ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 33

സദൃശംചേഷ്ടതേ സ്വസ്യാഃ
പ്രകൃതേര്‍ജ്ഞാനവാനപി
പ്രകൃതിം യാന്തി ഭൂതാനി
നിഗ്രഹഃ കിം കരിഷ്യതി.

അര്‍ഥം :
ആത്മജ്ഞാനി പോലും സ്വന്തം സ്വഭാവത്തിനനുരൂപമായിത്തന്നെ പ്രവര്‍ത്തിക്കുന്നു. എന്തെന്നാല്‍ സകലപ്രാണികളും പ്രകൃതിയെ (പൂര്‍വ്വകര്‍മ്മ സംസ്കാരത്തിന്നധീനമായിരിക്കുന്ന സ്വഭാവത്തെ)അനുസരിക്കുന്നു. ഇന്ദ്രിയങ്ങളെയോ മനസ്സിനേയോ ബലാല്‍ പിടിച്ചടക്കിയത് കൊണ്ട് എന്തു പ്രയോജനമാണ്?

ഭാഷ്യം :
ആകയാല്‍ അങ്ങിനെയുള്ളവരോട് സംസാരിക്കുന്നതിനുകൂടി ഇടയാകരുത്. ജ്ഞാനികള്‍ നേരമ്പോക്കിനായിട്ടു പോലും ഇന്ദ്രിയ വിഷയങ്ങളെ താലോലിക്കരുത്. ഒരുവന് സര്‍പ്പത്തിനോടൊപ്പം സുരക്ഷിതമായി വിഹരിക്കുവാന്‍ കഴിയുമോ? ഒരു വ്യാഘൃത്തിനോടൊപ്പം സുരക്ഷിതമായി വിഹരിക്കാന്‍ കഴിയുമോ? ഒരു വ്യാഘ്രത്തിനോട് മമത കാണിച്ചുവിജയിക്കുവാന്‍ പറ്റുമോ? മാരകമായ വിഷംകഴിച്ചു ദഹിപ്പിക്കാമോ? തമാശക്കുവേണ്ടി കത്തിച്ച തീയാണെങ്കിലും അതു പടര്‍ന്നുപിടിക്കാന്‍ ഇടയായാല്‍ അനിയന്ത്രിതമായിത്തീരും. അത്പോലെ ഇന്ദ്രിയങ്ങളെ അതിന്റെ ഇഷ്ടത്തിനു വിട്ടാല്‍ അത് ദുരന്തം വരുത്തിവയ്ക്കും. പ്രകൃതിയുടെ കാരുണ്യത്തിലാണ് ശരീരത്തിന്റെ നിലനില്‍പ്പ്. പിന്നെ എന്തിനാണ് ശരീരത്തിനു വിവിധതരത്തിലുള്ള ആനന്ദാനുഭൂതി നല്‍കാന്‍ നാം കിണഞ്ഞു പരിശ്രമിക്കുന്നത്. ? സ്വതന്ത്രമല്ലാത്ത ശരീരത്തിനു വേണ്ടി രാവും പകലും ഉഴലുന്നതെന്തിനാണ്‌? ആവശ്യത്തിലും കവിഞ്ഞ സാധനാസാമഗ്രികള്‍ സംഭരിച്ചുവെച്ചു ജനനം മുതല്‍ മരണം വരെ ഈ ശരീരത്തെ പരിപാലിക്കുന്നത് എന്തിനാണ് ? സ്വധര്‍മ്മത്തിനു വിലോപം വരുത്തിയിട്ട്, ക്ഷീണിതരാകുന്നതു വരെ പണി എടുത്ത് പണം സമ്പാദിച്ചു ദേഹത്തെ പരിപോഷിപ്പിക്കുന്നത് എന്തിനാണ്? പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ ഈ ശരീരം പഞ്ചഭൂതങ്ങളിലേക്ക് അലിഞ്ഞു ചേരുമ്പോള്‍ നമ്മുടെ അദ്വാനത്തിന്റെ പ്രതിഫലമായി നമുക്ക് എന്താണ് ലഭിക്കുന്നത്? അതുകൊണ്ട് ശരീര പോഷണത്തിനു വേണ്ടി അനര്‍ഹമായ ശ്രദ്ധ ചെലുത്തുന്നത് സ്വയം നാശകരമാണെന്നറിഞ്ഞാലും.