ടേന്നോ? ത്രിഗുണങ്ങള്‍ വ്യക്തിസ്വഭാവത്തിനു രൂപം നല്‍കുന്നത് കൊണ്ട് വ്യക്തി പ്രകൃതി ഗുണങ്ങള്‍ക്ക് അടിമയായി തീരുന്നു. ഒരുവന് നിര്‍ണയിച്ചിട്ടുള്ള കര്‍ത്തവ്യങ്ങള്‍ പാടേ ഉപേക്ഷിച്ചാല്‍ അതുകൊണ്ട് ഇന്ദ്രിയങ്ങളുടെ സഹജമായ വാസനയെ അവസാനിപ്പിക്കാന്‍ കഴിയുമോ? കാതുകള്‍ ശ്രവണം നിര്‍ത്തുമോ; കണ്ണുകളുടെ കാഴ്ച നശിക്കുമോ; നാസാരന്ധ്രങ്ങള്‍ അടയുകയും ഘ്രാണശക്തി ഇല്ലാതാവുകയും ചെയ്യുമോ ? ശ്വാസോഛ്വാസം നിശ്ചലമാകുമോ?മനസ്സ് ചിന്താശൂന്യമാകുമോ?വിശപ്പും ദാഹവും മറ്റാഗ്രഹങ്ങളും നിലയ്ക്കുമോ? ജാഗ്രത്, സുഷുപ്തി എന്നീ മാനസികാവസ്ഥകള്‍ ഇല്ലാതാകുമോ?കാലുകള്‍ നടപ്പ് മറന്നു പോകുമോ?എല്ലാറ്റിനും ഉപരിയായി ജനനമരണങ്ങള്‍ ഒഴിവാക്കാന്‍ പറ്റുമോ?ഈ പ്രവര്‍ത്തനങ്ങളൊന്നും നിലയ്ക്കുന്നില്ലെങ്കില്‍ പിന്നെ എന്താണ് നാം ഉപേക്ഷിച്ചത് ?ആകയാല്‍ കര്‍മ്മപരിത്യാഗം അര്‍ത്ഥശുന്യമാണ്. ഓരോരുത്തരേയും കര്‍മ്മത്തിന് പ്രേരിപ്പിക്കുന്നത് പ്രകൃതി ഗുണങ്ങളാണ്. എല്ലാ കര്‍മ്മങ്ങളും മായയുടെ ശക്തി കൊണ്ട് സ്വയമേവ രൂപം കൊളളുന്നു. ഒരുവന്‍ നിശ്ചലനായി ഒരു രഥത്തില്‍ ഇരിക്കുകയാണെങ്കിലും , അവന്‍ ആ രഥത്തെ ആശ്രയിച്ചിരിക്കുന്നത് കൊണ്ട് , രഥത്തിന്റെ ഗതി അനുസരിച്ചു, അവനും ചലിക്കേണ്ടി വരുന്നു. ഉണങ്ങിയ ഒരില നിര്‍ജ്ജീവമാണെങ്കിലും, കാറ്റില്‍ പെട്ട് ആകാശത്ത് കറങ്ങി നടക്കുന്നത് പോലെ, മായയുടെ വലയത്തിലും ഇന്ദ്രിയങ്ങളുടെ വികൃതിയിലുംപെട്ടു, നിഷ്കര്‍മ്മ ഭാവമുള്ള ഒരുവന് പോലും സ്വയമേവ കര്‍മ്മോന്മുഖനായി പ്രവര്‍ത്തിക്കേണ്ടി വരും. അതുകൊണ്ട് ഒരുവന്‍ അവന്റെ പ്രകൃതിയോടു ബന്ധപ്പെട്ടിരിക്കുന്ന കാലത്തോളം അവന് കര്‍മ്മത്തെ ഉപേക്ഷിക്കാന്‍ കഴിയുകയില്ല. എന്നിട്ടും കര്‍മ്മത്തെ പരിത്യജിക്കണമെന്നു ആരെങ്കിലും പറയുന്നെങ്കില്‍ അത് അവന്റെ ദുര്‍വാശി കൊണ്ട് മാത്രമാണ്.