ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 35

യജ് ജ്ഞാത്വാ ന പുനര്‍മോഹം
ഏവം യാസ്യസി പാണ്ഡവ!
യേന ഭൂതാന്യശേഷേണ
ദ്രക്ഷ്യസ്യാത്മന്യഥോമയി

അല്ലയോ അര്‍ജ്ജുന, തത്ത്വദര്‍ശികളായ ബ്രഹ്മനിഷ്ഠന്മാരില്‍ നിന്നും ജ്ഞാനം ലഭിച്ചുകഴിഞ്ഞാല്‍, പിന്നെ ഒരിക്കലും ഞാന്‍ എന്‍റേത് എന്നിങ്ങനെ ഇപ്പോള്‍ സംഭവിച്ചതുപോലെയുള്ള മമതാമോഹം നിനക്കുണ്ടാവുകയില്ല. എന്തുകൊണ്ടെന്നാല്‍ ഈ ജ്ഞാനംകൊണ്ട് നീ സകല പ്രപഞ്ചഘടകങ്ങളേയും നിന്നില്‍ത്തന്നെ (സ്വന്തം ആത്മാവില്‍) കാണുകയും, അനന്തരം നിന്റെ ആത്മാവിനെ പരമാത്മാവായിരിക്കുന്ന എന്നില്‍ ദര്‍ശിക്കുകയും ചെയ്യും.

ജ്ഞാനത്തിന്റെ വെളിവ് ലഭിക്കുമ്പോള്‍ നിന്റെ മനസ്സ് പരബ്രഹ്മത്തെപോലെ ഭയരഹിതവും എല്ലാ പാരതന്ത്ര്യങ്ങളില്‍ നിന്നും സ്വതന്ത്രവും ആകുന്നു. പിന്നീട് നിന്റെ മനസ്സില്‍ യാതൊരു സംശയവും അവശേഷിക്കുന്നില്ല. അപ്പോള്‍ നീ ഉള്‍പ്പടെ ഏല്ലാ ജീവജാലങ്ങളേയും എന്നില്‍ ദര്‍ശിക്കാന്‍ നിനക്കു കഴിയും. മഹത്തായ ഗുരുവിന്റെ കാരുണ്യം നിനക്കു ലഭിക്കുമ്പോള്‍ നിന്നില്‍ ജ്ഞാനോദയം ഉണ്ടാവുകയും അതിന്റെ കിരണങ്ങളേറ്റ് മായാമോഹത്തിന്റെ അന്ധകാരം നിന്നില്‍നിന്ന് അകന്നുപോകുകയും ചെയ്യും.