ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 17
കര്‍മ്മണോ ഹ്യപി ബോദ്ധവ്യം
ബോദ്ധവ്യം ച വികര്‍മ്മണഃ
അകര്‍മ്മണശ്ച ബോദ്ധവ്യം
ഗഹനാ കര്‍മ്മണോ ഗതിഃ
എന്തെന്നാല്‍ ശാസ്ത്രവിഹിതമായ കര്‍മ്മങ്ങളെപ്പറ്റിയും നിഷിദ്ധങ്ങളായ കര്‍മ്മങ്ങളെ (വികര്‍മ്മങ്ങള്‍ ) പ്പറ്റിയും അറിയേണ്ടതായിട്ടുണ്ട്. അതുപോലെ തന്നെ കര്‍മ്മമൊന്നുമില്ലാത്ത സ്ഥിതി (അകര്‍മ്മം)യുടെയും തത്ത്വം ഗ്രഹിക്കണം. കര്‍മ്മവികര്‍മ്മങ്ങളുടെ യഥാര്‍ത്ഥമായ തത്ത്വത്തെ അറിവാന്‍ വളരെ പ്രയാസമാകുന്നു.
പ്രപഞ്ചം ഉടലെടുക്കുന്നതും നിലനില്‍ക്കുന്നതും കര്‍മ്മം കൊണ്ടാകുന്നു. ഒരുവന്‍ ആദ്യമായി കര്‍മ്മത്തിന്റെ സ്വരൂപം ഗ്രഹിച്ചിരിക്കണം. തദനന്തരം അവനവന്റെ വര്‍ണ്ണാശ്രമധര്‍മ്മത്തിന് അനുയോജ്യമായി വേദങ്ങളിലും മറ്റു ശാസ്ത്രങ്ങളിലും നിര്‍ണ്ണയിച്ചിട്ടുള്ള കര്‍മ്മങ്ങള്‍ , അതിന്റെ ഫലവിവരണം ഉള്‍പ്പെടെ, എന്താണെന്നറിഞ്ഞിരിക്കണം. പിന്നീടു നിഷിദ്ധങ്ങളെന്ന നിലയില്‍ നിരാകരിക്കേണ്ട കര്‍മ്മങ്ങള്‍ (വികര്‍മ്മങ്ങള്‍ ) ഏതൊക്കെയാണെന്ന് മനസ്സിലാക്കണം. അപ്പോള്‍ വികര്‍മ്മങ്ങളുടെ വലയില്‍വീഴാതെ രക്ഷപ്പെടാന്‍ കഴിയും. സത്യത്തില്‍ ലോകം മുഴുവന്‍ കര്‍മ്മത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കര്‍മ്മം സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നു. അതിന്റെ പരപ്പും പ്രഭാവവും വിശാലമാണ്. അങ്ങനെയിരിക്കട്ടെ. ഈ സന്ദര്‍ഭത്തിനനുയോജ്യമായ വിധത്തിലുള്ള ഒരു ജ്ഞാനിയുടെ ലക്ഷണങ്ങള്‍ ഞാന്‍ പറയാം.