ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം30

മയി സര്‍വ്വാണി കര്‍മ്മാണി
സംന്യസ്യാദ്ധ്യാത്മ ചേതസാ
നിരാശീര്‍നിര്‍മ്മാമോ ഭൂത്വ
യുദ്ധ്യസ്വ വിഗതജ്വരഃ

അര്‍ഥം :
അല്ലയോ അര്‍ജ്ജുന, സകലകര്‍മ്മങ്ങളേയും എന്നിലര്‍പ്പിച്ചിട്ട്, മനസ്സിനെ പരമാത്മാവിലര്‍പ്പിച്ച് നിഷ്കാമനും മമതയില്ലാത്തവനും വ്യസനത്തെ ത്യജിച്ചവനുമായി യുദ്ധം ചെയ്താലും.

ഭാഷ്യം :
ആകയാല്‍ വിഹിതമായ എല്ലാ കര്‍മ്മങ്ങളും സമ്പ‌ൂര്‍ണ്ണമായി എന്നില്‍ സമര്‍പ്പിച്ചുകൊണ്ട് ചെയ്യുക. അപ്പോഴോക്കെയും നിന്റെ മനസ്സ് എന്നില്‍ തന്നെ ഏകാഗ്രമായി ഉറപ്പിച്ചിരിക്കണം. “ഇതാണ് കര്‍മ്മം, ഞാനാണ് ഇത് ചെയ്യുന്നത്, ഞാന്‍ ഇത് ചെയ്യും. ” എന്ന വിധത്തിലുള്ള അഹന്ത ഒരിക്കലും മനസ്സില്‍ തോന്നരുത്. ശരീരത്തോട് ഉള്ള താല്‍പര്യം അവസാനിപ്പിക്കണം. ആഗ്രഹങ്ങളെല്ലാം കൈവെടിയണം. അതിനുശേഷം വന്നു ചേരുന്ന എല്ലാ ഇന്ദ്രിയ വിഷയങ്ങളും അനുഭവിച്ചു കൊള്ളുക. ഇനി വില്ല്‍കൈയ്യിലെടുക്കുക. തേരില്‍ കയറി ശാന്തവും ദൃഢവും ആയ മനസ്സോടുകൂ‌ടി ക്ഷാത്രധര്‍മ്മം പാലിക്കുക. അപ്രകാരം നിന്റെ കീര്‍ത്തി ലോകത്തെങ്ങും പരക്കട്ടെ. തിന്മയുടെ നിരന്തരമായ പീഡനത്തില്‍നിന്ന് ലോകത്തെ രക്ഷിക്കുക. അല്ലയോ പാര്‍ത്ഥ, സംശയങ്ങളെല്ലാം ദൂരെ അകറ്റുക. യുദ്ധത്തെപ്പറ്റി മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക.