ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച ഏകശ്ളോകി എന്ന വേദാന്തപ്രകരണഗ്രന്ഥത്തിന് വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനിച്ച് കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രൗഢാനുഭൂതി പ്രകരണ പ്രകാശിക എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തിട്ടുള്ള വ്യാഖ്യാനവും ഈ വിഷയത്തില്‍ അദ്ദേഹം തന്നെ നടത്തിയിട്ടുള്ള സത്സംഗ പ്രഭാഷണവുമാണ് താഴെ കൊടുത്തിരിക്കുന്നത്.
ഏകശ്ളോകി
ശ്രീശങ്കരാചാര്യര്‍
കിം ജ്യോതിസ്തവ ഭാനുമാനഹനിമേ
രാത്രൌപ്രദീപാദികം
സ്യാദേവം രവിദീപദര്‍ശന വിധൌ
കിം ജ്യോതിരാഖ്യാഹിമേ
ചക്ഷുസ്തസ്യനിമീലനാദിസമയേ
കിം ധീര്‍ധിയോദര്‍ശനേ
കിം തത്രാഹമതോഭവാന്‍പരമകം
ജ്യോതിസ്തദസ്മിപ്രഭോ
ഏകശ്ളോകി പ്രഭാഷണം വീഡിയോ
ഏകശ്ളോകി പ്രഭാഷണം
പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍
ക്രമനമ്പര്‍ | വലുപ്പം (MB) | നീളം (മിനിറ്റ്) | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
---|---|---|---|---|
1 | 16.4 MB | 72 മിനിറ്റ് | ഡൗണ്‍ലോഡ് |
ഏകശ്ളോകി വ്യാഖ്യാനം
പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍
അനുഭൂതിയുടെയും യുക്തിയുടെയും മണ്ഡലങ്ങളില്‍ ഉപനിഷത് സത്യമായ അദ്വൈതാഖണ്ഡബോധത്തെ സര്‍വഥാ അരക്കിട്ടുറപ്പിക്കുവാന്‍ വേണ്ടിയാണ് ശ്രീശങ്കരന്‍ കേരളത്തില്‍ തിരുവവതാരം ചെയ്തത്. പ്രധാനപ്പെട്ട ഉപനിഷത്തുകള്‍ക്കും ബ്രഹ്മസൂത്രത്തിനും ഗീതയ്ക്കും ഭാഷ്യങ്ങള്‍ രചിച്ച് അദ്വൈതത്തിന്റെ അടിത്തറ സ്ഥിരമായിത്തന്നെ അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു. വേദാന്തപഥത്തില്‍ ആദ്യമായി കാല്‍ കുത്തുന്ന ഒരു സത്യാന്വേഷിക്ക് പ്രസ്തുത ഭാഷ്യങ്ങള്‍ ദുരവഗാഹങ്ങളാണെന്ന് ആചാര്യനു തന്നെ തോന്നിയിരിക്കണം. അതുകൊണ്ടു തുടക്കം മുതല്‍ തന്നെ ഒരു വേദാന്തവിദ്യാര്‍ഥിക്കും പ്രയോജനപ്പെടണമെന്നു കരുതിയായിരിക്കണം ലളിതങ്ങളായ അനേകം വേദാന്തപ്രകരണഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചത്. ഒരേ സിദ്ധാന്തത്തെ മുന്‍നിറുത്തി ഇങ്ങനെ ആചാര്യപാദരുടെ പ്രകരണഗ്രന്ഥങ്ങള്‍ ശ്രദ്ധയോടെ വായിക്കുന്ന ഒരാള്‍ക്ക് ഈ സംശയം തോന്നുകയില്ല. ഉപനിഷത്തുകള്‍ നിസ്സംശയം ഉത്ഷോഷിക്കുന്നതും താന്‍ സാക്ഷാത്കരിച്ചനുഭവിക്കുന്നതുമായ ഉജ്ജ്വല സത്യത്തിന്റെ മാഹാത്മ്യം അദ്ദേഹത്തെ സര്‍വ ലോകഹിതൈഷിയാക്കി മാറ്റി. ആ സത്യാനുഭൂതിയുടെ മാധുര്യം സകലജനങ്ങളുടെയും പടിക്കലെത്തിക്കണമെന്ന് അദ്ദേഹം അഭിലിച്ചു. പ്രകരണ ഗ്രന്ഥങ്ങള്‍ ഈ അഭിലാഷത്തിന്റെ മൂര്‍ത്തരൂപങ്ങളാണ്.
