ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 3

ജ്ഞേയഃ സ നിത്യസംന്യാസി
യോ ന ദ്വേഷ്ടി ന കാംഷതി
നിര്‍ദ്വന്ദ്വോ ഹി മഹാബാഹോ
സുഖം ബന്ധാത് പ്രമുച്യതേ

അല്ലയോ മഹാബാഹോ, ആരാണ് ഒന്നിനേയും ദ്വേഷിക്കാതിരിക്കുന്നത്, ഒന്നിനേയും ഇച്ഛിക്കാതിരിക്കുന്നത്, അവന്‍ നിത്യസന്ന്യാസിയാണെന്നറിയൂ. എന്തെന്നാല്‍ അവന്‍ സുഖദുഃഖാദി ദ്വന്ദങ്ങളില്ലാത്തവനാണ്. അവന്‍ കര്‍മ്മ ബന്ധത്തില്‍നിന്നു പ്രയാസം കൂടാതെ മോചിക്കപ്പെടുന്നു.

അല്ലയോ അര്‍ജ്ജുനാ, നഷ്ടപ്പെട്ട യാതൊന്നിനെപ്പറ്റിയും വ്യാകുലപ്പെടാതിരിക്കുക; ഇപ്രകാരമുള്ളവര്‍ നിത്യസന്യാസിയാണെന്നറിയുക. ഇപ്രകാരമുള്ള മാനസികാവസ്ഥയിലെത്തിയ ഒരുവന്‍ കര്‍മ്മബന്ധത്തില്‍ നിന്ന് വിമുക്തനാണ്. തന്മൂലം അവന്‍ അനവരതം ആനന്ദത്തില്‍ ആറാടുന്നു. ഒന്നുമായി ഒരു ബന്ധവുമില്ലെന്നുള്ള യാഥാര്‍ത്ഥ്യം അവന് ഉത്തമബോധ്യമുള്ളതുകൊണ്ട് വീടോ കുടുംബമോ സ്വത്തുക്കളോ ഉപേക്ഷിക്കേണ്ട ആവശ്യമൊന്നും അവനില്ല. അഗ്നി കെട്ടടങ്ങിയശേഷം അവശേഷിക്കുന്ന ചാരം തുണിയില്‍ പൊതിഞ്ഞുകെട്ടാവുന്നതുപോലെ ആഗ്രഹങ്ങള്‍ നിശേഷം ഇല്ലാതായ ഒരുവന്‍ ഒരിക്കലും കര്‍മ്മത്താല്‍ ബന്ധിക്കപ്പെടുന്നില്ല. അസമാധാനമോ അഭിലാഷമോ ഇല്ലാത്ത അവന്റെ മനസ്സ് പരിത്യാഗത്തിന്റെ പരിശുദ്ധിയെ പുണരുന്നു. ഇക്കാരണത്താല്‍ കര്‍മ്മ പരിത്യാഗവും കര്‍മ്മയോഗവും കൈകോര്‍ത്തുപിടിച്ച് ഒരേ വഴിയില്‍ കൂടിയാണ് മുന്നോട്ടു നീങ്ങുന്നതെന്നറിയുക.