ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 38, 39
ധുമേനാവ്രിയതേ വഹ്നിഃ
യഥാ ദര്‍ശോ മലേന ച
യഥോല്ബേനാവൃതോ ഗര്‍ഭഃ
തഥാ തേനേദമാവൃതം
ആവൃതം ജ്ഞാനമേതേന
ജ്ഞാനിനോ നിത്യവൈരിണാ
കാമരൂപേണ കൗന്തേയ
ദുഷപുരേണാനലേന ച
അര്‍ഥം :
അഗ്നിപുകയാലും കണ്ണാടി അഴുക്കിനാലും ഗര്‍ഭത്തിലുള്ള ശിശു ജരായുവാലും എപ്രകാരം മൂടപ്പെട്ടിരിക്കുന്നുവോ അപ്രകാരം ഇത്(ജ്ഞാനം) അതിനാല്‍ (കാമത്താല്‍)മൂടപ്പെട്ടിരിക്കുന്നു.
അല്ലയോ കൗന്തേയ , എത്രയൊക്കെ അനുഭവിച്ചാലും തൃപ്തിവരാത്തതും , വിറകിടുന്തോറും കൂടുതല്‍ കൂടുതല്‍ കത്തിജ്വലിക്കുന്ന അഗ്നിയെ പോലെ അനുഭവിക്കുന്തോറും കൂടികൊണ്ടിരിക്കുന്നതും ജ്ഞാനിയുടെ നിത്യ ശത്രുവുമായ ഈ കാമത്താല്‍ , ജ്ഞാനം (ആത്മാനുഭവം) മറയ്ക്കപ്പെട്ടിരിക്കുന്നു.
ഭാഷ്യം :
ഒരു സര്‍പ്പംചന്ദനമരത്തിന്റെ വേരില്‍ ചുറ്റിയിരിക്കുന്നത് പോലെ , ഗര്‍ഭസ്ഥശിശുവിനെ പൊതിഞ്ഞിരിക്കുന്ന പിണ്ഡചര്‍മ്മം പോലെ , സുര്യന് കിരണങ്ങളില്ലാതെ നിലനില്പില്ലാത്തതു പോലെ , പുകയില്ലാതെ തീയില്ലാത്തത് പോലെ , പൊടിപിടിക്കാത്ത കണ്ണാടിയില്ലാത്തത് പോലെ ജ്ഞാനത്തെ കാമമില്ലാതെ ഒറ്റയ്ക്ക് നാം ഒരിക്കലും കാണുന്നില്ല. നല്ല വിത്താണെങ്കില്‍ പോലും അത് ഉമികൊണ്ട് മൂടപ്പെട്ടിരിക്കുന്നു.
ജ്ഞാനം സഹജമായ രാഗദ്വേഷങ്ങളില്ലാത്തതാണെങ്കിലും കാമത്താലും ക്രോധത്താലും ആവരണം ചെയ്തിരിക്കുന്നത് കൊണ്ട് അതിന്റെ ഉള്ളറിയാന്‍ കഴിയുന്നില്ല. കാമത്തെ കീഴടക്കിയെങ്കില്‍ മാത്രമേ ഒരുവന് ജ്ഞാനം ലഭിക്കുകയുള്ളൂ. എന്നാല്‍ രാഗദ്വേഷത്തെ അടക്കുക അസാദ്ധ്യമാണ്. അതിനെ നശിപ്പിക്കുന്നതിനായി ശാരീരികശക്തി സംഭരിച്ചാല്‍ തന്നെയും ആ ശക്തി വിറകുഅഗ്നിയെ കൂടുതല്‍ ജ്വലിപ്പിക്കുന്നത്പോലെ കാമക്രോധാദികളെ ഉദ്ദീപിപ്പിക്കുകയായിരിക്കും ചെയ്യുക.