ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 14

ന കര്‍ത്തൃത്വം ന കര്‍മ്മാണി
ലോകസ്യ സൃജതി പ്രഭുഃ
ന കര്‍മ്മഫലസംയോഗം
സ്വഭാവസ്തു പ്രവര്‍ത്തതേ

ഈശ്വരന്‍ ജീവലോകത്തിനുവേണ്ടി കര്‍ത്തൃത്വം സൃഷ്ടിക്കുന്നില്ല; കര്‍മ്മഫലസംയോഗത്തേയും സൃഷ്ടിക്കുന്നില്ല. എന്നാല്‍ ഒരോ ജീവനും അംഗീകരിക്കുന്ന അതതിന്റെ സ്വഭാവം – അവിദ്യാലക്ഷണമായ പ്രകൃതി, അല്ലെങ്കില്‍ മായ – ആണ് ഇതെല്ലാം പ്രവര്‍ത്തിക്കുന്നത്.

നിങ്ങള്‍ ഈശ്വരനെപ്പറ്റി തത്ത്വദൃഷ്ടിയോടെ വിചിന്തിനം ചെയ്യുമ്പോള്‍ ഈശ്വരന്‍ കര്‍മ്മരഹിതനാണെന്നു കാണാം. എന്നാല്‍ വ്യവഹാരദൃഷ്ടിയോടെ ഈശ്വരനെപ്പറ്റി ചിന്തിക്കുമ്പോള്‍ സര്‍വ്വേശ്വരന്‍ വിശാലമായ ഈ പ്രപഞ്ചത്തിന്റെ ഹേതുഭൂതനാണെന്നു കാണാം. പക്ഷേ ദൈവം കര്‍മ്മത്തിന്റെ സ്പര്‍ശനംപോലും ഏല്‍ക്കാതെ കഴിയുന്നതുകൊണ്ടു കര്‍ത്താവെന്ന് ഈശ്വരനെ വിളിക്കാന്‍ സാദ്ധ്യമല്ല. കര്‍ത്താവെന്നു വിളിച്ചാല്‍ തന്നെ കര്‍മ്മത്തില്‍ ഉദാസീനനായതുകൊണ്ട് അത് ദൈവത്തെ സ്പര്‍ശിക്കുന്നില്ല. ഈശ്വരന്റെ കരണചരണാദികള്‍ ഒരിക്കലും കര്‍മ്മത്താല്‍ മലിനപ്പെടുന്നില്ല എന്നതുകൊണ്ട് യോഗനിദ്രയേയോ കര്‍മ്മരഹിതത്വത്തേയോ അതുബാധിക്കുന്നുമില്ല. എന്നിട്ടും പഞ്ചഭൂതഗണങ്ങളെ ജനിപ്പിക്കുന്നത് ദൈവമാണ്. എല്ലാ ജീവജാലങ്ങളിലും വസിക്കുന്ന ദൈവം അവയാലൊന്നിനാലും നിയന്ത്രിക്കപ്പെടുന്നില്ല. പ്രപഞ്ചം നിലവില്‍ വരുന്നതിനേയോ അവസാനിക്കുന്നതിനേയോ പറ്റി ഈശ്വരന്‍ ഒരിക്കലും ബോധവാനല്ല. പ്രപഞ്ചം നിലവില്‍ വന്നുവെന്നോ അവസാനിച്ചുവെന്നോ ഉള്ള വിചാരംപോലും ഈശ്വരനില്ല.