ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 11

കായേന മനസാ ബുദ്ധ്യാ
കേവലൈരിന്ദ്രിയൈരപി
യോഗിനഃ കര്‍മ്മ കുര്‍വ്വന്തി
സംഗം ത്യക്ത്വാത്മശുദ്ധയേ

യോഗം ശീലിക്കുന്നവരാക‌ട്ടെ, ആത്മസാക്ഷാല്‍ക്കാരത്തെ ലക്ഷ്യമാക്കി സര്‍വ്വസംഗപരിത്യാഗികളായി ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും കേവലം ഇന്ദ്രിയങ്ങളെക്കൊണ്ടും കര്‍മ്മം ചെയ്യുന്നു.

ബുദ്ധിയുടെ പ്രേരണ വകവയ്ക്കാതെ, മനസ്സില്‍ ചിന്ത അംഗുരിക്കാതെ ചെയ്യുന്ന പ്രവര്‍ത്തനത്തെ ശാരീരികപ്രവര്‍ത്തനം എന്നുപറയാം കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ കര്‍മ്മയോഗിയുടെ പ്രവര്‍ത്തനം ഒരു കുട്ടിയുടെ കളിയോടും അലക്ഷ്യമായ പ്രവര്‍ത്തനത്തിനോടും സാദൃശ്യമുള്ളതാണ്. പഞ്ചഭൂത നിര്‍മ്മിതമായ ഈ ശരീരം നിദ്രയില്‍ അമരുമ്പോള്‍ മനസ്സുമാത്രം ഒരു സ്വപ്നലോകത്തിലെന്നപോലെ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ അമൂര്‍ത്തമായ അഭിലാഷങ്ങളുടെ പ്രേരണയില്‍പ്പെട്ട്, ശരീരത്തിന്റെ അറിവുകൂടാതെതന്നെ ഒരുവന്‍ സുഖവും ദുഃഖവും അനുഭവിക്കുന്നു. ധനുര്‍ദ്ധരാ, ഇതെത്രമാത്രം വിചിത്രമാണെന്ന് ആലോചിച്ചുനോക്കൂ.

ഇന്ദ്രിയങ്ങള്‍ക്കുപോലും അപരിചിതമായ ഈ പ്രവര്‍ത്തനം കേവലം മനോവ്യാപാരം മാത്രമാണ്. കര്‍മ്മയോഗികളും ഇതുപോലെയുള്ള മനസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കാറുണ്ടെങ്കിലും ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവത്തില്‍ നിന്ന് സ്വതന്ത്രരായി നില്‍ക്കുന്നതുകൊണ്ട് അവര്‍ അതില്‍ കുടുങ്ങിപോവുകയില്ല. ബുദ്ധിക്കു സ്ഥിരതയില്ലാത്ത ഒരുവന്റെ മനസ്സിനു വിഭ്രാന്തിയുടെ താഡനം ഏല്ക്കുമ്പോള്‍ അയാളുടെ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ചിട്ടയില്ലാതാവുന്നു. അയാള്‍ക്കു കാഴ്ചശക്തിയുണ്ടായിരിക്കും. ചുറ്റുംനില്‍ക്കുന്ന ആളുകളെ കാണാനും അവര്‍ പറയുന്നതുകേള്‍ക്കാനും കഴിയും. അയാള്‍ സംസാരിക്കുകയും ചെയ്യും. എന്നാല്‍ ഇതൊക്കെയാണെങ്കിലും അയാള്‍ ഒന്നും മനസ്സിലാക്കുന്നതായി തോന്നുകയില്ല. വേറൊരു രീതിയില്‍പറഞ്ഞാല്‍ ആന്തരോദ്ദേശമൊന്നുമില്ലാതെയുള്ള കര്‍മ്മങ്ങള്‍ കേവലം ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തികള്‍ മാത്രമാണ്. മനഃപൂര്‍വ്വമായും പൂര്‍ണ്ണമായ അറിവോടുകൂടിയും ചെയ്യുന്ന കര്‍മ്മങ്ങളാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധിയുടെ പ്രവൃത്തികള്‍. വിവേചനാശക്തി ഉപയോഗിച്ച് വിവേകപൂര്‍ണ്ണമായി കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കര്‍മ്മബന്ധത്തില്‍നിന്നു മോചിതരാവുന്നു. ധിക്ഷണാപരവും ശാരീരികവുമായ പ്രവര്‍ത്തനപരിധിയില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട് അഹംഭാവലേശമില്ലാതെ കര്‍മ്മം ചെയ്യുന്നവന്‍ പ്രവര്‍ത്തനവേളയില്‍പോലും നിര്‍മ്മലനായിരിക്കും. താന്‍ കര്‍ത്താവാണെന്നുള്ള ധാരണയില്ലാതെ ചെയ്യുന്ന കര്‍മ്മം അകര്‍മ്മമാണ്. പക്ഷേ ഈ യാഥാര്‍ത്ഥ്യം ശരിക്കും മനസ്സിലാക്കണമെങ്കില്‍ അനുഭവജ്ഞാനമുള്ള ഒരു ഗുരുവിന്റെ ഉപദേശം അനിവാര്യമാണ്. അപ്രകാരമുള്ള ഒരവസ്ഥയിലെത്തുമ്പോള്‍ നിന്റെ ഹൃദയം കരകവിഞ്ഞൊഴുകുന്ന ആനന്ദസരിത്താകും. വാക്കുകളെകൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയാത്ത ആ പരമസത്യമാണ് ഞാനിപ്പോള്‍ നിന്നോട് പറഞ്ഞത്. ഇന്ദ്രിയങ്ങള്‍ക്ക് ഇന്ദ്രിയവിഷയങ്ങളിലുള്ള ആസക്തി നിശ്ശേഷം നശിച്ച ഒരാള്‍ക്കുമാത്രമേ ഇതു കേള്‍ക്കുന്നതിനുള്ള യോഗ്യതയുള്ളൂ.

