ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 16
ജ്ഞാനേന തു തദജ്ഞാനം
യോഷാം നാശിതമാത്മനഃ
തേഷാമാദിത്യവത് ജ്ഞാനം
പ്രകാശയതി തത്പരം
എന്നാല്‍ ആത്മജ്ഞാനംകൊണ്ട് ആരുടെ അജ്ഞാനം നശിപ്പിക്കുന്നുവോ, അവരിലെ ആ ജ്ഞാനം പരിപൂര്‍ണ്ണമായ പരമാത്മസ്വരൂപത്തെ, സൂര്യന്‍ വസ്തുക്കളെയെന്നപോലെ പ്രകാശിപ്പിക്കുന്നു.
അജ്ഞാനം പരിപൂര്‍ണ്ണമായി നശിക്കുമ്പോള്‍ മാത്രമേ മോഹങ്ങളും ദുര്‍വ്വാസനകളും ഇല്ലാതാവുകയുള്ളൂ. അപ്പോള്‍ ദൈവം ഒന്നിന്‍റേയും കര്‍ത്താവല്ലെന്നുള്ള യഥാര്‍ത്ഥ കാഴ്ചപ്പാട് ഉണ്ടാകുന്നു. അകര്‍ത്താവായ ഒരസ്ഥിത്വമാണ് ഈശ്വരന്‍ എന്ന സാക്ഷാല്‍ക്കാരം ആത്മാവിനു ഉണ്ടാകുമ്പോള്‍ ഞാന്‍ തന്നെയാകുന്നു ഈശ്വരന്‍ എന്നുള്ള അനശ്വരസത്യം അതിനെ പിന്തുടര്‍ന്ന് എത്തുന്നു. ഇപ്രകാരമുള്ള വിവേകം ചിത്തത്തില്‍ വിളങ്ങുമ്പോള്‍ ഈ ലോകത്തില്‍ ഇങ്ങനെയാണ് ഭേദചിന്ത പുലര്‍ത്താന്‍ കഴിയുക? ഇപ്രകാരമുള്ള അവസ്ഥയില്‍ സ്വന്തം അനുഭവങ്ങളുടെ അനുഭൂതിയില്‍ അമരുന്ന ദ്രഷ്ടാവ്, പ്രപഞ്ചം മുഴുവനും ആത്മഭാവത്തില്‍ അധിഷ്ഠിതമായിരിക്കുന്നതായി ദര്‍ശിക്കുന്നു. സൂര്യോദയത്തിനു മുന്‍പുള്ളതുപോലെ അന്ധകാരത്തില്‍ ആണ്ടു കിടക്കുകയും ചെയ്യുന്നതു സംഭവ്യമാണോ?