ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം അഞ്ച്

കര്‍മ്മസന്ന്യാസയോഗം

ശ്ലോകം 1

അര്‍ജ്ജുന ഉവാച:
സംന്യാസം കര്‍മ്മണാം കൃഷ്ണ!
പുനര്‍യോഗം ച ശംസസി
യച്ഛറേയ ഏതായോരേകം
തന്മേ ബ്രൂഹി സുനിശ്ചിതം.

അല്ലയോ കൃഷ്ണ! കര്‍മ്മങ്ങള്‍ പരിത്യജിക്കണമെന്നും അതോടൊപ്പം കര്‍മ്മയോഗം അനുഷ്ഠിക്കണമെന്നും അങ്ങു പറയുന്നു. ഇവ രണ്ടില്‍ ഏതാണ് അധികം ശ്രേയസ്കരമെന്നുവെച്ചാല്‍ അതു നിശ്ചയിച്ച് എനിക്ക് പറഞ്ഞുതന്നാലും.

അര്‍ജ്ജുനന്‍ കൃഷ്ണനോട് പറഞ്ഞു:

ഹേ കൃഷ്ണാ, അങ്ങയുടെ ഉപദേശങ്ങള്‍ എത്രത്തോളം ചിന്താക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. വ്യക്തമായ ഒരു പ്രവര്‍ത്തനരീതി മാത്രം പറഞ്ഞുതന്നിരുന്നുവെങ്കില്‍ അതു മനസ്സില്‍ തങ്ങിനില്‍ക്കുമായിരുന്നു. അതിനുപകരം എല്ലാ കര്‍മ്മങ്ങളും പരിത്യജിക്കണമെന്ന് വിശദമായി ആദ്യം ഉപദേശിച്ചു. അടുത്തനിമിഷത്തില്‍ കര്‍മ്മം ചെയ്യേണ്ടതിന്റെ ആവശ്യത്തെപ്പറ്റി വാനോളം പുകഴ്ത്തുന്നു. യുദ്ധംചെയ്യുന്നതിന് എന്നോട് ഉപദേശിക്കുന്നു.

അങ്ങയുടെ വാക്കുകള്‍ ഗ്രഹിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ അതു തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാകയാല്‍ അജ്ഞനായ എനിക്കു വേണ്ടതുപോലെ ഗ്രഹിക്കാന്‍ കഴിയുന്നില്ല. സത്തായ സത്യത്തെപ്പറ്റി ഉപദേശിക്കുകയാണ് അങ്ങയുടെ ഉദ്ദേശമെങ്കില്‍, അതു വ്യക്തവും സ്പഷ്ടവുമായിട്ടു വേണമെന്നു ഞാന്‍ പ്രത്യേകം പറയേണ്ടതുണ്ടോ? പരമമായ സത്യത്തെപ്പറ്റി ചുരുക്കത്തിലല്ലാതെ വിശദമായിത്തന്നെ പറയണമെന്നു ഞാന്‍ ആദ്യമേ അപേക്ഷിച്ചതല്ലേ? അതങ്ങനെയിരിക്കട്ടെ.

കര്‍മ്മത്തെ പരിത്യജിക്കുന്നതോ അതോ പരിണയിക്കുന്നതോ, ഏതാണ് അനശ്വരവും ശ്രേഷ്ഠവുമായ ഉണ്മയുടെ വെളിച്ചം പകരുന്നതിന് ഉതകുക? അതിലേതാണ് അനായേസേന ആചരിക്കാന്‍ പറ്റിയത്? ഇപ്പോഴെങ്കിലും അസന്ദിഗ്ദ്ധമായും അവിതര്‍ക്കിതമായും അതിനെക്കുറിച്ചെല്ലാം എന്നോട് പറഞ്ഞാലും. അത് ഉറക്കം കെടുത്താതെ ദീര്‍ഘദൂരം പോകുന്ന ഒരു പല്ലക്കുയാത്രപോലെ സുഖപ്രദവും ആനന്ദകരവും ആയിരിക്കണം.

പാര്‍ത്ഥന്റെ ഈ വിധത്തിലുള്ള സംസാരം പാര്‍ത്ഥസാരഥിക്ക് അത്യന്തം മനോരഞ്ജകമായി തോന്നി. അദ്ദേഹം ആമോദത്തോടെ പറഞ്ഞു:

ശരി, അങ്ങനെ തന്നെ. നീ പറയുന്നതുപോലെയായിരിക്കും.

ജ്ഞാനേശ്വരന്‍ പറയുന്നു: ശ്രോതാക്കളേ, ശ്രദ്ധിക്കുക. കാമധേനുവിനെപ്പോലെ സര്‍വ്വകാമങ്ങളേയും സാധിച്ചുകൊടുക്കുന്ന ഒരമ്മയുടെ അനുഗ്രഹ ഭാഗ്യമുണ്ടെങ്കില്‍, അമ്പിളിയെപ്പോലും ഒരു ശിശുവിന് കളിപ്പാട്ടമായി ലഭിക്കുന്നതാണ്. പാല്‍ കുടിക്കണമെന്നുള്ള ഉപമന്യുവിന്റെ ആഗ്രഹപൂര്‍ത്തിക്കായി ഉമാമഹേശ്വരന്‍ പ്രസാദിച്ച് ഒരു പാല്‍ക്കടല്‍തന്നെ ഉണ്ടാക്കിക്കൊടുത്തില്ലേ? അതുപോലെ ഭഗവാന്റെ കാരുണ്യവും അനുകമ്പയും ആവോളമുള്ളപ്പോള്‍ ധനുര്‍ദ്ധരന് എങ്ങനെ സന്തോഷിക്കാതിരിക്കാന്‍ കഴിയും? ലക്ഷ്മീ കാന്തനായ ഭഗവാന്‍ തന്റെ ഉറ്റതോഴനും നാഥനുമായിരിക്കുമ്പോള്‍ അര്‍ജ്ജുനനന് അദ്ദേത്തോട് എന്താണ് ചോദിക്കാന്‍ പാടില്ലാത്തത്? അറിവ് നല്കാനാണ് അര്‍ജുനന്‍ അച്യുതനോട് അപേക്ഷിച്ചത്. അധികം സന്തോഷത്തോടെ അദ്ദേഹം അതുനല്കി. ഭഗവാന്‍ പറഞ്ഞതെന്താണെന്നു ഞാന്‍ പറയാം.