ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യം അദ്ധ്യായം ഒന്ന് അര്‍ജ്ജുനവിഷാദയോഗം ശ്ലോകം 11-19
ശ്ലോകം 11
അയനേഷു ച സര്‍വേഷു
യതാഭാഗമവസ്ഥിതാഃ
ഭീഷ്മമേവാഭിരക്ഷന്തു
ഭവന്ത: സര്‍വ ഏവ ഹി.
അര്‍ത്ഥം:
ആകയാല്‍ നിങ്ങളെല്ലാവരും തന്നെ സ്ഥാനം തെറ്റാതെ നിലയുറപ്പിച്ച് എല്ലാ സ്ഥാനങ്ങളിലും ഭീഷ്മരെത്തന്നെ രക്ഷിക്കണം.
ഭാഷ്യം:
തുടര്‍ന്ന് ദുര്യോധനന്‍ സേനാവിഭാഗങ്ങളിലെ നായകന്മാരോട് പറഞ്ഞു:
നിങ്ങളുടെ കീഴിലുള്ള സൈന്യവിഭാഗത്തെ എപ്പോഴും തയ്യാറാക്കി നിര്‍ത്തണം. നിങ്ങള്‍ സേനാമുഖത്തുനിന്നുകൊണ്ട് മറ്റുള്ളവര്‍ക്ക് അവരവരുടെ ജോലി നിശ്ചയിച്ചു കൊടുക്കുകയും, എല്ലാവരും ഭീഷ്മരുടെ ആജ്ഞ അനുസരിക്കുകയും വേണം.
പിന്നീട്, ദ്രോണരോടായി പറഞ്ഞു: അങ്ങയുടെ ശ്രദ്ധ എല്ലാറ്റിലും പതിയണം. എന്നെപ്പോലെ കരുതി, എപ്പോഴും അങ്ങ് ഭീഷ്മരുടെ തുണയ്ക്ക് ഉണ്ടായിരിക്കണം. എന്തുകൊണ്ടെന്നാല്‍ അദ്ദേഹമാണ് നമ്മുടെ സേനയുടെ ഏക അവലംബം.
ശ്ലോകം 12
തസ്യ സംജനയന്‍ ഹര്‍ഷം
കുരുവൃദ്ധ: പിതാമഹഃ
സിംഹനാദം വിനദ്യോച്ചൈഃ
ശംഖം ദധ്മൗ പ്രതാപവാന്‍
അര്‍ത്ഥം:
പ്രതാപശാലിയും കുരുവൃദ്ധനുമായ ഭീഷ്മന്‍ ദുര്യോധനനു സന്തോഷം ഉണ്ടാക്കാനായി ഉച്ചത്തില്‍ സിംഹനാദം പുറപ്പെടുവിച്ച് ശംഖുവിളിച്ചു.
ഭാഷ്യം:
ദുര്യോധനന്റെ സംബോധനം കേട്ട്, പ്രതാപശാലിയും കൗരവമുത്തച്ഛനുമായ ഭീഷ്മര്‍ അത്യാനന്ദംപൂണ്ടു. അവന് സന്തോഷം ഉളവാക്കാനായി അദ്ദേഹം സിംഹത്തെപ്പോലെ അലറി. ഈ പോര്‍വിളി ഇരുവിഭാഗം സൈന്യത്തിലും മുഴങ്ങിക്കേട്ടുവെന്നു മാത്രമല്ല, അതിന്റെ പ്രതിധ്വനി പുറത്തേക്കും വ്യാപിച്ചു. ഈ മാറ്റൊലിശബ്ദം ഭീഷ്മരുടെ ശൌര്യത്തെ തട്ടിയുണര്‍ത്തി. അതിന്റെ പ്രചോദനം കൊണ്ട് അദ്ദേഹം തന്റെ ദിവ്യമായ ശംഖ് ഉച്ചത്തില്‍ മുഴക്കി. ഈ രണ്ടു ശബ്ദങ്ങളുംകൂടി യോജിച്ചു ഒന്നുചേര്‍ന്നപ്പോള്‍ മൂന്നു ലോകങ്ങളുടെയും ചെവിടടഞ്ഞു. അംബരം അടര്‍ന്നുവീഴുന്നതുപോലെ തോന്നി. പാരാവാരം പതഞ്ഞു പൊങ്ങി. ആകാശത്ത് മേഘഗര്‍ജ്ജനം ഉണ്ടായി. വിശ്വമാകെ വേപഥുകൊണ്ടു. മലയും ഗുഹകളും ഈ ഗംഭീര ശബ്ദത്തിന്റെ മാറ്റൊലി പുറപ്പെടുവിച്ചു. അതേ സമയത്ത് സൈന്യങ്ങളൊട്ടാകെ വാദ്യസംഗീതം മുഴക്കി.
