പ്രാണായാമികള്‍ ആരാണ് ? (ജ്ഞാ.4.29)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 29
അപാനേ ജുഹ്വതി പ്രാണം
പ്രാണേ ഽ പാനം തഥാപരേ
പ്രാണാപാനഗതീ രുദ്ധ്വാ
പ്രാണായാമ പരായണഃ
പ്രാണായാമം ചെയ്യുന്നവരായ മറ്റുചില യോഗികള്‍ പ്രാണന്റേയും അപാനന്റെയും ഗതികളെ അടക്കിയിട്ട്, അപാനനില്‍ പ്രാണനേയും പ്രാണനില്‍ അപാനനേയും ഹോമം ചെയ്യുന്നു.
ഗതി ഭേദമനുസരിച്ച് പ്രാണനെ പ്രാണനെന്നും അപാനന്‍ എന്നും രണ്ടു പേരുകള്‍ ചൊല്ലി വിളിക്കുന്നു. പുറത്തേക്കു പോകുന്നത് അപാനനും ഉള്ളിലേക്ക് കടക്കുന്നത് പ്രാണനുമാണ്. ചിലര്‍ അപാനനെ പ്രാണനില്‍ ഹോമിക്കുന്നു. പ്രാണനുമായുള്ള അപാനന്റെ ഏകീഭവിപ്പിക്കലാണ് അപാനയജനം. ചിലര്‍ പ്രാണനെ അപാനനില്‍ ഹോമിക്കുന്നു. അപാനനുമായുള്ള പ്രാണന്റെ ഏകീഭവിപ്പിക്കലാണ് പ്രാണയജനം. മറ്റു ചിലര്‍ പ്രാണനേയും അപാനനേയും സ്തംഭിപ്പിച്ചുനിര്‍ത്തുന്നു. ഇപ്രകാരം സ്തംഭിപ്പിച്ചു നിര്‍ത്തുമ്പോള്‍ കുടത്തില്‍ നിറഞ്ഞിരിക്കുന്ന വെള്ളംപോലെ പ്രാണന്‍ ഉള്ളില്‍ നിശ്ചലമായി നിറഞ്ഞുനില്‍ക്കാന്‍ഇടവരുന്നു. ഇപ്രകാരമുള്ള യജ്ഞം ചെയ്യുന്നവരെ പ്രാണായാമികള്‍ എന്നു പറയുന്നു.