ഗ്രന്ഥങ്ങളുടെ വലിപ്പത്തിലും പ്രതിപാദനത്തിലുമുള്ള വൈവിധ്യം സാര്‍വജനീനമായ ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ള പ്രയത്നത്തിന്റെ സ്പഷ്ടമായ തെളിവാണ്. പല തരക്കാരാണല്ലോ ആളുകള്‍. പുസ്തകം വായിക്കാന്‍ സമയം കിട്ടാതെ മറ്റു രംഗങ്ങളില്‍ തിരക്കായി പ്രവൃത്തിയെടുക്കുന്നവരുണ്ട്. കവിതാഭംഗിയില്‍ മാത്രം രസിക്കുന്നവരുണ്ട്. യുക്തിചിന്തകള്‍ കൊണ്ടു ബുദ്ധിക്കു വ്യായാമം നല്‍കാനാഗ്രഹിക്കുന്നവരുണ്ട്. ഇക്കൂട്ടരെയൊക്കെ മനസ്സില്‍ കണ്ടുകൊണ്ടാണ് ആചാര്യപാദര്‍ വേദാന്തഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്. വേദാന്തസത്യത്തോട് ഒരഭിരുചി വന്നുകഴിഞ്ഞാല്‍ പിന്നെ വിട്ടുമാറുകയില്ലെന്നദ്ദേഹത്തിനറിയാം. പുസ്തകപാരായണത്തിനുപോലും സമയംകിട്ടാതെ ആവേശപൂര്‍വ്വം മറ്റുരംഗങ്ങളില്‍ നിരന്തരം വ്യാപരിച്ചുകൊണ്ടിരിക്കുന്നവരെ വേദാന്തസത്യം പഠിപ്പിക്കാന്‍ വേണ്ടി രചിച്ചതായിരിക്കണം ‘ഏകശ്ലോകി‘ ഒരു ശ്ലോകം മാത്രമുള്ള ഒരു പ്രകരണഗ്രന്ഥമാണിത്.
വേദാന്ത സത്യം ഈ ഒറ്റ ശ്ലോകത്തില്‍ സമഗ്രമായി പ്രതിപാദിക്കുന്നു എന്നു പറഞ്ഞാല്‍ അതിശയം തോന്നിയേക്കാം. ഇതേ സത്യം തന്നെയാണ് അനേകശതം ശ്ലോകങ്ങളുള്‍ക്കൊള്ളുന്ന ബൃഹദ്ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളത്. വേദാന്തസത്യം അത്യന്തം ലളിതമാണ്. അത്യന്തം ദുരവഗാഹവുമാണ് നമ്മുടെ ഉള്ളില്‍ ആ സത്യമുണ്ട്. നാമോരോരുത്തരും ആ സത്യം തന്നെയാണ്. അനന്തകോടി ബ്രഹ്മാണ്ദങ്ങള്‍ ആ സത്യത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു. ഇതാണിതിന്റെ ലാളിത്യവും ദുരവഗാഹതയും. ഒറ്റ ശ്ലോകത്തില്‍ തുടങ്ങാം. നിരന്തരമായ അനുസന്ധാനത്തില്‍ അഭിരുചിവന്നാല്‍ ബൃഹദ്ഗ്രന്ഥങ്ങളിലേയ്ക്കു കടക്കാം. പൂര്‍ണാനുഭവനം സാദ്ധ്യമാകും വരെ സ്വാധ്യായം കൂടാതെ കഴിയുകയില്ലല്ലോ. സത്യാനുഭൂതിയുടെ ഈ ക്രമരഹസ്യം മുന്‍നിറുത്തിയാണ് ആചാര്യപാദരുടെ ഗ്രന്ഥരചന.
സത്യമന്വേഷിച്ചു ഗുരുസന്നിധിയിലെത്തിച്ചേരുന്ന ഒരു ശിഷ്യനും ഗുരുവും തമ്മിലുള്ള സംഭാഷണരൂപത്തിലാണ് ഏകശ്ലോകി രചിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വഴി പരമസത്യത്തിന്റെ സ്വരൂപം ശിഷ്യനെക്കൊണ്ടുതന്നെ പറയിപ്പിക്കുകയെന്ന ഉപായമാണിവിടെ അംഗീകരിച്ചിരിക്കുന്നത്.
