ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 13
സര്‍വ്വകര്‍മ്മാണി മനസാ
സംന്യാസ്യാസ്തേ സുഖം വശീ
നവദ്വാരേ പുരേ ദേഹീ
നൈവ കുര്‍വ്വന്‍ ന കാരയന്‍
ഇന്ദ്രിയങ്ങളേയും മനസ്സിനേയും വശപ്പെടുത്തി ആത്മനിഷ്ഠയില്‍ ഉറപ്പിച്ചിട്ടുള്ള പുരുഷന്‍ എല്ലാ കര്‍മ്മങ്ങളേയും മനസ്സുകൊണ്ട് ഉപേക്ഷിച്ചിട്ട് ഒന്‍പതു വാതിലുകളുള്ള ഒരുപട്ടണത്തോടു സാമ്യം വഹിക്കുന്ന ശരീരത്തില്‍ സ്വയം ഒന്നും തന്നെ ചെയ്യാത്തവനായും ഒന്നും ചെയ്യിക്കാത്തവനായും സദാ ആത്മാനന്ദാനുഭൂതിയില്‍ മുഴുകികഴിഞ്ഞുകൂടുന്നു.
ഫലേച്ഛയോടെ പ്രവര്‍ത്തിക്കുന്നവരെപ്പോലെതന്നെയാണ് കര്‍മ്മയോഗിയും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങളുടെ കര്‍ത്താവ് താനല്ലെന്നുള്ള ധാരണകൊണ്ട് അവന്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ അപക്ഷപാതിയാണ്. അവന്‍ എവിടെ തങ്ങിയാലും അവിടം അറിവിന്റെ ആവാസസ്ഥാനമായിരിക്കും. ഒന്‍പതു ബഹിര്‍ദ്വാരങ്ങളുള്ള ദേഹത്തിലാണ് അവന്‍ വസിക്കുന്നതെങ്കിലും ദൈഹികമായ ജീവിതമല്ല അവന്‍റേത്. കര്‍മ്മഫലങ്ങളില്‍ ഇച്ഛയില്ലാത്തവനായി, എല്ലാറ്റിലും അനാസക്തനായി കഴിയുന്ന അവന്‍ കര്‍മ്മം ചെയ്യുന്നുണ്ടെങ്കിലും അകര്‍മ്മകൃത്തിനെപ്പോലെയാണ് കഴിച്ചുകൂട്ടുന്നത്.