ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 25
സക്താഃ കര്‍മ്മണിവിദ്വാംസോ
യഥാ കുര്‍വ്വന്തി ഭാരത
കുര്യാദ്വിദ്വാംസ്തഥാ സക്തഃ
ചികീര്‍ഷുര്‍ ലോക സംഗ്രഹം
അര്‍ഥം :
അല്ലയോ ഭരതവംശജ! ആത്മജ്ഞാനമില്ലാത്തവര്‍ ഈ കര്‍മ്മത്തിന്റെ ഫലം എനിക്കു സിദ്ധിക്കും എന്ന വിചാരത്തോടുകൂടി എങ്ങിനെ കര്‍മ്മം ചെയ്യുന്നുവോ, അപ്രകാരം തന്നെ ജ്ഞാനിയായവന്‍ സക്തി കൂടാതെ ലോകത്തിന് നന്മ ചെയ്യുവാന്‍ ഇച്ഛയുള്ളവനായി കര്‍മ്മം ചെയ്യണം.
ഭാഷ്യം :
താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം ആഗ്രഹിക്കുന്ന ഒരുവന്‍ ഫലസിദ്ധിക്കുവേണ്ടി എപ്രകാരമാണോ കര്‍മ്മങ്ങള്‍ ചെയ്യുന്നത് , അതുപോലെയുള്ള രീതിയില്‍ തന്നെയാണ് ഫലം ഇച്ഛിക്കാതെ ഒരു നിസ്വാര്‍ത്ഥനും കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. ഒരു ജനതതിയുടെ ധാര്‍മ്മികമായ സംരക്ഷണത്തിനും സംവര്‍ദ്ധനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ധര്‍മ്മ സംഹിതകളില്‍ ഉള്‍കൊള്ളുന്ന ആദര്‍ശങ്ങള്‍ക്ക് അനുസൃതമായി ജ്ഞാനികള്‍ പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അവര്‍ അസാധാരണനായ ഒരുവനില്‍ നിന്ന് വ്യത്യസ്തനല്ലെന്നുളള തോന്നല്‍ അവരില്‍ ഉളവാക്കുകയും ചെയ്യണം.