ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 38

ന ഹി ജ്ഞാനേന സദൃശം
പവിത്രമിഹ വിദ്യതേ
തത് സ്വയം യോഗസംസിദ്ധഃ
കാലേനാത്മനി വിന്ദതി

തപോയോഗാദി യജ്ഞങ്ങളില്‍ ജ്ഞാനത്തിനു തുല്യം പവിത്രമായി മറ്റൊന്നും തന്നെയില്ല. എന്തെന്നാല്‍ കര്‍മ്മയോഗംകൊണ്ടും സമാധികൊണ്ടും യോഗ്യതയെ പ്രാപിച്ചവന്‍ സ്വസ്വരൂപമായ ആത്മാവില്‍ തന്നെത്താന്‍ ആത്മജ്ഞാനത്തെ അനായാസേന അനുഭവിക്കാന്‍ ഇടവരുന്നു.

ഇതെല്ലാം തികച്ചും അസാദ്ധ്യമായ കാര്യങ്ങളാണ്. ഇതേപ്പറ്റി ചിന്തിക്കുന്നതുതന്നെ ആക്ഷേപാര്‍ഹമാണ്. ജ്ഞാനത്തെപ്പോലെ പൂജ്യവും പരിപാവനവുമായ മറ്റൊന്നില്ല. ജ്ഞാനം ശ്രേഷ്ഠമായ നന്മയാണ്. അതിനോട് സദൃശമായിട്ട് മറ്റെന്താണുള്ളത്? ചൈതന്യത്തിനോട് കിടനില്‍ക്കാന്‍ കഴിയുന്നതായി എന്തെങ്കിലുമുണ്ടോ? സൂര്യന്റെ പ്രതിബിംബം സൂര്യനെപ്പോലെ തിളങ്ങുമോ? ആകാശത്തെ കൈകള്‍കൊണ്ട് താങ്ങിനിര്‍ത്താന്‍ പറ്റുമോ? ഭൂമിയുടെ ഭാരം അളക്കുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഇതിനൊക്കെ കഴിയുമെങ്കില്‍ മാത്രമേ ജ്ഞാനത്തിനു തുല്യമായ എന്തെങ്കിലും ഈ ലോകത്ത് കണ്ടെത്താന്‍ കഴിയുകയുള്ളൂ. വീണ്ടും വീണ്ടും പരിഗണിക്കുകയും വിവിധ വീഷണകോണങ്ങളില്‍ കൂടി വീക്ഷിക്കുകയും ചെയ്താലും, ജ്ഞാനത്തിനല്ലാതെ മറ്റൊന്നിനും ജ്ഞാന്തിന്റെ പരിശുദ്ധിയും പ്രൗഢിയും ഉള്ളതായി കാണുകയില്ല. അമൃതിന്റെ സ്വാദ് എന്തിനെപ്പോലെ എന്നു ചോദിച്ചാല്‍ അമൃതിനേപ്പോലെ എന്നുമാത്രം പറയാന്‍ കഴിയുന്നപോലെ, ജ്ഞാനത്തെ ജ്ഞാനത്തോടു മാത്രമേ ഉപമിക്കാന്‍ പറ്റൂ. ഇതെപ്പറ്റി ഇതില്‍ക്കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു വെറുതെ സമയം ചെലവഴിക്കാനായിരിക്കും.

ഇത്രയും കേട്ടപ്പോള്‍ പാര്‍ത്ഥന്‍ ഭഗവാനോടു പറഞ്ഞു:

അങ്ങു പറയുന്നതു സത്യമാണ്. തുടര്‍ന്ന് എന്തോ ചോദിക്കാന്‍ ഭാവിച്ച അര്‍ജ്ജുനനോട് അവന്റെ മനോഗതം മുന്‍കൂട്ടി മനസ്സിലാക്കിയ ഭഗവാന്‍ പറഞ്ഞു:

ഈ ജ്‍ഞാനം എങ്ങനെ സമ്പാദിക്കണമെന്നു ഞാന്‍ പറയാം. അര്‍ജ്ജുനാ, ശ്രദ്ധിച്ചുകേള്‍ക്കുക.