ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 13
യജ്ഞശിഷ്ടാശിനഃ സന്തോ
മുച്യന്തേ സര്‍വ്വകില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ
യേ പചന്ത്യാത്മ കാരണാത്.
അര്‍ഥം :
യജ്ഞങ്ങളെ ദേവന്മാര്‍ക്ക് അര്‍പ്പണം ചെയ്ത് അതിന്റെ ശിഷ്ടമായി ലഭിക്കുന്ന അന്നം ഭുജിക്കുന്നവര്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചിതരാകുന്നു. എന്നാല്‍ ഏവര്‍ തങ്ങള്‍ക്ക് ഭുജിപ്പാന്‍ വേണ്ടി മാത്രം പാകം ചെയ്യുന്നുവോ , അങ്ങിനെയുള്ള ദുരാചാരന്‍മാര്‍ പാപത്തെത്തന്നെ ഭുജിക്കുന്നു.
ഭാഷ്യം :
പ്രജകളെ, നിങ്ങളുടെ സമ്പത്ത് വിഹിത കര്‍മ്മങ്ങള്‍ നിസ്വാര്‍ത്ഥമായി ചെയ്യുന്നതിനായി വിനിയോഗിക്കണം. നിങ്ങള്‍ പവിത്രമായ അഗ്നിയെ ആരാധിക്കണം. പശുക്കളെ പൂജിക്കണം. ബ്രഹ്മണരെ പ്രസാദിപ്പിക്കണം. പൂര്‍വ്വികന്‍മാര്‍ക്ക് തര്‍പ്പണ ജലം നല്‍കണം. നിശ്ചിത യജ്ഞങ്ങള്‍ നടത്തുമ്പോള്‍ അഗ്നിയിലേക്ക് അര്‍പ്പിക്കുന്ന ഹവിസ്സിന്റെ ശിഷ്ടഭാഗം നിങ്ങളുടെ കുടുംബാംഗങ്ങളുമൊത്ത് നിങ്ങള്‍ ഭുജിക്കണം. പരിശുദ്ധമായ ആ ആഹാരം നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയും ഒരു കവിള്‍ അമൃത് ഒരു രോഗിയുടെ രോഗം ശമിപ്പിക്കുന്നതു പോലെ , ബ്രഹ്മജ്ഞാനത്തില്‍ ഉറച്ചു നില്‍ക്കുന്നവന്‍ മായയുടെ വിഭ്രാന്തിയില്‍പെട്ട് വലയാത്തതു പോലെ, യജ്ഞശിഷ്ടമായ ആഹാരം ആഹരിക്കുന്നവന്റെ പാപം അറ്റുപോകും. അതുകൊണ്ട് ഒരുവന്‍ നിയമാനുസാരമായി മാത്രം ധനം ആര്‍ജിക്കുകയും അവന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുവേണ്ടി അതില്‍ നിന്നും ചിലവഴിക്കുകയും ശേഷിച്ചത് കൊണ്ട് തൃപ്തനായി ആനന്ദം അടയുകയും വേണം. അവന്‍ മറ്റു തരത്തില്‍ പ്രവര്‍ത്തിക്കരുത്.
ഇപ്രകാരമായിരുന്നു അനാദികാലം മുതല്‍ക്കുള്ള ജീവിത രീതിയെന്നു ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞു. അദ്ദേഹം തുടര്‍ന്നു:
അല്ലയോ പാര്‍ത്ഥ, ദേഹമാണ് ആത്മാവെന്നു തെറ്റിദ്ധരിക്കുകയും ഇന്ദ്രിയ വിഷയങ്ങള്‍ തങ്ങളുടെ ആനന്ദോപാധികളെന്നു കരുതുകയും ചെയ്യുന്നവര്‍, അതിനപ്പുറത്ത് എന്തെങ്കിലും ഉളളതായി അറിയുന്നില്ല. അവരുടെ സമ്പത്ത് യജ്ഞത്തിനു വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാതെ അഹന്തകൊണ്ടും മായാമോഹംകൊണ്ടും അത് സ്വന്തംസുഖ സൌകര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നു. അവരുടെ രുചിക്കനുസരിച്ചു സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്ത് ഭക്ഷിക്കുന്ന അവര്‍ പാപമാണ് വിഴുങ്ങിക്കളയുന്നതെന്ന് അറിയുന്നില്ല. മുഴുവന്‍ സമ്പത്തും പരമോന്നതമായ ശക്തിക്ക് സമര്‍പ്പിച്ച് , ധര്‍മ്മാനുഷ്ഠാനങ്ങള്‍ യജ്ഞങ്ങളായി കരുതി, കര്‍മ്മങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ അജ്ഞന്‍മാര്‍ ഈ സത്യത്തെ മനസ്സിലാക്കാതെ തങ്ങളുടെ ആനന്ദത്തിനു വേണ്ടി മാത്രം വിവിധതരത്തിലുളള ഭക്ഷണ പദാര്‍ത്‍ഥങ്ങള്‍ തയ്യാറാക്കുന്നു. പരാശക്തിയെ പ്രസാദിപ്പിക്കുന്നതിനും യജ്ഞത്തെ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്ന ഈ ഭക്ഷണപദാര്‍ത്ഥം നിസ്സാരമായ ഒന്നല്ല. അത് എല്ലാ ജീവ ജാലങ്ങളുടേയും ജീവന്‍ നിലനിര്‍ത്തുന്നതായത് കൊണ്ട്, ജഗദീശ്വരന്റെ തന്നെ പ്രതീകമാണ്.