ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 35

ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണഃ
പരധര്‍മ്മാത് സ്വനുഷ്ഠിതാത്
സ്വധര്‍മ്മേ നിധനം ശ്രേയഃ
പരധര്‍മ്മോ ഭയാവഹഃ

അര്‍ഥം :
നല്ലവണ്ണം അനുഷ്ഠിക്കപ്പെടുന്ന അന്യധര്‍മ്മത്തെക്കാളും ശ്രേയസ്കരമാണ്, നിന്ദ്യമായിരുന്നാലും സ്വധര്‍മ്മം. എന്തെന്നാല്‍ സ്വധര്‍മ്മം അനുഷ്ഠിക്കുന്നവനു മരണം പോലും ശ്രേഷ്ഠമാകുന്നു. അന്യധര്‍മ്മാനുഷ്ഠാനം, ഭയത്തെ ഉണ്ടാക്കുന്നു.

ഭാഷ്യം :
എത്രത്തോളം പ്രമാദങ്ങളോ പ്രയാസങ്ങളോ ഉള്ളതായിരുന്നാലും സ്വധര്‍മ്മാനുസൃതമായ കര്‍മ്മങ്ങള്‍ക്കു വേണ്ടി അനവരതം യത്നിക്കുന്നത്, ശ്രമരഹിതമായ പരധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്. പരധര്‍മ്മം മേന്മയുള്ളതാണെന്നു തോന്നിയാല്‍ പോലും ഒരുവന്‍ അവന്റെ ധര്‍മ്മം മാത്രമാണ് അനുഷ്ഠിക്കേണ്ടത്. എന്തിനാണ് ഒരുവന്‍ അന്യായമായ ആഗ്രഹങ്ങള്‍വെച്ചു പുലര്‍ത്തുന്നതും അവ സാദ്ധ്യമാകുമ്പോള്‍ അവയെ സ്വീകരിക്കുന്നതും? മറ്റുള്ളവരുടെ രമ്യഹര്‍മ്യങ്ങള്‍ കണ്ടിട്ട് ഏന്തിനാണ് ഒരുവന്‍ പുല്ലുമേഞ തന്റെ കുടില്‍ പൊളിച്ചു കളയുന്നത്? അഗ്നിസാക്ഷിയായി വിവാഹം കഴിച്ച സ്ത്രീ വിരൂപയാണെങ്കിലും അവളുമൊത്ത് ദാമ്പത്യജീവിതം കഴിക്കുകയാണ് ശരിയായ ധര്‍മ്മം. അതുകൊണ്ട് ഏറ്റവും അശക്യവും ആയാസകരമാണെങ്കിലും ഒരുവന്‍ അവന്റെ ധര്‍മ്മം പാലിച്ചെങ്കില്‍ മാത്രമേ പരലോകത്ത് രക്ഷയുള്ളൂ. പഞ്ചസാര ചേര്‍ത്ത പാല്‍ മാധുര്യം ഏറിയ ഒരു പാനീയമാണ്. പക്ഷേ അത് വിരയുടെ ശല്യമുള്ള ഒരു രോഗിയുടെ ആരോഗ്യത്തിനു ഹാനീകരമാണ്. എന്നിട്ടും അത് കുടിക്കണമെന്നു അപ്രകാരമുള്ള ഒരുരോഗി നിര്‍ബന്ധം പിടിക്കുന്നത്‌ അവന്റെ അറിവില്ലായ്മ കൊണ്ട് മാത്രമാണ്. അതിന്റെ ദുഷഫലങ്ങള്‍ അവന്‍ അനുഭവിക്കേണ്ടി വരും. അത് കൊണ്ട് ഒരുവന് ശ്രേയസ്കരമായിട്ടുള്ളത് എന്താണെന്ന് അവന്‍ ശ്രദ്ധാപൂര്‍വ്വം ആലോചിക്കണം. മറ്റുള്ളവര്‍ക്ക് നല്ലതായി കാണപ്പെടുന്ന കാര്യങ്ങള്‍ തനിക്ക് അനുയോജ്യമല്ലെന്ന് തോന്നിയാല്‍ അത് ഉപേക്ഷിക്കണം. സ്വകര്‍മ്മാനുഷ്ഠാനത്തില്‍ ഒരുവന്‍ മരിക്കുന്നതായാല്‍ പോലും അത് ഇഹത്തിലും പരത്തിലും അവന് ശ്രേയസ്കരമായിരിക്കും.
ദേവാധിദേവനായ ശ്രീകൃഷ്ണന്റെ ഈദൃശവാക്കുകള്‍ കേട്ടപ്പോള്‍ അര്‍ജുനന്‍ പറഞ്ഞു ;
ഭഗവാനേ, അങ്ങു പറഞ്ഞതെല്ലാം ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. എങ്കിലും എന്റെ മനസ്സിലെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുവേണ്ടി ഞാന്‍ ചില കാര്യങ്ങള്‍ ചോദിക്കുകയാണ്,