കിം ജ്യോതിസ്തവ ഭാനുമാനഹനിമേ
രാത്രൌപ്രദീപാദികം
സ്യാദേവം രവിദീപദര്‍ശന വിധൌ
കിം ജ്യോതിരാഖ്യാഹിമേ
ചക്ഷുസ്തസ്യനിമീലനാദിസമയേ
കിം ധീര്‍ധിയോദര്‍ശനേ
കിം തത്രാഹമതോഭവാന്‍പരമകം
ജ്യോതിസ്തദസ്മിപ്രഭോ
തവകിംജ്യോതിഃ=നിനക്ക് എന്താണു വെളിച്ചം; മേ അഹനിഭാനുമാന്‍=എനിക്കു പകല്‍ സൂര്യനാണു വെളിച്ചം; രാത്രൌപ്രദീപാദികം=രാത്രിയില്‍ ദീപം തുടങ്ങിയവ; സ്യാത് ഏവം=അതിരിക്കട്ടെ; രവിദീപദര്‍ശനം വിധൌ=സൂര്യനെയും ദീപത്തെയും കാണുന്ന കാര്യത്തില്‍ ; ജ്യോതിഃകിം=വെളിച്ചം എന്താണ്; തസ്യനിമീലനാദി സമയേകിം=അതടച്ചുകഴിഞ്ഞാല്‍ പിന്നെയെന്താണ് ;ധീഃ= ബുദ്ധിയാണു വെളിച്ചം;ധീയഃദര്‍ശനേകിം=ബുദ്ധിയെ കാണുന്ന കാര്യത്തില്‍ എന്താണു വെളിച്ചം;തത്ര അഹം=അക്കാര്യത്തില്‍ ഞാന്‍ തന്നെയാണു വെളിച്ചം; അതഃഭവാന്‍=അതുകൊണ്ടു നീയാണ്; പരമകം ജ്യോതിഃ=വെളിച്ചങ്ങളുടെയൊക്കെ അങ്ങേയറ്റത്തെ വെളിച്ചം; പ്രഭോ തത് അസ്മി=പ്രഭോ അതങ്ങനെതന്നെ.
നിനക്ക് എന്താണു വെളിച്ചം? എനിക്കു പകല്‍ സൂര്യനാണു വെളിച്ചം; രാത്രിയില്‍ ദീപം തുടങ്ങിയവ. അതിരിക്കട്ടെ, സൂര്യനെയും ദീപത്തെയും കാണുന്ന കാര്യത്തില്‍ വെളിച്ചമെന്താണ്? എന്നോടു പറയൂ. അതിനു കണ്ണാണു വെളിച്ചം. അതടച്ചു കഴിഞ്ഞാല്‍ പിന്നെയെന്താണു വെളിച്ചം? ബുദ്ധിയാണു വെളിച്ചം. ബുദ്ധിയെ കാണുന്ന കാര്യത്തില്‍ എന്താണു വെളിച്ചം? അക്കാര്യത്തില്‍ ഞാന്‍ തന്നെയാണു വെളിച്ചം. അതുകൊണ്ടു നീയാണ് വെളിച്ചങ്ങളുടെയൊക്കെ അങ്ങേയറ്റത്തെ വെളിച്ചം. പ്രഭോ, അതങ്ങനെതന്നെ.
ഋജുവും ആകര്‍ഷകവുമായ ഈ സംഭാഷണത്തിലൂടെ അവനവന്റെയും പ്രപഞ്ചത്തിന്റെയും പരമസ്യത്തെയാണ് ആചാര്യന്‍ നമുക്കു വെളിപ്പെടുത്തിത്തരുന്നത്. സകലരുടെയും ഉള്ളില്‍ ‘ഞാനുണ്ട്. ഞാനുണ്ട് ‘ എന്നിങ്ങനെ സ്വയം ഉണ്മ അനുഭവിച്ചുകൊണ്ട് ഞാന്‍, ഞാന്‍ എന്ന ബോധം സ്ഥിതിചെയ്യുന്നു. ഉണ്ട്, ഉണ്ട് എന്നിങ്ങനെ സ്വയം പ്രകാശിക്കുന്ന ഈ ബോധമാണ് എല്ലാവരുടെയും ആത്മാവ്. ഈ ആത്മാവിന്റെ പ്രകാശം ബുദ്ധി തുടങ്ങിയ സൂക്ഷ്മസ്ഥൂലജഡങ്ങളിലേയ്ക്കു ക്രമമായി പകര്‍ന്നു കിട്ടുന്നതു കൊണ്ടാണ് അവയെല്ലാം ഉള്ളതായി പ്രകാശിക്കുന്നത്. പ്രാണന്‍ ബുദ്ധി തുടങ്ങി സ്ഥൂലശരീരം വരെ എല്ലാം ജഡമാണ്; ‘ഞാന്‍’ എന്ന അനുഭവനം ബോധവും. സ്വയം ഉണ്ടെന്നനുഭവമില്ലാത്തതു ജഡം. സ്വയം ഉണ്ടെന്നനുഭവമുള്ളത് ബോധം. ഇതാണു ജഡബോധ നിര്‍വചനം. പ്രപഞ്ചത്തിലെവിടെയായാലും സ്വയം ഉണ്ടെന്നനുഭവിക്കാന്‍ കഴിവുള്ള ഒരേ ഒരു വസ്തുബോധമാണ്. ബോധത്തിന്റെ ഈ സ്വയം പ്രകാശത്തിന്റെ വെളിച്ചത്തിലാണ് മറ്റെല്ലാം ഉള്ളതായിത്തീരുന്നതും. അതുകൊണ്ടു ബോധം മാത്രം സത്യം. ജഡരൂപങ്ങളായ മറ്റെല്ലാം അസത്യം. അനിഷേധ്യമായ ഈ ജഗത്സത്യമാണ് ആചാര്യന്‍ ഏകാശ്ലോകിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
