ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 33
ശ്രേയാന്‍ ദ്രവ്യമയാദ്യജ്ഞാത്
ജ്ഞാനയജ്ഞഃ പരന്തപ
സര്‍വ്വം കര്‍മ്മാഖിലം പാര്‍ത്ഥ
ജ്ഞാനേ പരിസമാപ്യതേ
ഹേ പരന്തപ, ദ്രവ്യത്തെക്കൊണ്ടു ചെയ്യുന്ന യജ്ഞത്തെക്കാള്‍ ജ്ഞാനമാകുന്ന യജ്ഞം ശ്രേഷ്ഠമാകുന്നു. എന്തുകൊണ്ടെന്നാല്‍ എല്ലാ കര്‍മ്മവും സമ്പൂര്‍ണ്ണഭാവത്തില്‍ ഫലസഹിതം ബ്രഹ്മജ്ഞാനത്തില്‍ തന്നെയാണ് പര്യവസാനിക്കുന്നത്.
ഈ യജ്ഞങ്ങളിലെല്ലാം ആവശ്യമായിരിക്കുന്ന ജഡികവും പ്രാപഞ്ചികവുമായ പല കര്‍മ്മങ്ങളും വേദത്തില്‍ നല്കിയിട്ടുള്ള വിശദീകരണങ്ങളില്‍ നിന്ന് ഉത്ഭവിച്ചിട്ടുള്ളതാകയാല്‍ അവ സ്വര്‍ഗ്ഗപ്രാപ്തിക്കു വഴിതെളിക്കുന്ന അസാധാരണമായ ഫലത്തെ ഉളവാക്കുന്നു. ഈ ദ്രവ്യയജ്ഞങ്ങള്‍ യജ്ഞങ്ങളെന്ന നിലയില്‍ ഉത്കൃഷ്ടങ്ങളാണ്. എങ്കിലും ജ്ഞാനത്തില്‍ വേരൂന്നി നില്‍ക്കുന്ന ജ്ഞാനയജ്ഞവുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവ അര്‍ക്കകാന്തിയില്‍ ഒളിമങ്ങുന്ന താരപ്രഭപോലെ വിളറി വ്യര്‍ത്ഥമായിപോകുന്നു. ഈ ജ്ഞാനം പ്രബോധിതമായ ആത്മാവിന്റെ ആദ്ധ്യാത്മിക ചഷുസ്സുകള്‍ക്ക് ദിവ്യമായ നേത്രാഞ്ജനമാണ്. യോഗികള്‍ ഇതുപയോഗിച്ച് അന്തര്‍ഗതമായി ഒളിഞ്ഞുകിടക്കുന്ന പരമാനന്ദത്തിന്റെ നിധി കണ്ടെത്തുന്നു. ഈ ആനന്ദം പ്രാപഞ്ചിക കര്‍മ്മങ്ങളുടെ മഹത്തായ പരിസമാപ്തിയാണ്. മോചനത്തിന്റെ ധന്യമായ ഖനിയാണ്. ഇത് ആത്മീയ ബുഭൂഷയെ തൃപ്തിപ്പെടുത്തുന്നു. ഇതുമൂലം കാമം ശിഥിലമാകുന്നു. യുക്തിവിചാരം താറുമാറാകുന്നു. ഇന്ദ്രിയങ്ങള്‍ വിഷയങ്ങളെ വിസ്മരിക്കുന്നു. ചിത്തം ചിത്തവിചാരങ്ങളെ പൊട്ടിച്ചെറിയുന്നു. സംസാരിക്കാനുള്ള ശേഷി സംസാരത്തിനു നഷ്ടപ്പെടുന്നു. അപ്പോള്‍ എല്ലാറ്റിലും ആത്മസ്വരൂപത്ത മാത്രം അയാള്‍ ദര്‍ശിക്കുന്നു. അതോടെ പരിത്യാഗത്തിന്റെ പരമലക്ഷ്യം പ്രാപിച്ചിരിക്കുന്നു. ത്യാജ്യഗ്രാഹ്യശക്തി കരസ്തമാക്കാനുള്ള ഉന്നം സമ്പൂര്‍ണ്ണമായി നേടിക്കഴിഞ്ഞിരിക്കുന്നതിനാല്‍ അയാള്‍ അനായാസേന ആത്മാവുമായി താദാത്മ്യം പ്രാപിക്കുന്നു.