ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 32

ഏവം ബഹുവിധാ യജ്ഞാഃ
വിതതാ ബ്രഹ്മണോ മുഖേ
കര്‍മ്മജാന്‍ വിദ്ധിതാന്‍ സര്‍വ്വാന്‍
ഏവം ജ്ഞാത്വാ വിമോഷ്യസേ

ഇപ്രകാരം അനേകവിധമായ യജ്ഞങ്ങള്‍ വേദമുഖത്തില്‍ വിവരിച്ചു പറഞ്ഞിരിക്കുന്നു. എന്നാല്‍ അവയെല്ലാം ഏതെങ്കിലും തരത്തിലുള്ള കര്‍മ്മവുമായി ബന്ധപ്പെട്ടവയാണെന്നറിയുക. യജ്ഞങ്ങള്‍ കര്‍മ്മവുമായി ബന്ധപ്പെട്ടവയാണെന്നറിഞ്ഞാല്‍ സംസാരബന്ധത്തില്‍ നിന്ന് നിനക്ക് മുക്തനാകാന്‍ കഴിയും.

വേദത്തില്‍ വേണ്ടവണ്ണം വിശദമായി വിവരിച്ചിട്ടുള്ള അനവധി യജ്ഞങ്ങളെപ്പറ്റി ഞാന്‍ നിന്നോടു പറഞ്ഞുകഴിഞ്ഞു. അതേപറ്റിയെല്ലാം ഇനിയും കൂടുതലായി വിശദീകരിച്ചിട്ട് യാതൊരു കാര്യവും ഇല്ല. സമസ്ത യജ്ഞങ്ങളും കര്‍മ്മത്തില്‍ വേരൂന്നി നില്‍ക്കുന്നു എന്നുള്ളതാണ് യഥാര്‍ത്ഥ പൊരുള്‍. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ പിന്നെ കര്‍മ്മങ്ങള്‍ ഒരിക്കലും നിന്റെ ആത്മാവിനെ തളച്ചിടുകയില്ല.