ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം22

ന മേ പാര്‍ത്ഥാസ്തി കര്‍ത്തവ്യം
ത്രിഷു ലോകേഷു കിഞ്ചന
നാനാവാപ്തമവാപ്തവ്യം
വര്‍ത്ത ഏവ ച കര്‍മ്മണി.

അര്‍ഥം :
അല്ലയോ അര്‍ജ്ജുന, മൂന്നു ലോകങ്ങളിലും എനിക്കു ചെയ്യേണ്ടതായിട്ടു ഒന്നുമില്ല. നേടാത്ത യാതൊന്നും ഇനി നേടേണ്ടതായും ഇല്ല. എങ്കിലും , ഞാന്‍ കര്‍മ്മം ചെയ്തുകൊണ്ടുതന്നെ ഇരിക്കുന്നു.

ഭാഷ്യം :
പാര്‍ത്ഥ, ഞാന്‍ ‍എന്തിനാണ് മറ്റുള്ളവരുടെ കാര്യം ഉദാഹരിക്കുന്നത്? ഞാന്‍ തന്നെ ഈ മാര്‍ഗ്ഗമല്ലേ സ്വീകരിച്ചിരിക്കുന്നത്?ഞാന്‍ നിശ്ചിത കര്‍മ്മങ്ങള്‍ പാലിക്കുന്നത് വരാനിടയുള്ള ഏതെങ്കിലും ദുരിതം ഒഴിവാക്കാനാണോ? ഏതെങ്കിലും ലക്‌ഷ്യം സഫലമാക്കുവാനാണോ ?എന്നെപ്പോലെ സമ്പൂര്‍ണ്ണനും അസാധാരണ പ്രഭാവം ഉള്ളവനുമായ മറ്റോരാളില്ലെന്നു നിനക്കറിയാം. എന്റെ ഗുരുവായ സാന്ദീപനി മുനിയുടെ പുത്രനെ യമനില്‍ നിന്നു വീണ്ടെടുത്ത അമാനുഷികവും അന്യുനവുമായ ശക്തി നിനക്കു ബോദ്ധ്യപ്പെട്ടിട്ടുള്ളതല്ലേ?എന്നിട്ടും ഞാനും നിസ്സംഗനായി എന്റെ വിഹിത കര്‍മ്മങ്ങള്‍ ‍ചെയ്യുന്നുണ്ട്.