ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 8, 9
നൈവ കിഞ്ചിത് കരോമീതി
യുക്തോ മന്യതേ തത്ത്വവിത്
പശ്യന്‍ ശൃണ്വന്‍ സ്പൃശന്‍ ജിഘ്രന്‍
അശ്നന്‍ ഗച്ഛന്‍ സ്വപന്‍ ശ്വസന്‍
പ്രലപന്‍ വിസൃജന്‍ ഗൃഹ്ണന്‍
ഉന്മിഷന്‍ നിമിഷന്നപി
ഇന്ദ്രിയാണീന്ദ്രിയാര്‍ത്ഥേഷു
വര്‍ത്തന്ത ഇതി ധാരയന്‍
കര്‍മ്മയോഗിയായവന്‍ ക്രമേണ തത്ത്വവിത്തായി ഭവിച്ച് (ആത്മതത്ത്വത്തെ അറിഞ്ഞ്) കണ്ടും കേട്ടും തൊട്ടും ഘ്രാണിച്ചും ഭക്ഷിച്ചും നടന്നും ഉറങ്ങിയും ശ്വസിച്ചും സംസാരിച്ചും വിസര്‍ജ്ജിച്ചും (കൈകളെക്കൊണ്ട്) ചെയ്യേണ്ട ജോലി ചെയ്തും കണ്ണടച്ചും മിഴിച്ചുംകൊണ്ടിരിക്കുന്നവെങ്കിലും ഇന്ദ്രിയങ്ങള്‍ അവയുടെ കാര്യങ്ങളായ ശബ്ദാദിവിഷയങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന് ബുദ്ധികൊണ്ട് നിശ്ചയിച്ച് ഒരു കാര്യവും ഞാന്‍ ചെയ്യുന്നതേയില്ല എന്നു വിചാരിക്കുന്നു.
വസ്തു വിചാരപൂര്‍വ്വം മനസ്സിനെ സമനിലയില്‍ എത്തിച്ച് ആത്മാനുഭവം നേടിയ യോഗിയില്‍, അദ്ദേഹം ശരീരം വെടിയുന്നതിനുമുമ്പുതന്നെ, അദൃശമായ ബ്രഹ്മത്തെ സംബന്ധിച്ച പരിപൂര്‍ണ്ണ ജീവിതത്തിന്റെ ദൃശ്യലക്ഷണങ്ങള്‍ കാണപ്പെടുന്നു. എന്നാല്‍ സാധാരണ മനുഷ്യരെപ്പോലെ അദ്ദേഹവും എല്ലാ കര്‍മ്മങ്ങളിലും ഏര്‍പ്പട്ടിരിക്കുന്നതു കാണാം. അദ്ദേഹത്തിന്റെ കണ്ണുകള്‍ കൊണ്ടുകാണുന്നു. ചെവികള്‍കൊണ്ടുകേള്‍ക്കുന്നു. എന്നാല്‍ കാണുന്നതിലും കേല്‍ക്കുന്നതിലും അദ്ദേഹം കുരുങ്ങുന്നില്ല എന്നുള്ളതാണ് വിചിത്രകരമായ വസ്തുത. അദ്ദേഹത്തിന് സ്പര്‍ശന പ്രാപ്തിയുണ്ട്, ഘ്രാണശക്തിയുണ്ട്, സന്ദര്‍ഭത്തിനനുസരിച്ച് സംസാരിക്കാനുള്ള കഴിവും ഉണ്ട്. അദ്ദേഹം ഭഷണം കഴിക്കുന്നു, നിഷിദ്ധമായവ ഒഴിവാക്കുന്നു, യഥാസമയം സുഖസുഷുപ്തിയില്‍ ലയിക്കുന്നു, ഇഷ്ടംപോലെ ചിരിക്കുന്നു. എല്ലാ കര്‍മ്മങ്ങളും അദ്ദേഹം ചെയ്യുന്നു. അര്‍ജ്ജുനാ ഇപ്രകാരം അദ്ദേഹം ചെയ്യുന്ന ഓരോ കാര്യവും ഞാന്‍ പറയണോ? അദ്ദേഹം ശ്വസിക്കുന്നു, കണ്ണിമയ്ക്കുന്നു. എന്നാല്‍ ആത്മജ്ഞാനം സിദ്ധിച്ചവനായതുകൊണ്ട് താന്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെയൊന്നും കര്‍ത്തൃത്വം തനിക്കില്ലെന്നു വിശ്വസിക്കുന്നു. അദ്ദേഹം കര്‍മ്മത്താല്‍ ബന്ധിക്കപ്പെടുന്നില്ല. അദ്ദേഹം അനവധാനതയുടേയും അജ്ഞതയുടേയും തല്പത്തില്‍ നിദ്രയിലായിരുന്നപ്പോള്‍ സുന്ദരസ്വപ്നങ്ങള്‍ അദ്ദേഹത്തെ വ്യാമോഹിപ്പിച്ചിരുന്നു. എന്നാല്‍ പരിശുദ്ധജ്ഞാനത്തിന്റെ ഉദയത്തോടുകൂടി ഉന്നിദ്രനായ അദ്ദേഹത്തിന്റെ ആത്മാവ് പ്രബുദ്ധമായി തീര്‍ന്നിരിക്കുന്നു.