ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 26

ശ്രോത്രാദീനീന്ദ്രിയാണ്യന്യേ
സംയമാഗ്നിഷു ജൂഹ്വതി
ശബ്ദാദീന്‍ വിഷയാനന്യേ
ഇന്ദ്രിയാഗ്നിഷു ജൂഹ്വതി

ചില സാധകര്‍ ചെവി മുതലായ ജ്ഞാനേന്ദ്രിയങ്ങളേയും കൈ, കാല്‍ തുടങ്ങിയ കര്‍മ്മേന്ദ്രിയങ്ങളേയും സംയമമാകുന്ന അഗ്നികളില്‍ ഹോമിക്കുന്നു. വേറെ ചിലര്‍ ശബ്ദം, സ്പര്‍ശം തുടങ്ങിയ വിഷയങ്ങളെ ഇന്ദ്രിയങ്ങളാകുന്ന അഗ്നിയില്‍ ഹോമിക്കുന്നു.

ചിലര്‍ ആത്മനിയന്ത്രണം അഥവാ ചിത്തസംയമനം ആകുന്ന യാഗാഗ്നിയാണ് കൊളുത്തുന്നത്. അവര്‍ അതില്‍ ശരീരനിയന്ത്രണം, മനസ്സ്, വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളുടെ നിര്‍വ്വചനങ്ങള്‍ ഹോമ ദ്രവ്യമായി സങ്കല്‍പ്പിച്ച മന്ത്രോച്ചാരണത്തോടുകൂടി ഹോമിക്കുന്നു. (യോഗികള്‍ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ പ്രവേശിപ്പിക്കാതെ നടക്കുന്നുവെന്ന് താല്പര്യം.)

മറ്റു ചിലര്‍ അവരില്‍ വൈരാഗ്യം ഉദിക്കുന്നതോടുകൂടി ചിത്തസംയമനമാകുന്ന ശ്രീകോവില്‍ പഞ്ചേന്ദ്രിയങ്ങളുടെ അഗ്നിയെ ജ്വലിപ്പിക്കുന്നു. ഈ അഗ്നി വൈരാഗ്യത്തിന്റെ തീജ്ജ്വാലയില്‍ മായാമോഹത്തിന്റെ ചുള്ളിക്കെട്ടുകള്‍ എരിച്ചു തീര്‍ക്കുമ്പോള്‍ തൃഷ്ണയുടെ പുകപടലം അഞ്ച് യജ്ഞകുണ്ഡങ്ങളില്‍ നിന്നും ഉയര്‍ന്നു മറയുകയും, യജ്ഞകുണ്ഡങ്ങള്‍ വെടിപ്പും തിളക്കവും ഉള്ളതായി കാണപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അവര്‍ ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്ന ദിവ്യമായ മന്ത്രം ഉച്ചരിച്ചുകൊണ്ട് പഞ്ചേന്ദ്രിയവിഷയങ്ങളെ മുഴുവന്‍ ഹോമദ്രവ്യങ്ങളാക്കി ധര്‍മ്മശാസ്ത്രാദികളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ ഇന്ദ്രിയാഗ്നികളില്‍ ഹോമിക്കുന്നു.