ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 16

കിം കര്‍മ്മ കിമകര്‍മ്മേതി
കവയോ ഽപ്യത്ര മോഹിതാഃ
തത്‍തേ കര്‍മ്മ പ്രവക്ഷ്യാമി
യജ് ജ്ഞാത്വാ മോക്ഷ്യസേ ഽ ശുഭാത്.

കര്‍മ്മം എന്താകുന്നു, അകര്‍മ്മം എന്താകുന്നു എന്നീ വിഷയത്തില്‍ ബുദ്ധിമാന്മാര്‍ കൂടി മോഹിക്കുന്നു, കുഴങ്ങുന്നു. അതിനാല്‍ യാതൊന്നറിഞ്ഞാല്‍ (അനുഷ്ഠിച്ചാല്‍ ) നീ സംസാരബന്ധത്തില്‍ നിന്ന് മോചിക്കുമോ, ആ കര്‍മ്മത്തെ നിനക്ക് ഞാന്‍ ഉപദേശിച്ചു തരാം

എന്താണ് കര്‍മ്മം? എന്താണ് അകര്‍മ്മത്തിന്റെ സ്വഭാവവിശേഷങ്ങള്‍ ? വിവേകികള്‍ പോലും ഇതേപ്പറ്റി ചിന്തിച്ചു കുഴങ്ങുകയും ക്ലേശിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കള്ളനാണയം നല്ല നാണയമെന്ന നിലയില്‍ കണ്ണുകളെ വഞ്ചിക്കുന്നതുപോലെ കേവലം ഇച്ഛ കൊണ്ടുമാത്രം ഒരു നവലോകത്തിന് രൂപം കൊടുക്കുവാന്‍ കഴിവുള്ള ശക്തന്മാരായ യോഗികള്‍പോലും, അകര്‍മ്മത്തെക്കുറിച്ചുള്ള അസ്പഷ്ടമായ ധാരണകൊണ്ട് കര്‍മ്മബന്ധത്തിന്റെ കുരുക്കില്‍പ്പെട്ടുഴലാന്‍ ഇടയായിട്ടുണ്ട്. ദീര്‍ഘവീക്ഷണമുള്ളവര്‍ക്കുപോലും ഈ കാര്യത്തില്‍ അമളിപറ്റുമെങ്കില്‍ , വിഡ്ഢികളുടെ കാര്യം പിന്നെ പറയാനുണ്ടോ? അതുകൊണ്ട് ഇതെപ്പറ്റി ഞാന്‍ കൂടുതല്‍ വിശദമായി പറയാം.