ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 40,41,42, 43

ഇന്ദ്രിയാണി മനോബുദ്ധിഃ
അസ്യാധിഷ്ഠാനമുച്യതേ
ഏതൈര്‍വിമോഹയത്യേഷഃ
ജ്ഞാനമാവൃത്യ ദേഹിനം.

ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഈ കാമത്തിന്റെ ഇരിപ്പിടമെന്ന് പറയപ്പെടുന്നു. ഈകാമം ഇന്ദ്രിയങ്ങളെ ആശ്രയിച്ചു ആത്മാനുഭവത്തെ മറച്ചുകൊണ്ട് ജീവനെ പലവിധത്തില്‍ മോഹിപ്പിക്കുന്നു.

തസ്മാത് ത്വമിന്ദ്രിയാണ്യാദൗ
നിയമ്യ ഭരതര്‍ഷഭ
പാപ്മാനം പ്രജഹി ഹ്യേനം
ജ്ഞാനവിജ്ഞാനനാശനം

ഹേ ഭരതശ്രേഷ്ഠ, അതുകൊണ്ട്നീ ഇന്ദ്രിയങ്ങളെ ആദ്യംതന്നെ നിയന്ത്രിച്ചിട്ടു ആത്മജ്ഞാനത്തേയും ശാസ്ത്രവിജ്ഞാനത്തേയും നശിപ്പിക്കുന്നതും പാപ രൂപമായിരിക്കുന്നതുമായ ഈ കാമത്തെ നശിപ്പിക്കുക.

ഇന്ദ്രിയാണി പരാണ്യാഹുഃ
ഇന്ദ്രിയേഭ്യഃ പരം മനഃ
മനസസ്തു പരാബുദ്ധിഃ
യോ ബുദ്ധേഃ പരസ്തു സഃ

ദേഹാദികളേക്കാള്‍ ഇന്ദ്രിയങ്ങളും ഇന്ദ്രിയങ്ങളേക്കാള്‍ മനസ്സും മനസ്സിനേക്കാള്‍ ബുദ്ധിയും ശ്രേഷ്ഠമാകുന്നു എന്ന് വിദ്വാന്‍മാര്‍പറയുന്നു. എന്നാല്‍ ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമായത് ഏതോ , അത് അവന്‍ (ആത്മാവ്)ആകുന്നു.

ഏവം ബുദ്ധേ പരം ബുദ്ധ്വാ
സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ
കാമരൂപം ദുരാസദം

അല്ലയോ അര്‍ജ്ജുന, ഇപ്രകാരം ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമായി ആത്മാവിനെ അറിഞ്ഞിട്ട് നിശ്ചയാത്മകമായ ബുദ്ധികൊണ്ട് മനസ്സിനെ അടക്കി ജയിപ്പാന്‍ പ്രയാസമായ കാമരൂപമായ ശത്രുവിനെ ഹനിച്ചാലും.

ഭാഷ്യം :
അര്‍ജ്ജുന, കാമങ്ങളെ കീഴടക്കാന്‍ പ്രയോഗിക്കുന്ന ഉപായങ്ങളൊക്കെ അതിനെ ശക്തിപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്. ഹഠയോഗികള്‍പ്പോലും കാമം കീഴടക്കുന്നു. ഇതിന്റെ പങ്കപ്പാടില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴി മാത്രമേയുള്ളൂ. അതാനുഷ്ഠിക്കാനുള്ള ഉള്‍ക്കരുത്ത് നിനക്ക് ഉണ്ടെങ്കില്‍ ഞാന്‍ അത് വിശദീകരിച്ചു തരാം. കാമത്തിന്റെ ഇരിപ്പിടം എല്ലാ കര്‍മ്മങ്ങളുടേയും ഉത്ഭവസ്ഥാനമായ ഇന്ദ്രിയങ്ങളാണ്. അത് കൊണ്ട് നീ നിന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയാണ് വേണ്ടത്. അപ്പോള്‍ നിന്റെ മനസ്സ് അലഞ്ഞു തിരിയാതെ ഒരിടത്ത് ഉറച്ചു നില്‍ക്കും. ബുദ്ധി സ്വതന്ത്രമാകും. കാമത്തിനും ക്രോധത്തിനും ലഭിച്ചിരുന്ന എല്ലാ അവലംബവും പിന്തുണയും ഇല്ലാതാകും. കാമവും ക്രോധവും നാമാവിശേഷമാകുമ്പോള്‍ നിനക്ക് ആത്മജ്ഞാനം ഉണ്ടാവുകയും പരമാനന്ദം അനുഭവിക്കുകയും ചെയ്യും.
സഞ്ജയന്‍ ധൃതരഷ്ട്രനോടു പറഞ്ഞു; മഹാരാജാവേ, ശ്രീകാന്തനായ ശ്രീകൃഷ്ണന്‍, പരിപൂര്‍ണ്ണരില്‍ പരിപൂര്‍ണ്ണനായ ഭഗവാന്‍, ദേവാദിദേവനായ മഹാവിഷ്ണു അര്‍ജ്ജുനനോട് ഇപ്രകാരം പറഞ്ഞു.
ഇനിയും പുരാതനമായ ചില കഥകള്‍ ഭഗവാന്‍ അര്‍ജ്ജുനനോട് പറയും. അതു കേള്‍ക്കുമ്പോള്‍ പാണ്ഡുപുത്രന്‍ ചോദ്യങ്ങളും ചോദിക്കും. ഭഗവാന്റെ കാവ്യാത്മകമായ മറുപടി കേഴ്വിക്കാരെ ആനന്ദഭരിതരാക്കും.

നിവൃത്തിനാഥിന്റെ ശിഷ്യനായ ജ്ഞാനദേവന്‍ അതു നിങ്ങളോട് പറയുന്നതായിരിക്കും. നിങ്ങളുടെ ധിഷണാശക്തിയെ ഉദ്ദീപിപ്പിക്കുക. ഭഗവാനും അര്‍ജ്ജുനനും തമ്മിലുള്ള മധുരതരമായ സംഭാഷണം കേട്ട് ആസ്വദിക്കുക.

ജ്ഞാനേശ്വരന്‍ തന്റെ ശ്രോതാക്കളോട് പറഞ്ഞു.

ഓം തത് സത്

ഇതി ശ്രീമത് ഭഗവത്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുനസംവാദേ
കര്‍മ്മയോഗോ നാമ
തൃതീയോഽദ്ധ്യായഃ

കര്‍മ്മയോഗം എന്ന മൂന്നാം അദ്ധ്യായം കഴിഞ്ഞു.