നിസ്വാര്‍ത്ഥമായ കര്‍മ്മങ്ങളുടെ മാതൃക സ്വന്തം പ്രവര്‍ത്തികളില്‍ കൂടി കാണിക്കുക (ജ്ഞാ. 3.26)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 26

നബുദ്ധിഭേദം ജനയേത്
അജ്ഞാനാം കര്‍മ്മ സംഗിനാം
ജോഷയേത് സര്‍വ്വ കര്‍മ്മാണി
വിദ്വാന്‍ യുക്തഃ സമാചരന്‍.

അര്‍ഥം :
ഒരു ജ്ഞാനി, ഫലേച്ഛയോടെ കര്‍മ്മം ചെയ്യുന്ന അവിവേകികള്‍ക്ക്, സംശയവും തെറ്റിദ്ധാരണയും ഉളവാക്കരുത്. ആത്മാനുഭവമുള്ള ജ്ഞാനി യോഗയുക്തനായി താന്‍ ‍തന്നെ
കര്‍മ്മത്തെ യഥാവിധി ചെയ്ത്‌ അവരെ കൊണ്ട് സര്‍വ്വ കര്‍മ്മങ്ങളും ചെയ്യുകയാണ് വേണ്ടത്.

ഭാഷ്യം :
അര്‍ജ്ജുന, അമ്മയുടെ മുലപ്പാല്‍ മാത്രം കുടിക്കാന്‍ പ്രായമുളള ഒരു ശിശു ദഹിക്കാന്‍ പ്രയാസമുള്ള ആഹാരം എങ്ങിനെയാണ് കഴിക്കുക? അതുകൊണ്ട് അങ്ങിനെയുള്ള ആഹാരം അതിനു കൊടുക്കാന്‍ പാടില്ല. അതു പോലെ കര്‍മ്മംചെയ്യാനുള്ള ശക്തി കഷ്ടിച്ചു മാത്രം ലഭ്യമയിട്ടുള്ളവരോട് ആത്മജ്ഞാനി നേരമ്പോക്കിനായിപ്പോലും കര്‍മ്മരഹിതനാകണമെന്ന് പറയാന്‍ പാടില്ല. ആത്മജ്ഞാനിയായവന്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി നേതൃത്വം അവര്‍ക്ക് കൊടുക്കുകയും, മഹത്തായ കര്‍മ്മങ്ങളുടെ മാഹാത്മ്യത്തെപ്പറ്റി പ്രകീര്‍ത്തിച്ച് അവരെ കേള്‍പ്പിക്കുകയും, നിസ്വാര്‍ത്ഥമായ കര്‍മ്മങ്ങളുടെ മാതൃക സ്വന്തം പ്രവര്‍ത്തികളില്‍ കൂടി അവര്‍ക്ക് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. രാജാവിന്റെയും രാജ്ഞിയുടെയും വേഷഭൂഷാദികള്‍ അണിഞ്ഞു പ്രത്യക്ഷപ്പെടുന്ന ഒരു നടന്‍ പുരുഷനായും സ്ത്രീയായും കാണികളെ രസിപ്പിക്കുന്നതല്ലാതെ, തന്റെ മനസ്സില്‍ പുരുഷനെന്നും സ്ത്രീയെന്നും ഉള്ള ഭേദ ചിന്ത ഇല്ലാത്തവനായി ഇരിക്കുന്നത് പോലെ, ലോക സംഗ്രഹത്തിനു വേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു സത്യദര്‍ശി ഒരിക്കലും കര്‍മ്മ ബന്ധത്തില്‍പ്പെട്ട് ഉഴലുകയില്ല.