ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 1

ശ്രീഭഗവാനുവാച:

ഇമം വിവസ്വതേ യോഗം
പ്രോക്തവാനഹമവ്യയം
വിവസ്വാന്‍ മനവേ പ്രാഹ
മനുരിക്ഷ്വാകവേഽബ്രവീത്

ഒരിക്കലും നാശമില്ലാത്ത, ഒരു തരത്തിലും തെറ്റിപ്പോകാത്ത ഈ യോഗനിയമത്തെ ഞാന്‍ വിവസ്വാന് (സൂര്യന്) ഉപദേശിച്ചു. സൂര്യന്‍ അതു മനുവിനും മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.

ഭഗവാന്‍ പാണ്ഡുപുത്രനോടു പറഞ്ഞു: ഞാന്‍ ഈ കര്‍മ്മയോഗത്തെ ഒരിക്കല്‍ ആദിത്യന് ഉപദേശിച്ചു. എന്നാല്‍ അത് അനവധിയുഗങ്ങള്‍ക്കു മുമ്പായിരുന്നു. പിന്നീട് സൂര്യന്‍ അതു വിശദമായി തന്റെ പുത്രനായ മനുവിനു വെളിപ്പെടുത്തിക്കൊടുത്തു. വൈവസ്വതമനു അത് അനുഷ്ഠിച്ചിട്ട് തന്റെ പുത്രനായ ഇക്ഷ്വാകുവിന് ഉപദേശിച്ചു. ഇപ്രകാരം പരമ്പരാഗതമായുള്ളതാണ് ഈ യോഗം.