ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 37

യഥൈധാംസി സമിദ്ധോഽഗ്നിഃ
ഭസ്മസാത് കുരുതേഽര്‍ജ്ജുന,
ജ്ഞാനാഗ്നി സര്‍വ്വ കര്‍മ്മാണി
ഭസ്മാത് കുരുതേ തഥാ

അല്ലയോ അര്‍ജ്ജുനാ, കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നി വിറകുകളെ എപ്രകാരം എരിച്ചു ഭസ്മമാക്കുന്നുവോ അപ്രകാരം ആത്മജ്ഞാനസ്വരൂപമായിരിക്കുന്ന അഗ്നി സകല കര്‍മ്മങ്ങളേയും ഭസ്മമാക്കുന്നു.

മഹാപ്രളയകാലത്ത് കത്തിയെരിയുന്ന മൂന്നുലോകങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ധൂമപടലത്തെ ചുറ്റിയടിക്കാന്‍ കഴിയുന്ന ചക്രവാതത്തിന്, മേഘങ്ങളെ ചിതറിച്ചുകളയാന്‍ എന്തെങ്കിലും പ്രയാസമുണ്ടോ? അഥവാ, വെള്ളത്തെപ്പോലും എരിക്കാന്‍ കഴിയുന്ന ബഡവാഗ്നി ചുഴലികൊടുങ്കാറ്റടിച്ച് ആളിക്കത്തുമ്പോള്‍ വിറകും വൈക്കോലുമിട്ട് അതണയ്ക്കുവാന്‍ പറ്റുമോ?