ശ്ലോകം 13
തത: ശംഖാശ്‍ച ഭേര്യശ്‍ച
പണവാനകഗോമുഖാഃ
സഹസൈവാഭ്യഹന്യന്ത
സ ശബ്ദസ്തുമുലോഭവത്
അര്‍ത്ഥം:
അനന്തരം ശംഖുകളും ഭേരികളും പനവം, ആനവം, ഗോമുഖം, തുടങ്ങിയ വാദ്യങ്ങളും ഉടന്‍തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദം ഒരു കോലാഹലമായിത്തീര്‍ന്നു.
ഭാഷ്യം:
തുടര്‍ന്ന് ശംഖുകളും പെരുമ്പറകളും മദ്ദളങ്ങളും തപ്പട്ടകളും ഗോമുഖങ്ങളും മുഴക്കപ്പെട്ടു. വിവിധ വാദ്ധ്യാഘോഷം എങ്ങും തിങ്ങിനിറഞ്ഞു. ലോകാവസാനം അടുത്തുവെന്നു തോന്നിപ്പിക്കുമാറ് ഭീകരമായി കേട്ട ഈ ശബ്ദം ധൈര്യശാലികളെപ്പോലും ഭയ വിഹ്വലരാക്കി. ഈ ശബ്ദത്തോടൊപ്പം യോദ്ധാക്കളും ആക്രന്ദനം നടത്തി. ചിലര്‍ ഉച്ചത്തില്‍ കൈകള്‍ കൊട്ടി. ഇതെല്ലം കേട്ട് ആനകള്‍ അനിയന്ത്രിതങ്ങളായി. ബ്രഹ്മദേവന്‍പോലും വ്യാകുല ചിന്തനായി. ലോകാവസാനം വരാന്‍പോകുന്നുവെന്ന് കരുതി മറ്റു ദേവന്മാരും സംഭീതരായി.
ശ്ലോകം 14
തതഃ ശ്വേതൈര്‍ഹയൈര്‍യുക്തേ
മഹതി സ്യന്ദനേ സ്ഥിതൗ
മാധവഃ പാണ്ഡവശ്‍ചൈവ
ദിവ്യൗ ശംഖൗ പ്രദധ്മതുഃ
ശ്ലോകം 15
പാഞ്ചജന്യം ഹൃഷീകേശ:
ദേവദത്തം ധനഞ്ജയഃ
പൗണ്ഡ്രം ദധ്മൗ മഹാശംഖം
ഭീമകര്‍മ്മാ വൃകോദരഃ
ശ്ലോകം 16
അനന്തവിജയം രാജാ
കുന്തീപുത്രോ യുധിഷ്ഠിരഃ
നകുലഃ സഹദേവശ്‍ച
സുഘോഷമണിപുഷ്പകൗ.
അര്‍ത്ഥം:
അനന്തരം വെള്ളക്കുതിരകളെ പൂട്ടിയ മഹത്തായ തേരില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണനും അര്‍ജ്ജുനനും ദിവ്യശംഖുകള്‍ മുഴക്കി.
ശ്രീകൃഷ്ണന്‍ പാഞ്ചജന്യമെന്ന ശംഖത്തെയും അര്‍ജ്ജുനന്‍ ദേവദത്തമെന്ന ശംഖത്തെയും ഭീമകര്‍മ്മാവായ ഭീമസേനന്‍ പൗണ്ഡ്രം എന്ന മഹാശംഖത്തെയും മുഴക്കി.
കുന്തീപുത്രനായ യുധിഷ്ഠിര രാജാവ് അനന്തവിജയം എന്ന ശംഖത്തെയും നകുലസഹദേവന്മാര്‍ സുഘോഷം, മണിപുഷ്പകം എന്നീ ശംഖത്തെയും മുഴക്കി.
ഭാഷ്യം:
സുരലോകംപോലും സംഭ്രമിച്ചപ്പോള്‍, പാണ്ഡവസൈന്യത്തിലുണ്ടായത് എന്താണെന്നു കേള്‍ക്കുക.
