ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 18

നൈവ തസ്യ കൃതേനാര്‍ത്ഥോ
നാകൃതേനേഹ കശ്ചന
ന ചാസ്യ സര്‍വ്വ ഭൂതേഷു
കശ്ചിദര്‍ത്ഥവ്യപാശ്രയഃ

അര്‍ഥം :
അവന് (ആത്മാവില്‍തന്നെതൃപ്തനായിരിക്കുന്ന ബ്രഹ്മജ്ഞാനിക്ക്) ഈ ലോകത്തില്‍ കര്‍മ്മം കൊണ്ട് ഒരു പ്രയോജനവുമില്ല. കര്‍മ്മം ചെയ്യാഞ്ഞാല്‍ അവനു ഒരു ദോഷവുമില്ല. ബ്രഹ്മാവ് മുതല്‍ക്കുള്ള സകലജീവികളില്‍ ആരേയും വല്ല കാര്യത്തിനുവേണ്ടി അവന് അശ്രയിക്കേണ്ടതുമില്ല.
ഭാഷ്യം :
ഒരുവന്‍ സംതൃപ്തനായി കഴിഞ്ഞാല്‍ ‍പിന്നെ അത് നേടി എടുത്ത മാര്‍ഗ്ഗം ആവശ്യമില്ലാത്തതായിത്തീരുന്നു. ആകയാല്‍ ഒരുവന്‍ ആത്മാനന്ദത്തില്‍ നിമഗ്നനായി കഴിഞ്ഞാല്‍ പിന്നീട് പ്രവൃത്തി കൊണ്ട് ഒരു പ്രയോജനവുമില്ല. അര്‍ജ്ജുന, ആത്മജ്ഞാനം ലഭിക്കുന്നതുവരെ മാത്രമേ ഒരുവന്‍ സാധനകള്‍ അനുഷ്ഠിക്കേണ്ടതായിട്ടുള്ളു.