ഇത്രയുമായപ്പോള്‍ ശ്രോതാക്കള്‍ പറഞ്ഞു: അങ്ങയുടെ സംഭാഷണം കേന്ദ്രബിന്ദുവില്‍നിന്നകന്നുപോകുന്നു. സാമാന്യമനസ്സിനു ദുര്‍ഗ്രാഹ്യവും ഉന്നതമായ വിചാരശക്തിക്കുപോലും അപ്രാപ്യവുമായ ഗൂഢമായ സത്യം ഞങ്ങളുടെ ഭാഗ്യം കൊണ്ടാണ് അങ്ങ് ഞങ്ങളെ വിവരിച്ചു കേള്‍പ്പിച്ചത്. ഇതിവിടെ നിര്‍ത്തിയിട്ട് അങ്ങ് വിവരിച്ചു പറയുന്ന കഥയുടെ ചരടുപൊട്ടിക്കാതെ തുടര്‍ന്നാലും.

കൃഷ്ണനും അര്‍ജ്ജുനനും തമ്മിലുള്ള സംവാദം കേള്‍ക്കുന്നതിനു ശ്രോതാക്കള്‍ ആകാംഷ പ്രകടിച്ചപ്പോള്‍ അതില്‍ അതീവ സന്തുഷ്ടി പൂണ്ട് നിവൃത്തിനാഥിന്റെ ശിഷ്യനായ ജ്ഞാനേശ്വരന്‍ പറയാന്‍ തുടങ്ങി:

അല്ലയോ ശ്രോതാക്കളേ, കൃഷ്ണാര്‍ജ്ജുനസംവാദം കേട്ടാലും. കൃഷ്ണന്‍ അര്‍ജ്ജുനനോടു പറഞ്ഞു:

അര്‍ജ്ജുനാ, പരിപൂര്‍ണ്ണതയിലെത്തിയ ഒരു കര്‍മ്മയോഗിയുടെ എല്ലാ ലക്ഷണങ്ങളും ഞാന്‍ വ്യക്തമായി നിന്നോടു പറയാം. നല്ലവണ്ണം ശ്രദ്ധിക്കുക.