ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 12

യുക്തഃ കര്‍മ്മഫലം ത്യക്ത്വാ
ശാന്തിമാപ്നോതി നൈഷ്ഠികീം
അയുക്തഃ കാമകാരണേ
ഫലേ സക്തോ നിബന്ധ്യതേ

ഈശ്വരനില്‍തന്നെ നിഷ്ഠയോടുകൂടിയിരിക്കുന്ന നിഷ്കാമ കര്‍മ്മയോഗി, കര്‍മ്മഫലത്തെ ഉപേക്ഷിച്ച് ആത്മനിഷ്ഠയാലുണ്ടാകാവുന്ന ആത്യന്തികമായ മോഷത്തെ പ്രാപിക്കുന്നു. എന്നാല്‍ കര്‍മ്മഫലത്തിലിച്ഛയുള്ളവനാകട്ടെ, ഇച്ഛ നിമിത്തമുള്ള പ്രേരണകൊണ്ട് കര്‍മ്മഫലത്തില്‍ ആസക്തനായി ഏറ്റവും ബന്ധിക്കപ്പെടുന്നു.

ആത്മജ്ഞാനം സിദ്ധിച്ച ഒരുവനു കര്‍മ്മഫലത്തോട് ആസക്തിയില്ലെന്നു മാത്രമല്ല, അവന്‍ അതിനെ വെറുക്കുകയും ചെയ്യുന്നു. ആനന്ദകരമായ ശാന്തി അവനെ തേടിയെത്തുകയും അവനെ പരിണയിക്കുകയും ചെയ്യുന്നു. ലൗകികനാകട്ടെ, കര്‍മ്മഫലങ്ങളുടെ സുഖാനുഭോഗമാകുന്ന കുറ്റിയില്‍ ആശാപാശത്താല്‍ ബന്ധിതനായി കഴിയുന്നു.