വിജയത്തിന്റെ അസ്തിവാരവും നിതാന്തമായ കാന്തി പ്രസരിക്കുന്നതുമായ ഒരു രഥത്തില്‍ അര്‍ജ്ജുനന്‍ അവിടെയെത്തി. ആ രഥത്തില്‍ വേഗം കൂടിയ ഗരുഡനെപ്പോലെയുള്ള നാലു വെളുത്ത കുതിരകളെ പൂട്ടിയിരിക്കുന്നു. ചിറകുവച്ച മഹാമേരുപോലെ കാണപ്പെട്ട ആ രഥം പത്തു ദിക്കുകളെയും ദീപ്തിമത്താക്കി. ഭഗവാന്‍ ശങ്കരന്റെ അവതാരമായ മാരുതി സംരക്ഷിച്ചിരുന്ന കൊടിമരമുള്ള ആ രഥം ഭഗവാന്‍ കൃഷ്ണനാണ് തെളിച്ചിരുന്നത്. ഈ രഥത്തിന്റെ വൈശിഷ്ട്യം എങ്ങനെയാണ് വര്‍ണ്ണിക്കുക. ഭഗവാന്റെ വഴികള്‍ വിസ്മയകരങ്ങളാണ്. തന്റെ ഭക്തനോടുള്ള സ്നേഹാതിരേകംകൊണ്ട് അദ്ദേഹം പാര്‍ഥന്റെ സാരഥിയായി.
പാര്‍ഥനെ പിന്നിലിരുത്തി തേര്‍ തെളിച്ച അദ്ദേഹം പാഞ്ചജന്യമെന്ന തന്റെ ശംഖെടുത്തു അനായാസേന ഊതി. അതിന്റെ മുഴക്കത്തില്‍, സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ നക്ഷത്രങ്ങള്‍ നിഷ്പ്രഭമാകുന്നതുപോലെ, കൌരവസേനയുടെ വാദ്യവൃന്ദങ്ങളുണ്ടാക്കിയ ശബ്ദ കോലാഹലം മുങ്ങിയൊലിച്ചുപോയി. അപ്പോള്‍ അര്‍ജ്ജുനന്‍ തന്റെ ദേവദത്തം എന്ന ശംഖ് വലിയ ശബ്ദത്തില്‍ ഊതി. അദ്ഭുതകരങ്ങളായ ഈ രണ്ടു ശംഖുകളുടെയും ശബ്ദം ഒന്നായി സമ്മേളിച്ചപ്പോള്‍ ഭൂഗോളം പല കഷണങ്ങളായി ഛിന്നഭിന്നമാകാന്‍ പോകുന്നതുപോലെ തോന്നി.
തത്സമയം സംഹാരരുദ്രനെപ്പോലെ കോപാക്രാന്തനായ ഭീമന്‍ പൗണ്ഡ്രം എന്ന മഹത്തായ അവന്റെ ശംഖം മുഴക്കി. ലോകാവസാനത്തില്‍ കാര്‍മേഘങ്ങള്‍ ഉണ്ടാക്കുന്ന ഇടിമുഴക്കംപോലെ ഭയങ്കരമായ ശബ്ദമായിരുന്നു അത്. അപ്പോള്‍ യുധിഷ്ടിരന്‍ തന്റെ അനന്തവിജയം എന്ന ശംഖും നകുലസഹദേവന്മാര്‍ സുഘോഷമെന്നും മണിപുഷ്പകമെന്നും പേരുകളുള്ള അവരുടെ ശംഖുകളും മുഴക്കി.
