ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 31

യജ്ഞശിഷ്ടാമൃതഭുജോ
യാന്തി ബ്രഹ്മ സനാതനം
നായം ലോകോഽസ്ത്യയജ്ഞസ്യ
കുതോഽന്യഃ കുരുസത്തമ

മുന്‍പറയപ്പെട്ട പ്രകാരമുള്ള യജ്ഞങ്ങളെ ചെയ്തതിന്റെ ശേഷം അമൃതതുല്യമായ വിഹിതാന്നത്തെ ഭുജിക്കുന്നവന്‍ നിത്യമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞംചെയ്യാത്തവന് ഈ അല്പസുഖത്തോടുകൂടിയ ലോകം തന്നെ ഇല്ല. അപ്പോള്‍പിന്നെ ബഹുസുഖത്തോടുകൂടിയ സ്വര്‍ഗ്ഗാദി അന്യലോകങ്ങള്‍ എവിടെ, എങ്ങനെ സിദ്ധിക്കും.

യജ്ഞം കഴിഞ്ഞ് ശേഷിക്കുന്ന അമൃതം എന്താണ്?

ഈ യജ്ഞങ്ങള്‍ കഴിഞ്ഞ് അവശേഷിക്കുന്നത് കേവലം അന്നമാണെന്ന് കരുതരുത്. അത് അകളങ്കവും അനശ്വരവും പരമവുമായ ജ്ഞാനമാണ്. പരബ്രഹ്മത്തെ തേടുന്ന ഒരു സത്യാന്വേഷി ഈ ജ്ഞാനത്തെ ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്നുള്ള മന്ത്രോച്ചാരണത്തോ‌ടുകൂടി ഉപാസിക്കുന്നു. ആത്മീയമായ യജ്ഞങ്ങള്‍ നടത്തി ഇച്ഛാപൂര്‍ത്തിവരുത്തുന്നവര്‍ അതിന്റെ ശേഷിപ്പായി ലഭിക്കുന്ന ജ്ഞാനമായ അമൃത് അത്യന്തം സംതൃപ്തിയോടെ ഭുജിക്കുകയും അമരത്വംനേടി അനായാസമായി പരബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നു. യോഗത്തിന്റെ വഴികള്‍ അനുഷ്ഠിക്കാതെയും ആത്മീയമായി തീവ്രമായ ഉത്കര്‍ഷേച്ഛ ആഗ്രഹിക്കാതെയും ചിത്തസംയമനത്തിനുവേണ്ടി പോരാടാതെയും ഇരിക്കുന്ന ഒരുവന് യഥാര്‍ത്ഥ പരിത്യാഗത്തിന്റെ ആനന്ദാശ്ലേഷം ലഭിക്കുന്നതല്ല. യജ്ഞരൂപത്തിലല്ലാതെ സ്വാര്‍ത്ഥമോഹിതനായി കര്‍മ്മം ചെയ്യുന്നവന് ശാന്തിയോ സുഖമോ അനുഭവിക്കാന്‍ ഇടയാകുന്നില്ല. അവന് ഈ ലോകംതന്നെ നഷ്ടപ്പെടുന്നു. അപ്പോള്‍ പിന്നെ പരലോകത്തിന്റെ കാര്യം പറയാനുണ്ടോ?