ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 42

തസ്മാദജ്ഞാനസംഭൂതം
ഹൃത്സ്ഥം ജ്ഞാനാസിനാത്മനഃ
ഛിത്വൈനം സംശയം യോഗം
ആതിഷ്ഠോത്തിഷ്ഠ ഭാരത

അല്ലയോ ഭാരത, ആകയാല്‍ അജ്ഞാനംകൊണ്ട് ഉണ്ടായിട്ടുള്ള നിന്റെ ഹൃദയത്തിലിരിക്കുന്ന സംശയത്തെ ജ്ഞാനമാകുന്ന വാളുകൊണ്ടു മുറിച്ചു തള്ളിയിട്ട് ഈ യോഗത്തെ സമാശ്രയിക്കൂ. ധീരനായി എഴുന്നേല്‍ക്കൂ.

സംശയം എത്രത്തോളം ഉഗ്രമായി വളര്‍ന്നാലും അതിനെ ശമിപ്പിക്കാന്‍ ഒരു വഴിയുണ്ട്. ജ്ഞാനത്തിന്റെ ചന്ദ്രഹാസം കൈവശമുള്ള ഒരുവന് മൂര്‍ച്ചയേറിയ ആ ആയുധംകൊണ്ട് സംശയത്തെ നിശേഷം മുറിച്ചു നീക്കാന്‍ കഴിയും അതുകൊണ്ട് അല്ലയോ പാര്‍ത്ഥാ, നിന്റെ മനസ്സിലുണ്ടായിട്ടുള്ള സംശയത്തെ നശിപ്പിച്ച് യുദ്ധത്തിന് തയ്യാറായി എഴുന്നേല്‍ക്കുക.

അല്ലയോ ധൃതരാഷ്ട്ര മഹാരാജാവേ, എല്ലാ അവബോധത്തിന്‍റേയും ജനയിതാവും വിജ്ഞാനദീപവും കരുണാമയനുമായ ഭഗവാന്‍ മേല്‍പ്പറഞ്ഞ പ്രകാരം അര്‍ജ്ജുനനെ ഉപദേശിച്ചു. ഭഗവാനില്‍ നിന്നു നേരത്തേ കേട്ട ഉപദേശത്തിന്റെ വെളിച്ചത്തില്‍, സന്ദര്‍ഭത്തിനു അനുയോജ്യമായ വിധത്തില്‍ അര്‍ജ്ജുനന്‍ ചോദിച്ചതിനെപ്പറ്റിയെല്ലാം പിന്നീടു പറയുന്നതാണ്.

സഞ്ജയന്‍ മഹാരാജാവിനോടു പറഞ്ഞു.

അതിന്റെ തുടര്‍ച്ചയായി അവിടെ നടക്കുന്ന സംഭവങ്ങളും അര്‍ത്ഥഗര്‍ഭമായ സംഭാഷണങ്ങളും അതില്‍ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും രസവിശേഷങ്ങളും അര്‍ത്ഥസംപുഷ്ടവും മഹാര്‍ണ്ണവംപോലെ അഗാധവുമാണ്. സൂര്യബിംബം എത്രയോ ചെറുതായിട്ടാണ് നമുക്ക് ഗോചരീഭവിക്കുന്നത്. എന്നാല്‍ അതിന്റെ പ്രകാശധോരിണി മൂന്നുലോകങ്ങളുടേയും സീമയെ ലംഘിക്കുന്നില്ലേ? അതുപോലെ വാക്കുകള്‍ക്ക് സര്‍വ്വതോന്മുഖമായ ശക്തിയാണുള്ളത്. കല്പതരു ഓരോരുത്തര്‍ക്കും അവരവര്‍ക്കുള്ള ആഗ്രഹങ്ങളെ നിറവേറ്റിക്കൊടുക്കുന്നു. അതുപോലെയാണ് സര്‍വ്വവ്യാപിയായ വാക്കുകള്‍.

ഞാന്‍ എന്തിനധികം പറയണം. എനിക്കു പറയാനുള്ളത് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കണമെന്ന് മാത്രമാണ് എന്റെ അപേക്ഷ. സുശീലയും സുഭഗയും ഉന്നതകുലജാതയുമായ ഒരു യുവതിയെപോലെ സാത്ത്വികഭാവങ്ങളോടു കൂടിയതും സാഹിത്യമേന്മ നിറഞ്ഞതുമായുള്ള അഭിജാതമായ ഒരു കഥയാണു നിങ്ങളുടെമുമ്പാക ഉള്ളത്. എല്ലാവരും ഇഷ്ടപ്പെടുന്ന പഞ്ചസാരപൊതിഞ്ഞ ഔഷധം ആരാണു സന്തോഷത്തോടെ ക്രമം തെറ്റാതെ കഴിക്കാത്തത്? മലയപര്‍വ്വതത്തില്‍ നിന്നു വീശുന്ന സുഗന്ധിയായ മന്ദാരമാരുതനോടൊപ്പം, മധുവും മധുരസംഗീതവുംകൂടി അനുഭവിക്കുന്നതിനുള്ള ഭാഗ്യം സിദ്ധിച്ചാല്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ കുളിര്‍മ അനുഭവിക്കാന്‍ ഇടയാകുന്നു. അതുപോലെ ഈ കഥ ശ്രവിച്ചാല്‍ പ്രാപഞ്ചിക ദുഃഖങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും മനസ്സ് സ്വസ്ഥമാകുകയും ചെയ്യും. ഒരു മന്ത്രം കൊണ്ട് ശത്രുവിനെ നശിപ്പിക്കുവാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തിനാണ് വാള്‍ ഉപയോഗിക്കുന്നത്? മാധുര്യം കലര്‍ന്ന പാല്‍കൊണ്ട് രോഗശമനം ഉണ്ടാകുമെങ്കില്‍ പിന്നെ കയ്ക്കുന്ന വേപ്പിന്‍നീരു കുടിക്കേണ്ട ആവശ്യമുണ്ടോ? മനസ്സിന് കടിഞ്ഞാണിടാതേയും ഇന്ദ്രിയങ്ങളെ പീഢിപ്പിക്കാതെയും ഈ കഥാശ്രവണം കൊണ്ടുതന്നെ മോചനം നേടാവുന്നതാണ്.

ആകയാല്‍ നിവൃത്തിനാഥിന്റെ ശിഷ്യനായ ജ്ഞാനദേവന്‍ നിങ്ങളോടുപറയുന്നു നിങ്ങള്‍ എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ച് ഗീതയുടെ മഹത്വം ശ്രവിക്കുക.

ഓം തത് സത്
ഇതി ശ്രീമത് ഭഗവദഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുനസംവാദേ
ജ്ഞാനകര്‍മ്മസംന്യാസ‌യോഗോ നാമ
ചതുര്‍ത്ഥോഽദ്ധ്യായഃ

ജ്ഞാന കര്‍മ്മസന്ന്യാസയോഗം എന്ന നാലാം അദ്ധ്യായം കഴിഞ്ഞു.