ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 12

ഇഷ്ടാന്‍ ഭോഗാന്‍ ഹി വോ ദേവാ
ദാസ്യന്തേ യജ്ഞഭാവിതാഃ
തൈര്‍ദത്താനപ്രദായൈഭ്യോ
യോ ഭുങ്ങ്ക്തെ സ്തേന ഏവ സഃ

അര്‍ഥം :
യജ്ഞാദികളെകൊണ്ട് ആരാധിക്കപ്പെടുന്ന ദേവന്മാര്‍, നിങ്ങള്‍ക്കു ഇഷ്ടപ്പെട്ട സുഖസാധനങ്ങള്‍ തരുന്നതാകുന്നു. എന്നാല്‍ ദേവന്മാര്‍ തരുന്ന ഇഷ്ട ഭോഗങ്ങളെ ഏതെങ്കിലും രൂപത്തില്‍ തിരിച്ചുകൊടുക്കാതെ അനുഭവിക്കുന്നവന്‍ ചോരന്‍ തന്നെയാകുന്നു.

ഭാഷ്യം :
അങ്ങനെ ഭാഗ്യദേവത കുതുഹലചിത്തയായി നിങ്ങളെ തേടിവരും. നിങ്ങള്‍ ധര്‍മ്മത്തില്‍ ദൃഢമായി വിശ്വസിച്ചു കൊണ്ടുവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആനന്ദപ്രദമായി കഴിച്ചു കൂട്ടാം. എന്നാല്‍ ഒരുവന്‍ ഐശ്വര്യവും ധനവും സമ്പാദിച്ചതിനുശേഷം ഇന്ദ്രിയവിഷയങ്ങളില്‍ ആകൃഷ്ടനായി ഇന്ദ്രിയ സുഖങ്ങളുടെ ചാപല്യത്തിനു വിധേയയനാവുകയോ യജ്ഞങ്ങളാല്‍ ദേവന്മാരേ തൃപ്തിപ്പെടുത്തി അവരില്‍ നിന്നും ലഭിച്ച സമ്പത്തുകൊണ്ടു ഈശ്വരാരാധന നടത്തുന്നതില്‍ വിഴ്ച വരുത്തുകയോ , അഗ്നി ഹോമം നടത്താതിരിക്കുകയോ, ഗുരുവിനെ ഭക്തിപൂര്‍വ്വം സേവിക്കാതിരിക്കുകയോ, പുണ്യാതിഥികള്‍ക്കും തന്റെ കുലത്തില്‍പെട്ട ആരാധ്യന്‍മാര്‍ക്കും ആദരവും അതിഥി സല്‍ക്കാരവും നല്‍കാതിരിക്കുകയോ ചെയ്ത് , തന്റെ ധാര്‍മ്മിക കര്‍മ്മങ്ങളെ അവഗണിക്കുകയും വിസ്മരിക്കുകയും ധനത്തിലും ഐശ്വര്യത്തിലുമുള്ള അഹങ്കാരപ്രമത്തതകൊണ്ട് ഭോഗങ്ങളുടെ അനുഭവത്തിലും ആനന്ദാനുഭൂതിയിലും മുഴുകാന്‍ ഇടയാവുകയും ചെയ്താല്‍, അവന് എല്ലാം നഷ്ടപ്പെടുകയും കടുത്തശിക്ഷ അനുഭവിക്കേണ്ടി വരുകയും ചെയ്യും. ഒരുവന്റെ ജീവിതാവധി കഴിയുമ്പോള്‍ അവന്റെ ആത്മാവ് ശരീരം വെടിയുന്നത് പോലെ, നിര്‍ഭാഗ്യവാനായ ഒരുവന്റെ ഗ്രഹത്തില്‍ ലക്ഷ്മി ദേവി വസിക്കാത്തത് പോലെ , വിളക്കണയുമ്പോള്‍ പ്രകാശം നഷ്ടപ്പെടുന്നത് പോലെ , കര്‍മ്മ വിലോപം വരുത്തുന്ന ഒരുവന്റെ ആനന്ദത്തിന്റെ അടിത്തറ തന്നെ ഇടിച്ചു നിരത്തപ്പെടും. അപ്രകാരം സ്വധര്‍മ്മകര്‍മ്മത്തിന്റെ ആഹ്വാനം അവഗണിക്കുന്ന ഒരുവന് മായയില്‍ നിന്നുളള മോചനവും ഇല്ലാതെയാവുന്നു.

വിരിഞ്ജന്‍ പിന്നെയും പറഞ്ഞു: ധര്‍മ്മകര്‍മ്മങ്ങള്‍ ഉപേക്ഷിക്കുന്ന ഒരുവനെ ചോരനെ പോലെ കരുതണം. അവന്റെ സ്വത്തുക്കളെല്ലാം നശിക്കും ; മരണം തന്നെ അവനെ ശിക്ഷിക്കുകയും ചെയ്യും. ശ്മശാനത്തില്‍ പിശാചുക്കള്‍ കൂട്ടംകൂടുന്നപോലെ അവന്റെ പാപങ്ങളും കഷ്ടപ്പാടുകളും കൂട്ടമായി അവനെ തേടിയെത്തും. എല്ലാവിധ ദുര്‍ഗ്ഗതികളും ദാരിദ്ര്യവും അവന്‍ അനുഭവിക്കേണ്ടിവരും. ഔദ്ധത്യത്തിന്റെ മായാമോഹം കൊണ്ട് അന്ധനായിത്തീര്‍ന്ന അവന്റെ പരിദേവനം പ്രയോജനരഹിതമായിരിക്കും. അതുകൊണ്ട് ധര്‍മ്മകര്‍മ്മങ്ങളെ ഉപേക്ഷിക്കുകയോ ഇന്ദ്രിയങ്ങളെ അനിയന്ത്രിതമായി വിടുകയോ ചെയ്യരുത്‌. വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യം വെള്ളത്തില്‍ നിന്നും പുറത്താവുമ്പോള്‍ തല്‍ക്ഷണം മരണമടയുന്നു. അതുപോലെ ഒരുവന്‍ ധര്‍മ്മകര്‍മ്മങ്ങളില്‍ നിന്നകലുമ്പോള്‍ അവനു സമ്പൂര്‍ണ്ണനാശം സംഭവിക്കുന്നു. അതുകൊണ്ട് നിങ്ങളെല്ലാം എല്ലായ്പ്പോഴും നിങ്ങളുടെ വിഹിതമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണമെന്നു ഞാന്‍ വീണ്ടും വീണ്ടും പറയുന്നു.