ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 34

തദ്വിദ്ധി പ്രണിപ്രാതേന
പരിപ്രശ്നേന സേവായ
ഉപദേഷ്യന്തി തേ ജ്ഞാനം
ജ്ഞാനിനസ്തത്ത്വദര്‍ശിനഃ

ആത്മതത്വം അറിഞ്ഞിരിക്കുന്ന ജ്ഞാനികള്‍ ജ്ഞാനത്തെ നിനക്കുപദേശിച്ചുതരും. ഈ ജ്ഞാനം ഗുരുപാദത്തില്‍ സാഷ്ടാംഗം പ്രണമിച്ചും അവസരം നോക്കി ഗുരുവിനോട് തത്വപരമായ ചോദ്യങ്ങള്‍ ചോദിച്ചും ശുശ്രൂഷകൊണ്ട് ഗുരുവിനെ പ്രസാദിപ്പിച്ചും അറിയേണ്ടതാണ്.

വിശിഷ്ടമായ ഈ ജ്ഞാനം സമ്പാദിക്കണമെന്ന് നീ ആഗ്രഹിക്കുന്നവെങ്കില്‍, നീ അര്‍പ്പണബോധത്തോടെ ഹൃദയംഗമമായി ജ്ഞാനികളെ സേവിക്കണം. തത്ത്വവിത്തുകളുടെ പാദസേവ അവരുടെ ജ്ഞാനക്ഷേത്രങ്ങളിലേക്കുള്ള പടിവാതിലാണ്. അവരെ ശുശ്രൂഷിച്ച് അവരുടെ വിശ്വാസം നേടിയെടുക്കണം. വിനയത്തോടെ അവരുടെ പാദത്തില്‍ സാഷ്ടാംഗനമസ്കാരം ചെയ്യണം. അഹംങ്കാരമോ അഹന്തയോ ഇല്ലാതെ സര്‍വ്വാത്മനാ അവരെ ആശ്രയിക്കണം. അപ്പോള്‍ നീ അവരോട് അര്‍ത്ഥിച്ചാല്‍ നിനക്ക് അറിയേണ്ടതെല്ലാം അവര്‍ നിനക്കുവെളിവാക്കിത്തരും. ഇപ്രകാരം ലഭിക്കുന്ന ജ്ഞാനം നിന്റെ സംശയങ്ങളെയെല്ലാം ദൂരീകരിക്കും. ഈ വിജ്ഞാന ദീപത്താല്‍ നിന്റെ ഹൃദയം പ്രഭാപൂരിതമായാല്‍ പിന്നെ അതൊരിക്കലും തൃഷ്ണയ്ക്കും ചാഞ്ചല്യത്തിനും ഇരയായിത്തീരുകയില്ല.