അനുഭവത്തില്‍തന്നെ ‘ഞാന്‍’ തന്നെയാണ്. ഞാന്‍ സംസാരിക്കുന്നു, ഞാന്‍ കാണുന്നു എന്നിങ്ങനെ സകല ക്രിയകളും ഞാനുള്ളതുകൊണ്ടാണു നടക്കുന്നത്. എന്റെ വീട്, എന്റെ ധനം, എന്റെ ലോകം എന്നിങ്ങനെ ലോകമുള്‍പ്പെടെ എല്ലാം ‘ഞാനി’ നോടുചേര്‍ന്നു മാത്രം പ്രകാശിക്കുന്നവയാണ്. ‘ഞാന്‍’ എന്ന ബോധത്തെ മാറ്റിനിറുത്തിയാല്‍ ‘എല്ലാം ശുന്യം’. ‘ഞാന്‍’ എന്ന ബോധത്തോടു മാറ്റിമാറ്റി ചേര്‍ത്തുവയ്ക്കുകയും എടുത്തുമാറ്റുകയും ചെയ്യാവുന്നുവയാണ് എല്ലാ ജീവിത വ്യവഹാരങ്ങളും. അതുകൊണ്ടുതന്നെ ഞാന്‍ സ്വതന്ത്രനാണെന്നു തെളിയുന്നു. ജഡദൃശ്യങ്ങളോടു കൂടിച്ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവയുടേതായ ജനനമരണാദി സ്വഭാവങ്ങള്‍ ‘ഞാനി’നും വന്നു ചേരുന്നതായി തോന്നുന്നു. എന്നാല്‍ ജഡദൃശ്യങ്ങള്‍ വേര്‍പെടുന്നതോടെ ഞാന്‍ രണ്ടില്ലാത്ത അഖണ്ഡാനന്ദബോധമായി സനാതനസത്യമായി അനുഭവപ്പെടുമെന്നാണു വേദാന്തം ഘോഷിക്കുന്നത്.
വേദാന്തം പ്രപഞ്ചത്തെ ദൃക്കെന്നും ദൃശ്യമെന്നും രണ്ടായി തിരിക്കുന്നു; കാണുന്നവനും കാണപ്പെടുന്നവയും. കാണപ്പെടുന്നവ മുഴുവന്‍ ജഡമാണ്. ഭൌതികശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാറ്റര്‍. മാറ്ററിന്റെ അഥവാ ജഡത്തിന്റെ സൂക്ഷമരൂപമാണ് എനര്‍ജി അഥവാ പ്രാണന്‍. കാണുന്നവന്‍ സ്വയം പ്രകാശിക്കുന്ന അതായതു സ്വയം ഉണ്ടെന്നനുഭവിക്കുന്ന ബോധമാണ്. പ്രപഞ്ചം കാണുന്നവന്റെയും കാണപ്പെടുന്നവയുടെയും ഒരു കൂടിക്കലര്‍പ്പാണ്. സ്ക്രീനില്‍ കാണപ്പെടുന്ന സിനിമപോലെ. സിനിമ ലൈറ്റിന്റെയും ഫിലമിന്റെയും ഒരു കൂടിക്കലര്‍പ്പാണല്ലോ. ലൈറ്റും ഫിലിമും കൂടിക്കലരുമ്പോള്‍ ലൈറ്റു തന്റേതായ പ്രത്യേകതകള്‍ ഫിലിമിനും ഫിലിം തന്റേതായ പ്രത്യകതകള്‍ ലൈറ്റിനു പ്രകാശവും ചലനശക്തിയും ലൈറ്റില്‍ നിന്നും പകര്‍ന്നുകിട്ടുന്നു. ശുദ്ധപ്രകാശസ്വരൂപമായ ലൈറ്റിനു നാമരൂപങ്ങളും അന്ധകാരവും ഫിലിമില്‍ നിന്നും പകര്‍ന്നുകിട്ടുന്നു. രണ്ടും കൂടിച്ചേരുമ്പോള്‍ സിനിമായാകുന്നു. സിനിമ കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍ ലൈറ്റും ഫിലിമും വേര്‍പെടുത്തിക്കാണുന്നില്ല. നേരേ മറിച്ചു സൂക്ഷ്മമായി