ശ്ലോകം 17
കാശ്യശ്‍ച പരമേഷ്വാസഃ
ശിഖണ്ഡീ ച മഹാരഥഃ
ധൃഷ്ടദ്യുമ്നോ വിരാടശ്‍ച
സാത്യകിശ്‍ചാ പരാജിതഃ
ശ്ലോകം 18
ദ്രുപദോ ദ്രൗപദേയാശ്‍ച
സര്‍വശഃ പൃഥിവീപതേ
സൗഭദ്രശ്‍ച മഹാബാഹുഃ
ശംഖാന്‍ ദധ്മുഃ പൃഥക് പൃഥക്
ശ്ലോകം 19
സ ഘോഷോ ധാര്‍ത്തരാഷ്ട്രാണാം
ഹൃദയാനി വ്യദാരയത്
നഭശ്‍ച പൃഥിവീം ചൈവ
തുമുലോ വ്യനുനാദയന്‍
അര്‍ത്ഥം:
മഹാവില്ലാളിയായ കാശിരാജാവും മഹാരഥനായ ശിഖണ്ഡിയും ദൃഷ്ടദ്യുമ്നനും വിരാടനും തോല്‍വിപറ്റാത്ത സാത്യകിയും ദ്രുപദനും ദ്രൗപദീപുത്രന്മാരും മഹാബാഹുവായ അഭിമന്യുവും, ഹേ ധൃതരാഷ്ട്ര മഹാരാജാവേ, എല്ലായിടത്തുനിന്നും വെവ്വേറെ ശംഖുകള്‍ മുഴക്കി. ആ ഭീഷണഘോഷം ആകാശത്തെയും ഭൂമിയെയും മാറ്റൊലികൊള്ളിച്ചുകൊണ്ട് ദുര്യോധനാദികളുടെ ഹൃദയങ്ങളെ പിളര്‍ന്നു.
ഭാഷ്യം:
അവിടെ കൂടിയിരുന്ന ധാരാളം രാജാക്കന്മാരും, ദ്രുപദന്‍, ദ്രൗപദീപുത്രന്മാര്‍, വലിയ വില്ലാളിയായ കാശിരാജാവ്, മഹാരഥനായ ശിഖണ്ഡി, പരാക്രമശാലിയായ അഭിമന്യു, തോല്‍വി അറിയാത്ത സാത്യകി, വിരാടരാജകുമാരന്‍, ധൃഷ്ടദ്യുമ്നന്‍, തുടങ്ങിയവരും മറ്റു സേനാനായകന്മാരും അവരവരുടെ ശംഖങ്ങള്‍ മുഴക്കി.
കര്‍ണ്ണകഠോരമായ ഈ ശബ്ദം കേട്ട്, തങ്ങള്‍ വഹിച്ചിരുന്ന ഭൂമിയുടെ ഭാരം വലിച്ചെറിയുന്നതിന് ആദിശേഷനും കൂര്‍മ്മവും ആലോചിച്ചു. മൂന്നു ലോകങ്ങളും ആന്തോളനം ചെയ്യാന്‍ തുടങ്ങി. മഹാമേരുവും മന്ദരപര്‍വ്വതവും ചാഞ്ചാടാന്‍ ആരംഭിച്ചു. സമുദ്രജലം കൈലാസത്തോളം ഉയര്‍ന്നു. ഭൂമി തകിടം മറിയുമെന്നും ദേവന്മാര്‍ക്ക് താങ്ങില്ലാതായിത്തീരുമെന്നുമുള്ള വൃത്താന്തം സത്യലോകത്തിലാകെ പരന്നു. സൂര്യന്‍ പകലില്‍ നിശ്ചലനായി നിന്നു. ഇതു ലോകാവസാനത്തിന്റെ സൂചനയാണെന്ന് കരുതി മൂന്നു ലോകത്തിലുമുള്ളവര്‍ വേവലാതിപ്പെട്ടു.
ഇതെല്ലാം കണ്ടു ആശ്ചര്യപ്പെട്ട ഭഗവാന്‍ കൃഷ്ണന്‍ ലോകാവസാനം ഉണ്ടാകുമോ എന്ന് ഭയപ്പെട്ട് എല്ലാ ആരവവും നിര്‍ത്തി വച്ചു. അങ്ങനെ ലോകം രക്ഷപ്പെട്ടു. ഒച്ചപ്പാട് ഒതുങ്ങിയെങ്കിലും തുടര്‍ന്നുനിന്ന അതിന്റെ മാറ്റൊലി കൗരവസേനയില്‍ പരാജയ ഭീതിയുണ്ടാക്കി. ഒരു സിംഹം ഒരു പറ്റം ആനകളെ ചീന്തിക്കീറുന്നതുപോലെ ശംഖങ്ങളുടെ ഘോരനാദം കൗരവഹൃദയങ്ങളെ പിളര്‍ന്നു. ഈ ഘോരമായ ശബ്ദം കേട്ട് അവരുടെ ധൈര്യം അസ്തമിച്ചു. വളരെ കരുതിയും സൂക്ഷിച്ചും ഇരിക്കണമെന്ന് അവര്‍ പരസ്പരം മുന്നറിയിപ്പ് നല്കി.