ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 10

സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ
പുരോവാചാ പ്രജാപതിഃ
അനേന പ്രസവിഷ്യധ്വം
ഏഷ വോ ഽ സ്തിഷ്ടകാമധുക്

അര്‍ഥം :
ആദിമ കാലത്തില്‍ സൃഷ്ടികര്‍ത്താവു യജ്ഞ കര്‍മ്മങ്ങളോടൊപ്പം പ്രജകളെ സൃഷ്ടിച്ചിട്ട് പറഞ്ഞു : ഈ യജ്ഞ കര്‍മ്മങ്ങള്‍ കൊണ്ട് നിങ്ങള്‍ വര്‍ദ്ധിക്കുവിന്‍. അഭിവൃദ്ധിയെ പ്രാപിക്കുവിന്‍. ഇത് നിങ്ങള്‍ക്ക് ഇഷ്ട കാമധേനുവായി (എല്ലാ അഭീഷ്ടങ്ങളെയും സാധിപ്പിക്കുന്നതായി)ഭവിക്കട്ടെ.

ഭാഷ്യം :
ധര്‍മ്മപരമായ ദൈനം ദിന കര്‍ത്തവ്യങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള യജ്ഞ കര്‍മ്മങ്ങളോടൊപ്പം ബ്രഹ്മാവ് മനുഷ്യരെ സൃഷ്ടിച്ചു. യജ്ഞകര്‍മ്മങ്ങള്‍ അഗാധവും അജ്ഞേയവും ആയിരുന്നത് കൊണ്ട് മനുഷ്യര്‍ക്ക്‌ അവയെ ശരിയായ വിധത്തില്‍ മനസ്സിലാക്കാന്‍ ‍കഴിഞ്ഞില്ല. തന്മുലം അവന്‍ ജ്ഞാനോദ്ദീപനത്തിനും സഹായത്തിനുമായി പ്രജാപതിയോടു പ്രാര്‍ത്ഥിച്ചു. ബ്രഹ്മദേവന്‍ അവരോടായി പറഞ്ഞു. നിങ്ങളില്‍ ഓരോരുത്തന്റെയും വര്‍ണ്ണത്തിനും പദവിക്കും അനുസരിച്ചുള്ള കര്‍മ്മങ്ങള്‍ ഞാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചാല്‍ നിങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറും. നിങ്ങള്‍ വ്രതം അനുഷ്ഠിക്കുകയോ, ശരീരത്തെ പീഡിപ്പിക്കുകയോ , ദൂരദേശങ്ങളിലെക്ക് തീര്‍ത്ഥാടനം നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. സ്വാര്‍ത്ഥമായ ഉദ്ദേശ്യത്തോടെ നിങ്ങള്‍ ഐന്ദ്രജാലവിദ്യകളോ, മതപരമായ കഠിനനിഷ്ഠക‍ളോ, വശീകരണവിദ്യയോ മാന്ത്രികവിദ്യയോ ഒന്നും തന്നെ ചെയ്യരുത്. മറ്റു ദൈവങ്ങളെ ഒന്നും ആരാധിക്കാതെ നിങ്ങളുടെ കര്‍ത്തവ്യം ഒരു യജ്ഞമെന്നനിലയില്‍ സ്വസ്ഥമായി ചെയ്യുക. പതിവ്രത ഭര്‍ത്താവിനെ വിശ്വാസ്യതയോടെ സേവിക്കുന്നത് പോലെ , നിങ്ങളുടെ കര്‍മ്മം നിസ്വാര്‍ത്ഥമായി സേവിക്കുക. ഈ യജ്ഞം സ്വധര്‍മ്മം എന്ന നിലയില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.

നിങ്ങളുടെ ധര്‍മ്മം നിങ്ങള്‍ ഭക്തി പൂര്‍വ്വം പാലിച്ചാല്‍ അതൊരിക്കലും നിങ്ങളെ കൈ വെടിയുകയില്ല. അത് നിങ്ങളെ എല്ലാ അഭീഷ്ടങ്ങളെയും നിറവേറ്റിത്തരുന്ന കാമധേനു ആയിത്തീരും.