ചിന്തിക്കുന്ന ഒരാള്‍ക്ക് ഇവ രണ്ടും വേര്‍പെടുത്താന്‍ വയ്യാത്ത വിധം ഒരിക്കലും കൂടിക്കലര്‍ന്നിട്ടില്ലെന്നു കാണാന്‍ കഴിയും. ഫിലിമിനോടു കൂടിക്കലരുന്നതുകൊണ്ട് ലൈറ്റില്ലെന്നു കാണാന്‍ കഴിയും. ഫിലിമിനോടു കൂടിക്കലരുന്നതുകൊണ്ട് ലൈറ്റില്ലെന്നു കാണാന്‍ കഴിയും. ഫിലിമിനോടു കൂടിക്കലരുന്നതുകൊണ്ട് ലൈറ്റിന് ഒരു കളങ്കവും സംഭവിച്ചിട്ടില്ലെന്നും സൂക്ഷമദൃഷ്ടിക്കു ഗ്രഹിക്കാന്‍ കഴിയും. ഇതുപോലെയാണു പ്രപഞ്ചാനുഭവവും. പ്രപഞ്ചം ബോധജഡങ്ങളുടെ കൂടിക്കലര്‍പ്പാണ്. ഇവിടെ അനുഭവപ്പെടുന്ന ഉണ്മയും പ്രകാശവും ആനന്ദവും ബോധത്തിന്റേതാണ്. ഇല്ലായ്മയും അജ്ഞതയും ദുഃഖവും ജഡത്തിന്റേതും. ജഡത്തിനു സ്വന്തം നിലനില്പുപോലും ചേതനമായ ബോധത്തില്‍ നിന്നു പകര്‍ന്നു കിട്ടുന്നതാണ്. സിനിമയിലെ ലൈറ്റിനെ ഫിലിമില്‍ നിന്നു വേര്‍പെടുത്താന്‍ കഴിഞ്ഞാല്‍ അതു ശുദ്ധമായ പ്രകാശമായി മാറുന്നതുപോലെ ജഡദൃശ്യങ്ങളില്‍ നിന്നും ബോധരൂപനായ ദൃക്കിനെ പൂര്‍ണമായി വേര്‍പെടുത്താന്‍ കഴിഞ്ഞാല്‍ അതു ശുദ്ധവും അഖണ്ഡവുമായ ഉണ്മയും ബോധവും ആനന്ദവുമായി വേര്‍തിരിഞ്ഞു സ്വയം വിളങ്ങിനില്‍ക്കും.
സിനിമാപ്രദര്‍ശനത്തിലെ ലൈറ്റെന്നപോലെ പ്രപഞ്ചപ്രതിഭാസത്തിലെ ബോധം അദ്വായവും അഖണ്ഡവും ആനന്ദസ്വരൂപവുമാണ്. പിരണാമികളായ ജഡനാമരൂപങ്ങളുമായി കലര്‍ന്നു നില്‍ക്കുമ്പോള്‍ പലതായി വിഭജിക്കപ്പെട്ടപോലെ കാണപ്പെടുന്നു എന്നേയുള്ളു. സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന നാമരൂപങ്ങളില്‍ പ്രകാശം വേര്‍തിരിഞ്ഞു കാണപ്പെടുന്നതുപോലെ. ജഡരൂപങ്ങള്‍ സൂക്ഷ്മതയില്‍ നിന്നു ക്രമേണ വളര്‍ന്നു വളര്‍ന്നു പല ഘട്ടങ്ങളില്‍ കൂടി സ്ഥൂലതയില്‍ എത്തിച്ചേരുന്നവയാണ്. സൂക്ഷമങ്ങളും സ്ഥൂലങ്ങളുമായ എല്ലാ ജഡരൂപങ്ങളെയും പ്രകാശിപ്പിക്കുന്നതു ബോധമാണ്. സൂക്ഷമ ജഡരൂപങ്ങളില്‍ അതിന്റെ പ്രതിബിംബം വ്യക്തമായി പതിയുന്നു. ജഡത്തിനു സ്ഥൂലത വര്‍ധിക്കുന്തോറും ആത്മപ്രതിബിംബത്തിനു മങ്ങലേല്‍ക്കുന്നു. ഒടുവില്‍ ബോധത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത ശുദ്ധജഡം രൂപപ്പെടുന്നു. സൂര്യനെപ്പോലുള്ള ജ്യോതിര്‍ഗോളങ്ങള്‍ ബോധപ്രതിബിംബം ശക്തിയായി ഉള്‍ക്കൊള്ളുന്നവയാണ്. ഭൂമി അത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കട്ടിപിടിച്ച ജഡമാണ്. അതുകൊണ്ടാണു സ്വര്‍ണമയമായ പാത്രം കൊണ്ടു മൂടപ്പെട്ടിരിക്കുന്ന സത്യമാണു സൂര്യനെന്ന് ഈശാവാസ്യോപനഷിത്തു വിവരിക്കുന്നത്.
