ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 34

ഇന്ദ്രിയസ്യേന്ദ്രിയസ്യാര്‍ത്ഥേ
രാഗദ്വേഷൌ വ്യവസ്ഥിതൌ
തയോര്‍ന്ന വശമാഗച്ഛേത്
തൌ ഹൃസ്യ പരിപന്ഥിനൌ

അര്‍ഥം :
ഓരോ ഇന്ദ്രിയത്തിനും അതിന്റേതായ വിഷയത്തില്‍ ഇഷ്ടമുള്ളതിനോട് രാഗവും ഇഷ്ടമില്ലാത്തതിനോടും ദ്വേഷവും നിയമേന കാണപ്പെടുന്നു. അവയ്ക്ക് അടിമപ്പെട്ടു പോകരുത്. എന്തെന്നാല്‍ അവ ഇവന്റെ ശത്രുക്കളാകുന്നു.

ഭാഷ്യം :
ഇന്ദ്രിയങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ നല്‍കിയാല്‍ മനസ്സ് സന്തുഷ്ടമാകുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് കേവലം വ്യാമോഹമാണ്. നിര്‍ദ്ദോഷികളെപ്പോലെ കാണപ്പെടുന്ന കൊള്ളക്കാരുടെ കൂട്ടുകെട്ടു പട്ടണാതിര്‍ത്തിവരെ മാത്രം മനസ്സമാധാനം നല്‍കുന്നത് പോലെയാണിത്. ആളൊഴിഞ്ഞ സ്ഥലത്ത് ചെല്ലുമ്പോള്‍ കൂട്ടുകാര്‍ കൊള്ളക്കാരായി പ്രത്യക്ഷപ്പെടും. ഒരുവന്‍ ഇന്ദ്രിയ വിഷയങ്ങളില്‍ ആനന്ദം കണ്ടെത്തുമ്പോള്‍ അവന് അതിനോട് കാമം ജനിക്കുകയും
അത് അവസാനം മാരകമായി ഭവിക്കുകയും ചെയ്യുന്നു. ചൂണ്ടയില്‍ കോര്‍ത്തിട്ടിരിക്കുന്ന ഇര ഒരു മത്സ്യത്തെ മോഹിപ്പിക്കുന്നത്പോലെ, ഇന്ദ്രിയങ്ങളില്‍ നൈസര്‍ഗികമായി അടങ്ങിയിട്ടുള്ള ആഗ്രഹം ആയ യഥാര്‍ത്ഥമായ ഒരു സുഖ ഭോഗത്തിന്റെ പ്രത്യാശ ഉണര്‍ത്തുന്നു. തീറ്റി സാധനം കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്ന ഒരു ചൂണ്ട തന്റെ ജീവനെ ഹനിക്കുന്നതാണെന്നു മത്സ്യം അറിയാത്തത് പോലെ, ഇന്ദ്രിയ വിഷയങ്ങളോടുള്ള ആഭിമുഖ്യവും അഭിനിവേശവും ഒരുവന് നാശകരമാണെന്ന് അവന്‍ മനസ്സിലാക്കുന്നില്ല. ഇന്ദ്രിയവിഷയങ്ങളോടുള്ള അവന്റെ ആസക്തി അവനെ ജ്വലിക്കുന്ന കോപാഗ്നിയില്‍ കൊണ്ടുചെന്നു ചാടിക്കും. ഒരു വേട്ടക്കാരന്‍ എല്ലാ ഭാഗത്തു നിന്നും മാനിനെ തുരത്തി കൊല്ലുന്നതിനു സൗകര്യമുള്ള ഭാഗത്തേക്ക് ഓടിക്കുന്നത് പോലെയാണ്, ഇന്ദ്രിയവിഷയങ്ങള്‍ അനുഭവിച്ച് ആനന്ദിക്കണമെന്നുളള ഒരുവന്റെ ആഗ്രഹം, അവന്റെ വിവേചനശക്തിയേ ഓടിച്ചിട്ടു പിടിച്ച് നശിപ്പിക്കുന്നത്. അത്കൊണ്ട് അല്ലയോ പാര്‍ത്ഥ, നീ ഒഴിവാക്കേണ്ട അപകടകാരികളും വഞ്ചകന്‍മാരുമായ രണ്ടു ശത്രുക്കളാണ് രാഗവും ദ്വേഷവും. അതുമായിട്ടു കൂട്ടുപിടിക്കരുതെന്നു മാത്രമല്ല, അവയെപ്പറ്റി ചിന്തിപ്പാന്‍പോലും പാടില്ല. സഹജമായിട്ടുള്ള നിന്റെ ആനന്ദാവസ്ഥയെ നീ നശിപ്പിക്കരുത്.