ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 10

ബ്രഹ്മണ്യാധായ കര്‍മ്മാണി
സംഗം ത്യക്ത്വാ കരോതി യഃ
ലിപ്യതേ ന സ പാപേന
പദ്മപത്രമിവാംഭസാ

യാതൊരുവന്‍ കര്‍മ്മങ്ങളെ ഈശ്വരങ്കല്‍ സമര്‍പ്പിച്ച്, തല്‍ഫലത്തിലുള്ള ഇച്ഛയെ ഉപേക്ഷിച്ചുചെയ്യുന്നുവോ, അങ്ങനെയുള്ള കര്‍മ്മയോഗി വെള്ളത്തില്‍കിടക്കുന്ന താമരയില വെള്ളംകൊണ്ടുനനയാതിരിക്കുന്നതുപോലെ. പാപം കൊണ്ട് ഒരിക്കലും കളങ്കപ്പെടുകയില്ല.

ഇപ്രകാരമുള്ള ഒരു നിലയിലെത്തിക്കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഇന്ദ്രിയവാസനകള്‍, അവ ശരീരത്തില്‍ വേരൂന്നിനില്‍ക്കുന്നതുകൊണ്ട് തുടര്‍ന്നും ഉണര്‍ന്നിരിക്കുന്നു. ഒരു വീട്ടിലുള്ള വിളക്ക് അതിന്റെ വെളിച്ചംകൊണ്ട് വീട്ടിലെ നിത്യകാര്യങ്ങള്‍ നടത്തുന്നതിനു സഹായകമാകുന്നു. എന്നാല്‍ ഒരു വിധത്തിലും വിളക്കിനെ ഒന്നുംതന്നെ ബാധിക്കുന്നില്ല. അതുപോലെ ഒരു കര്‍മ്മയോഗിയുടെ ശരീരത്തില്‍നിന്ന് എല്ലാ പ്രവര്‍ത്തനങ്ങളും ഉടലെടുക്കുന്നു. അദ്ദേഹം എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. എങ്കിലും ഒന്നുമായും ഒട്ടിപ്പിടിക്കുന്നില്ല. വെള്ളത്തില്‍ കിടക്കുന്ന താമരയില വെള്ളംകൊണ്ടു നനയാത്തതുപോലെ അദ്ദേഹം ഒരിക്കലും കര്‍മ്മത്താല്‍ ബന്ധിതനാകുന്നില്ല.