പ്രപഞ്ച ഘടകങ്ങളിനെന്നപോലെ തന്നെ വ്യക്തിശരീരത്തിലെ ഘടകങ്ങളിലും ഈ സ്ഥൂലസൂക്ഷമഭേദവും ആത്മപ്രതിബിംബഭേദവും കാണാന്‍ കഴിയും. ഏകാഗ്രപ്പെട്ട ബുദ്ധിയില്‍ ബോധരൂപം വ്യക്തമായി പ്രതിബിംബിക്കുന്നു. സൂക്ഷ്മതമജഡമായ ബുദ്ധിയില്‍ക്കൂടി വ്യക്തമായി പ്രതിഫലിക്കുന്ന ആത്മജ്യോതിസ്സ് സ്ഥൂലസങ്കല്പങ്ങള്‍ കൊണ്ടു നിറഞ്ഞ മനോമണ്ഡലത്തിലെത്തുമ്പോള്‍ പ്രതിബിംബത്തിന്റെ ശക്തി മുന്‍പത്തേതിലും കുറയാനിടവരുന്നു. മനോമണ്ഡലത്തില്‍ നിന്നും ഇന്ദ്രിയങ്ങളിലെത്തുമ്പോള്‍ ജഡത്വം കുറേക്കൂടി കട്ടിപിടിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്കു പ്രവര്‍ത്തിക്കണമെങ്കില്‍ പുറത്തുള്ള മറ്റു ജഡരൂപങ്ങളെ ആശ്രയിക്കേണ്ടതായും വന്നു ചേരുന്നു. ഏറ്റവും പുറത്തുള്ള കട്ടികൂടിയ ജഡവസ്തുക്കളെ പ്രകാശിപ്പിക്കുന്ന പ്രകാശം മുതല്‍ ദൃഗ്ദൃശ്യഭാവം അന്വേഷിച്ചു പുറകോട്ടു പുറകോട്ടു ചെന്ന് ഒടുവില്‍ ശുദ്ധമായ ദൃക്കിനെ കണ്ടെത്തുന്ന അത്യുജ്ജ്വലമായ പ്രക്രിയയാണ് ആചാര്യന്‍ യുക്തിയുക്തം ഏകശ്ലോകിയില്‍ പ്രതിപാദിച്ചിരിക്കുന്നത്.
അപ്പോള്‍ ഏകശ്ലോകിയില്‍ നിന്നു ചില കാര്യങ്ങള്‍ നമുക്കു സ്പഷ്ടമായി തെളിഞ്ഞു. സ്വയം പ്രകാശിക്കുന്ന ബോധരൂപമായ ആത്മാവാണു ദൃക്ക് അഥവാ കാഴ്ചക്കാരന്‍. ബുദ്ധി തുടങ്ങി മറ്റു സര്‍വവും ഈ ദൃക്കിന്റെ ദൃശ്യങ്ങള്‍ അഥവാ കാഴ്ചകള്‍ മാത്രം. ദൃക്കു കാണാന്‍ വിസമ്മതിച്ചാല്‍ ദൃശ്യങ്ങള്‍ക്കു സ്വന്ചമായ നിലനില്പുപോലും അസ്തമിക്കും. ദൃശ്യങ്ങള്‍ ജഡങ്ങളും സ്വയം ഉണ്മ അനുഭവിക്കാന്‍ കഴിയാത്ത ശൂന്യപ്രതിഭാസങ്ങളുമാണ്. ആദ്യമൊക്കെ ദൃക്കാണെന്നു തോന്നിയ സൂര്യന്‍ മുതലായവപോലും പുറകോട്ടു പുറകോട്ടു ചെല്ലുമ്പോള്‍ ദൃശ്യങ്ങളായി മാറുന്നു. പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൃക്ക് കണ്ണാണെന്നു നാം കരുതുന്നു. ഇവിടെ കണ്ണ് ജ്ഞാനേന്ദ്രിയങ്ങളുടെ മുഴുവന്‍ പ്രതിനിധിയാണ്. മനസ്സിന്റെ അടുത്തെത്തുമ്പോള്‍ ജ്ഞാനേന്ദ്രിയങ്ങളെന്ന കണ്ണുകളെല്ലാം മനസ്സിന്റെ ദൃശ്യങ്ങള്‍ മാത്രമാണെന്നു നിസ്സന്ദേഹം തെളിയുന്നു. മനസ്സില്‍ ഏകാഗ്രപ്പെട്ട അവസ്ഥയാണു ബുദ്ധി. ബുദ്ധിയുടെ അടുത്തെത്തുമ്പോള്‍ മനഃസങ്കല്പങ്ങള്‍ മുഴുവന്‍ ബുദ്ധിയുടെ ദൃശ്യങ്ങളായിമാറുന്നു. ‘ഞാന്‍’ എന്ന ബോധസത്തയിലെത്തുന്നതോടെ ബുദ്ധിയും ദൃശ്യമായിത്തീരുന്നു. ‘ഞാനി’ നെ ദര്‍ശിക്കുവാന്‍ അതുമാത്രമേയുള്ളു; മറ്റൊന്നില്ല. അവിടെ ദൃശ്യവും ദൃക്കും ഏകീഭാവിക്കുന്നതും അതുകൊണ്ടാണ് അഹംബോധം സ്വയം പ്രകാശിക്കുന്ന സത്യമാണെന്നും മറ്റെല്ലാറ്റിനും വെളിച്ചമരുളുന്ന പ്രകാശകേന്ദ്രമാണെന്നും വേദാന്തം പ്രഖ്യാപിക്കുന്നു.
