ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 30
അപരേ നിയതാഹാരാഃ
പ്രാണാന്‍ പ്രാണേഷു ജുഹ്വതി
സര്‍വ്വേഽപ്യേത യജ്ഞവിദോ
യജ്ഞ ക്ഷപിതകല്മഷാഃ
ചിലര്‍ മിതമായി ആഹാരം കഴിച്ചുകൊണ്ട് അന്തര്‍വായുക്കളെ (ഇന്ദ്രിയങ്ങളുടെ വ്യാപാരങ്ങളെ) വായൂഭേദങ്ങളില്‍ (തങ്ങള്‍ക്കധീനമായ ഇന്ദ്രിയങ്ങളില്‍) ഹോമം ചെയ്യുന്നു. മേല്‍വിവരിച്ച പ്രകാരമുള്ള യജ്ഞങ്ങള്‍ അനുഷ്ഠിക്കുന്ന എല്ലാവരും യജ്ഞത്തെ അറിഞ്ഞവരും യജ്ഞംകൊണ്ട് പാപത്തെ നശിപ്പിച്ചിരിക്കുന്നവരും ആകുന്നു.
ഹഠയോഗം അനുഷ്ഠിക്കുന്നവര്‍ അവരുടെ ആഹാരത്തെ നിയന്ത്രിച്ചിട്ട് ഉള്ളില്‍ അടങ്ങിയൊതുങ്ങുന്ന പ്രാണപ്രസരങ്ങളില്‍ മറ്റെല്ലാ പ്രാണചലനങ്ങളേയും ഹോമിക്കുന്നു. ഇതാണ് പ്രാണനിലെ പ്രാണയജനം. ഈ രീതിയില്‍ സാധനകള്‍ അനുഷ്ഠിക്കുന്നവരെല്ലാം യജ്ഞമെന്തെന്ന് അറിയുന്നവരാണ്. ഇപ്രകാരം പ്രാണായാമം ദൃഢപ്പെടുന്നതോടെ പ്രാണന്‍ അത്യന്തം സൂക്ഷ്മമായി ഭവിച്ച് ശരീരത്തിലെ എല്ലാ രോമകൂപങ്ങളിലും പരന്നു വ്യാപിച്ചിട്ട് ചിത്തശുദ്ധിയും ദേഹശുദ്ധിയും ഉണ്ടാക്കിത്തീര്‍ക്കുന്നു. അങ്ങനെ അത് ആത്മാനുഭവത്തിനു വഴിതെളിക്കുന്നു. മോചനം നേടണമെന്ന് ആഗ്രഹിക്കുന്ന അവരെല്ലാം അവരുടെ മനസ്സിന്റെ മാലിന്യങ്ങളെ ഇപ്രകാരം യജ്ഞങ്ങള്‍വഴിയായി കഴുകിക്കളഞ്ഞ് ചിത്തശുദ്ധി വരുത്തുന്നു. മനസ്സിന്റെ മായാമോഹങ്ങളും അജ്ഞതയും നീങ്ങുമ്പോള്‍ ശേഷിക്കുന്നത് പരിശുദ്ധമായ ആത്മബോധമാണ്. അങ്ങനെയുള്ള ആത്മബോധത്തില്‍ അഗ്നിയെന്നോ യാചകനെന്നോ ഉള്ള അതിര്‍ത്തിവരമ്പുകളൊന്നും ഉണ്ടായിരിക്കുകയില്ല. യജ്ഞകര്‍ത്താവിന്റെ എല്ലാ ആഗ്രഹങ്ങളും പ്രയോജനകരമായി നിറവേറിയിരിക്കുന്നു. നാനാമുഖങ്ങളായ കര്‍മ്മങ്ങള്‍ അവസാനിച്ചിരിക്കുന്നു. കര്‍മ്മവാസനകളെല്ലാം ക്ഷയിച്ച് കര്‍മ്മസാക്ഷിക്ക് തുല്യം പ്രകാശിക്കാന്‍ ഇടയാകുന്ന ആത്മാവില്‍ ദ്വന്ദഭാവത്തിന്റെ നിഴല്‍പോലും വീഴുകയില്ല.