ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 31, 32
യേ മേ മതമിദം നിത്യം
അനുതിഷ്ഠന്തി മാനവഃ
ശ്രദ്ധാവന്തോ അനസൂയന്തോ
മുച്ച്യന്തേ തേ പി കര്‍മ്മഭിഃ
യേ ത്വേതദഭ്യസൂയന്തോ
നാനുതിഷ്ഠന്തി മേ മതം
സര്‍വ്വജ്ഞാനവിമൂഢാംസ്താന്‍
വിദ്ധി നഷ്ടാനചേതസഃ
അര്‍ഥം :
ആരൊക്കെയാണോ എന്റെ വാക്കുകള്‍ വിശ്വസിച്ച് എന്നില്‍ ദോഷത്തെ ആരോപിക്കാതെ എന്റെ ഈ ഉപദേശത്തെ അനുസരിച്ചു നടക്കുന്നത്, അവര്‍ ധര്‍മ്മാധര്‍മ്മങ്ങളായ സകല കര്‍മ്മങ്ങളില്‍ നിന്നും മോചിതരാകുന്നു.
എന്നാല്‍ ആരൊക്കെയാണോ എന്റെ ഈ നിര്‍ദ്ദേശം ദോഷ ദൃഷ്ടിയോട് കൂടി വീക്ഷിച്ച് അനുസരിക്കാതിരിക്കുന്നത്, അവര്‍ വിവേകശൂന്യരും ബ്രഹ്മവിഷയമായും, കര്‍മ്മവിഷയമായുമുള്ള ജ്ഞാനത്തില്‍ മൂഢന്‍മാരുമാണ്. അവരെ നശിച്ചു പോയവരായി ധരിച്ചു കൊള്ളൂക.
ഭാഷ്യം :
വ്യക്തമായ എന്റെ ഈ അനുശാസനങ്ങള്‍ ബഹുമാനത്തോടെ അംഗീകരിക്കുകയും വിശ്വാസ്യതയോടെ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ എല്ലാ കര്‍മ്മങ്ങളുടെയും ബന്ധനത്തില്‍ നിന്ന് മോചിതരായിത്തീരും. അതുകൊണ്ട് നിശ്ചിത ജോലികള്‍ ശങ്കാവിഹീനം ചെയ്യേണ്ടത് നിന്റെ കര്‍ത്തവ്യമാണ്.
നേരെ മറിച്ചു മായാ മോഹത്തിന്റെ പിടിയില്‍പ്പെട്ടു ഇന്ദ്രിയങ്ങളുടെ അതിലാളനകള്‍ക്കു വിധേയരായി, എന്റെ ഉപദേശങ്ങളെ നിരാകരിക്കുകയോ അത് വെറും വീണ്‍വാക്കാണെന്നു പറഞ്ഞ് നിന്ദാപൂര്‍വ്വം പരിഹസിക്കുകയോ ചെയ്യുന്ന ഒരുവന്‍, കാമോന്മാദമാകുന്ന വീഞ്ഞിന്റെ ലഹരിയല്‍ ഇന്ദ്രിയ വിഷയങ്ങളാകുന്ന വിഷം കൊണ്ട് അഭിഷിക്തനായി, അജ്ഞതയാകുന്ന ചെളിക്കുണ്ടില്‍ പുതഞ്ഞുപോയിരിക്കുന്ന പാപാത്മാവാണ്. ഒരു പിണത്തിന്റെ കൈയ്യില്‍വെയ്ക്കുന്ന രത്നം ഉപയോഗശൂന്യമാകുന്നത് പോലെ, ഒരന്ധന് പ്രഭാതകിരണങ്ങള്‍ ആസ്വദിക്കാന്‍ കഴിയാത്തത് പോലെ, ചന്ദ്രോദയം കൊണ്ട് കാക്കയ്ക്ക് ഒരു പ്രയോജനവും ഇല്ലാത്തത് പോലെ, മൂഢന്‍മാര്‍ക്ക് വിജ്ഞാനം വിവേചിച്ചറിയാന്‍ പറ്റുകയില്ല. എന്റെ ഉപദേശങ്ങള്‍ക്ക് ഈ വിഡ്ഢികള്‍ ചെവി കൊടുക്കുകയില്ല. പ്രത്യുത അതിനെ അപഹസിക്കുകയും ചെയ്യും. ഈയ്യാംപാറ്റയ്ക്ക് വിളക്കിന്റെ പ്രകാശം നേരിടാന്‍ കഴിയുമോ?അതുപോലെ ഇതു സ്വാഭാവികം മാത്രമാണ്. ദീപത്തെ ആശ്ലേഷിക്കാന്‍ ഒരുമ്പെടുന്ന ഈയ്യാംപാറ്റയേ ദീപം തന്നെ നശിപ്പിക്കുന്നത് പോലെ ഇന്ദ്രിയവിഷയങ്ങളുടെ സുഖാനുഭൂതിയില്‍പ്പെട്ടു ഈ വിഡ്ഢികള്‍ സ്വയം നശിക്കുന്നു.