പ്രഖ്യാപനം മാത്രം കൊണ്ടായില്ലല്ലോ. അഹംബോധത്തെ ബുദ്ധിവരെയുള്ള ജഡപ്രതിഭാസങ്ങളില്‍ നിന്നു വേര്‍പെടുത്തി ഏകാന്തമായി സാക്ഷാത്കരിക്കാന്‍ പറ്റുമോ എന്നു ചിലര്‍ ചോദിച്ചേയ്ക്കാം. ഇതു സാധിക്കുമെന്നു വേദാന്തികള്‍ നിസ്സന്ദേഹം തെളിയിച്ചിട്ടുണ്ട്. ഉണര്‍ന്നിരുന്നു പ്രപഞ്ച പദാര്‍ത്ഥങ്ങളെ അനുഭവിക്കുക, സ്വപ്നം കാണുക, നിദ്രയില്‍ ലയിക്കുക എന്നിങ്ങനെ മൂന്നനുഭവമണ്ഡലങ്ങളാണ് ഒരു ലൌകികനുള്ളത്. ഈ മൂന്നു മണ്ഡലങ്ങളും ദൃക് ദൃശ്യങ്ങള്‍ കൂടിക്കലര്‍ന്നുള്ള അനുഭവങ്ങളാണ്. മനനധ്യാനങ്ങളില്‍ കൂടി സങ്കല്പങ്ങളെ പൂര്‍ണമായി നിരോധിച്ച് ഒരു യോഗിക്കനുഭവിക്കാന്‍ കഴിയുന്ന നാലാമതൊരു അനുഭവമണ്ഡലമുണ്ട്. വേദാന്തികള്‍ ഇതിനു തുരീയാനുഭവനം എന്നു പേര്‍ പറയുന്നു. തുരീയശബ്ദത്തിനു നാലാമത്തേത് എന്നേ അര്‍ഥമുള്ളു. ഇവിടെ എല്ലാ ജഡദൃശ്യങ്ങളും നീങ്ങി അദ്വയവും അഖണ്ഡവുമായ ബോധം സ്വയം പ്രകാശമായി വിളങ്ങുന്നു. ‘അഹം ബ്രഹ്മവൃത്യൈകഗമ്യം തുരീയം’ എന്നാണ് ആചാര്യസ്വാമികള്‍ തന്നെ ഈ അനുഭൂതിയെ വിവരിക്കുന്നത്. നശ്വരങ്ങളായ ജഡപ്രതിഭാസങ്ങളൊന്നും ഞാനല്ല. എല്ലാ പ്രപഞ്ചപ്രതിഭാസങ്ങള്‍ക്കും ആധാരഭൂതമായ അഖണ്ഡ ബ്രഹ്മസത്യമാണു ഞാന്‍. ഇത്തരത്തിലുള്ള നിരന്തരാനുസന്ധാനം കൊണ്ടുതെളിയേണ്ടതാണീ അനുഭൂതിമണ്ഡലം. മേല്‍പറഞ്ഞ നിരന്തരാനുസന്ധാനം മനുഷ്യനെ ഈശ്വരനാക്കി ഉയര്‍ത്തും. അവനില്‍ സര്‍വസാഹോദര്യവും സഹിഷ്ണുതയും ത്യാഗസന്നദ്ധതയും വളര്‍ത്തും. ഇതൊന്നുകൊണ്ടു മാത്രമേ നിര്‍ഭയവും നിസ്വാര്‍ഥവുമായ മനുഷ്യസേവനം സാദ്ധ്യമാവൂ. ഈ സത്യ ബോധത്തോടെ അനുവര്‍ത്തിക്കുന്ന കര്‍മപരിപാടിയാണു കര്‍മയോഗം. പൂര്‍ണാനുഭവം നേടുന്നതുവരെ നിരന്തരമായ ബ്രഹ്മാനുസുന്ധാനവും സ്വധര്‍മാനുഷ്ഠാനവുമാണു വേദാന്തി ആവശ്യപ്പെടുന്നത്. പ്രപഞ്ചത്തെ മിഥ്യയെന്നു പറഞ്ഞു തള്ളുന്നതു മാത്രമാണു വേദാന്തമെന്നു ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്.വേദാന്ത ചിന്തയുടെ മര്‍മം അക്കൂട്ടര്‍ വിസ്മരിക്കുന്നു.
