ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ജ്ഞാനേശ്വരന്‍ പറഞ്ഞു:

ശ്രവണേന്ദ്രിയങ്ങള്‍ ഇന്ന് അനുഗ്രഹീതങ്ങളായിരിക്കുന്നു. ഗീതയുടെ ഭണ്ഡാരം അവയുടെ മുന്നില്‍ തുറന്നുവയ്ക്കപ്പെട്ടിരിക്കുന്നു. ഇതു വരെ സ്വപ്നമെന്നു കരുതിയിരുന്നത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി തീര്‍ന്നിരിക്കുന്നു. ഗീതയിലെ പ്രഥമവും പ്രധാനവുമായ പ്രതിപാദ്യവിഷയം ആത്മീയജ്ഞാനമാണ്. ഭഗവാന്‍ കൃഷ്ണനാണ് അതിന്റെ പ്രയോക്താവ്. അദ്ദേഹത്തിന്റെ ഭക്തന്മാരില്‍ അഗ്രേസരനായ അര്‍ജ്ജുനനാണ് ഇതു ശ്രവിക്കുന്നത്. പഞ്ചമരാഗത്തിന്റെ ശ്രവണസുഖത്തോടൊപ്പം പരിമളവും മാധുര്യവും ഒന്നു ചേര്‍ന്നു നിറഞ്ഞുനില്ക്കുന്ന ഈ അത്ഭുതകരമായ കഥ വിസ്തരിക്കുന്നത് അനന്തമായ ആനന്ദമാണ്. ശ്രോതാക്കള്‍ക്ക് മഹത്തായ ഭാഗ്യം കൈവന്നിരിക്കുന്നു. ആകയാല്‍ എല്ലാ ഇന്ദ്രിയങ്ങളേയും ശ്രവണേന്ദ്രിയത്തില്‍ കേന്ദ്രീകരിച്ച് വിഭവസമ്പൂര്‍ണ്ണമായ ഗീതാ സംവാദം കേട്ട് ആനന്ദമടയുന്നു.

ഇത്രയുമായപ്പോള്‍ ശ്രോതാക്കള്‍ മുറവിളികൂട്ടി. “ഈ ആലങ്കാരികഭാഷണങ്ങളൊക്കെ മതിയാക്കി ഗീതയിലെ സംവാദത്തെപറ്റി പറഞ്ഞുതുടങ്ങുക.

ഇതു കേട്ട് ജ്ഞാനേശ്വര്‍മഹാരാജ് പറഞ്ഞുതുടങ്ങി.

ശ്രീകൃഷ്ണനും അര്‍ജ്ജുനനും കൂടി സംഭാഷണം നടത്തുന്ന അവസരത്തില്‍ സഞ്ജയന്‍ ധൃതരാഷ്ട്ര മഹാരാജനോടു പറയുകയാണ്:

മഹാരാജാവേ, ഭഗവാന്‍ അത്യന്തം വാത്സല്യത്തോടെയാണ് അര്‍ജ്ജുനനോട് സംസാരിച്ചത്. തന്മൂലം അര്‍ജ്ജുനന്‍ ആത്മീയമായ ഉല്‍ക്കര്‍ഷത്താല്‍ അനുഗൃഹീതനായി. ഭഗവാന്‍ തന്റെ ഉത്തമരഹസ്യങ്ങള്‍ അര്‍ജ്ജുനന് പ്രകടമാക്കിക്കൊടുത്തു. അദ്ദേഹം ഇതു തന്റെ പിതാവായ വസുദേവനോ മാതാവായ ദേവകിക്കോ ഭ്രാതാവായ ബലരാമനോ വെളിപ്പെടുത്തിക്കൊടുത്തിരുന്നില്ല. ലക്ഷ്മീദേവിക്കുപോലും സിദ്ധിക്കാത്ത തരത്തിലുള്ള പ്രേമവായ്പ്പാണ് അര്‍ജ്ജുനന് ഭഗവാനില്‍ നിന്നു സര്‍വ്വാധീനമായി ലഭിച്ചത്. അദ്ദേഹം അതത്രയും അര്‍ജ്ജുനനുവേണ്ടി കരുതിവച്ചിരിക്കുകയായിരുന്നു. സനകാദിമുനികള്‍ ഇതിനുവേണ്ടി യുഗങ്ങളായി കാത്തിരുന്നുവെങ്കിലും അവരുടെ ആഗ്രഹം അര്‍ജ്ജുനന്റെ മാതിരി ഫലപ്രാപ്തിയിലെത്തിയില്ല. അംബുജാക്ഷന് അര്‍ജ്ജുനനോടുള്ള അന്‍പ് അതുല്യമാണ്. അതിനുള്ള അര്‍ജ്ജുനന്റെ അര്‍ഹത അത്രത്തോളം അനുപമമായിരുന്നു. അരൂപനായ ഈശ്വരന്‍ അര്‍ജ്ജുനനുവേണ്ടി സരൂപിയായി അവതരിച്ചു. തത്ത്വത്തില്‍ ഇരുവരും ഒന്നുതന്നേയാണെന്നാണ് എനിക്കു കാണാന്‍ കഴിയുന്നത്. സാധാരണയായി അദ്ദേഹം യോഗികള്‍ക്ക് അപ്രാപ്യനും വേദങ്ങള്‍ക്കു ദുര്‍ഗ്രാഹ്യനും ഏകാഗ്രമായ ധ്യാനത്തിനുപോലും എത്തിപ്പെടാതിരിക്കാന്‍ കഴിയാത്തവനുമാണ്. അപ്രകാരം അനാദിയും നിശ്ചലനും പരമാത്മാവുമായ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് അന്യൂനമായ വിധത്തില്‍ കാരുണ്യം കാണിച്ചിരിക്കുന്നു. സത്യത്തില്‍ വിശ്വത്തിന്റെ മുഴുവന്‍ ഘടനകൊണ്ട് ആച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്ന ഭഗവാന്‍‍ , അര്‍ജ്ജുനനോടുള്ള സ്നേഹാതിരേകംകൊണ്ട് അതിന്റെ പരിധിക്കു പുറത്തിറങ്ങി മാനുഷരൂപം കൈക്കൊണ്ടിരിക്കുന്നു. അഹോ അര്‍ജ്ജുനന്റെ ഭാഗ്യതിരേകം അന്യാദൃശ്യംതന്നെ.