ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 8

നിയതം കുരു കര്‍മ്മ ത്വം
കര്‍മ്മ ജ്യായോ ഹ്യകര്‍മ്മണഃ
ശരീരയാത്രാപി ച തേ
ന പ്രസിദ്ധ്യെദകര്‍മ്മണഃ

അര്‍ഥം :
വിധിക്കപ്പെട്ട കര്‍മ്മം നീ ചെയ്യുക. എന്തെന്നാല്‍ കര്‍മ്മം അകര്‍മ്മത്തിനേക്കാള്‍ ശ്രേഷ്ഠമാണ്. കര്‍മ്മം ചെയ്യാതിരുന്നാല്‍ നിനക്ക് ശരീര സംരക്ഷണത്തിന് പോലും സാധിക്കുകയില്ല.

ഭാഷ്യം :
കര്‍മ്മം ഉപേക്ഷിച്ചത് കൊണ്ട് ഒരുവന്‍ കര്‍മ്മത്തില്‍ നിന്നും മോചിതനാവുന്നില്ല. അതുകൊണ്ട് യാതൊരു വികാരങ്ങളും കൂടാതെ, കാലാകാലങ്ങളില്‍ നിനക്കു ലഭിക്കുന്ന വിഹിത കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. മറ്റൊരു ശ്രദ്ധേയമായ കാര്യം കൂടി ഞാന്‍ പറയാം. അപ്രകാരം നിനക്ക് നിശ്ചയിക്കപ്പെട്ട കര്‍മ്മങ്ങള്‍ നീ ചെയ്‌താല്‍ സ്വയമേവ നിനക്ക് മോചനം ലഭിക്കും. ഒരുവന്‍ സ്വാര്‍ത്ഥ താത്പര്യമില്ലാതെ അവന്റെ കഴിവിനനുസരിച്ച് അവന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റിയാല്‍ അവന്‍ നിശ്ചയമായും മോക്ഷം ലഭിക്കും.