ചുരുക്കത്തില്‍ സത്യാന്വേഷണത്തില്‍ അവനവനെ മാറ്റിനിറുത്തുന്നതുകൊണ്ടാണു കൂരിരുട്ടില്‍ തപ്പിത്തടയാന്‍ ഇടയാകുന്നത്. വഴിയാത്രപുറപ്പെട്ട പത്തുപേരില്‍ പത്താമനെ കാണാതായ കഥപോലെയാണിത്. പത്തുപേര്‍ ഒരുമിച്ചൊരു വഴിയാത്ര പുറപ്പെട്ടു. മാര്‍ഗമദ്ധ്യത്തില്‍ അവര്‍ക്കൊരു നദി നീന്തിക്കടക്കേണ്ടതായി വന്നു. നദിയുടെ മറുകരയെത്തിയ ശേഷം അവര്‍ പത്തുപേരും ഉണ്ടോയെന്നെണ്ണിനോക്കി. ഒരാള്‍ വീതം മാറിനിന്നാണെണ്ണിയത്. പത്തുപേരും മാറിമാറി എണ്ണിനോക്കിയിട്ടും ഒന്‍പതുപേരെ മാത്രമേ കാണ്മാനുണ്ടായിരുന്നുള്ളു. പത്താമന്‍ നദിയില്‍ നഷ്ടപ്പെട്ടു എന്നു കരുതി അവര്‍ നെഞ്ചത്തടിച്ചു നിലവിളിച്ചു. ഇതു കാണാനിടയായ ഒരു വഴി പോക്കന്‍ കാര്യ ചോദിച്ചറിഞ്ഞു. പത്തുപേരേയും നിരത്തിനിറുത്തി എണ്ണിക്കാണിച്ചു ബോധ്യപ്പെടുത്തി. നേരത്തേ അവര്‍ തന്നെ എണ്ണിയപ്പോള്‍ എണ്ണിയാള്‍ തന്നെ ഗണിക്കാതിരുന്നതാണ് പത്താമന്‍ നഷ്ടപ്പെട്ടുവെന്ന തോന്നലിനിടയാക്കിയതെന്നും ബോധ്യപ്പെടുത്തി. പ്രപഞ്ചരഹസ്യം തെളിയാതിരിക്കുന്നതും ഇതുപോലെയാണ്. സത്യം മറഞ്ഞുപോയിരിക്കുന്നത് അവനവനിലാണ്. അതുകൊണഅട് തന്നെ മാറ്റിനിറുത്തിയിട്ടു പുറമേ സത്യം തിരയുന്നയാള്‍ക്ക് ഒരിക്കലും നിലനില്പിന്റെ പൊരുള്‍ തെളിഞ്ഞു കിട്ടുകയില്ല. നേരേ മറിച്ച് അവനവനില്‍ ബോധസത്യത്തെ കണ്ടെത്തി കളങ്കം മാറ്റി തെളിച്ചനുഭവിക്കുന്ന ഒരാള്‍ക്ക് അതോടെ ജഗത്തിന്റെ മുഴുവന്‍ സത്യം മറമാറി അനുഭവഗോചരമായി ഭവിക്കുന്നു. ഇക്കാര്യമാണ് ഏകാശ്ലോകിയിലൂടെ ആചാര്യപാദര്‍ അത്യന്തം ലളിതമായി വെളിപ്പെടുത്തിയിരിക്കുന്നത്.
തുഞ്ചത്താചാര്യന്‍ ഏകാശ്ലോകിയുടെ ഒരു ഭാഷാ വിവര്‍ത്തനം ഹരിനാമകീര്‍ത്തനത്തില്‍ ചേര്‍ത്തിട്ടുണ്ട്.
അര്‍ക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നുകണ്ണുമനമാകുന്ന കണ്ണുതിനു
കണ്ണായിരുന്ന പൊരുള്‍ താനെന്നുറയ്ക്കുമള-
വാനന്ദമെന്തു ഹരിനാരായണായ നമഃ.
സൂര്യന്‍, അഗ്നി തുടങ്ങിയ ജ്യോതിസ്സുകളെ ഗ്രഹിക്കുന്ന കണ്ണാണു കണ്ണ്. ആ കണ്ണിന്റെ കണ്ണാണു മനസ്സ്. അതിനും പ്രകാശമരുളുന്ന കണ്ണാണു ‘താന്‍’ എന്നറിയുമ്പോഴുണ്ടാകുന്ന ആനന്ദം എത്ര അതിരറ്റതാണ്. അതറിയുന്നതന്നെയാണെന്നു നിസ്സന്ദേഹം തെളിയും. ഈ സത്യാനുഭവമാണു വേദാന്തത്തിന്റെ പരമലക്ഷ്യം.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