ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 17

തദ്ബുദ്ധയസ്തദാത്മാനഃ
തന്നിഷ്ഠാസ്തത് പരായണാഃ
ഗച്ഛന്ത്യപുനരാവൃത്തിം
ജ്ഞാനനിര്‍ദ്ധുത കല്മഷാഃ

പരമാത്മാവിനെ അറിഞ്ഞവരും പരമാത്മാവുതന്നെ താനെന്നു സാക്ഷാത്കരിച്ചവരും അതില്‍ത്തന്നെ നിഷ്ഠയുള്ളവരും അതുതന്നെ പരമലക്ഷ്യമെന്നുറച്ചവരുമായ യോഗികള്‍ ജ്ഞാനം കൊണ്ട് പാപം നീക്കി പുനരാവൃത്തിയില്ലാത്ത പരമപദത്തെ പ്രാപിക്കുന്നു.

സമദര്‍ശനത്തില്‍ ഉറച്ചിരിക്കുന്നതായി അറിയപ്പെടുന്നവരുടെ ബുദ്ധി പരമാത്മദര്‍ശനത്തില്‍ അചഞ്ചലമായിരിക്കും. അവര്‍ ആത്മജ്ഞാനത്തെപ്പറ്റി ബോധവാന്മാരായി കഴിയുമ്പോള്‍ തങ്ങളും ബ്രഹ്മത്തിന്റെ സ്വഭാവത്തോടു കൂടിയവരാണെന്നുള്ള അനുഭവജ്ഞാനംകൊണ്ട് അവരുടെ ബുദ്ധിയും മനസ്സും അഹര്‍നിശം ബ്രഹ്മത്തില്‍തന്നെ അര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവര്‍ ബ്രഹ്മസാക്ഷാത്ക്കാരത്തിനുള്ള തിരച്ചില്‍ നടത്താന്‍ നിശ്ചയിച്ചുറച്ചിരിക്കുന്നവരാണ്. അവര്‍ ലോകത്തില്‍ ഏകത്വവും അനന്യതയും മാത്രം ദര്‍ശിക്കുന്നു. അവരുടെ സമചിത്തത അനുസ്യൂതമായി തുടരുന്നു. ഐശ്വര്യലക്ഷ്മി കൗതുകത്തിനുപോലും ദാരിദ്ര്യദേവതയോടൊത്തുചേര്‍ന്നു വിളയാടാത്തതുപോലെ, വിവേകജ്ഞാനം ഒരിക്കലും വിഭ്രാന്തിയെ അംഗീകരിക്കാത്തതുപോലെ, സൂര്യന്‍ സ്വപ്നത്തില്‍പോലും അന്ധകാരത്തിന്റെ നിഴല്‍ ദര്‍ശിക്കാത്തതുപോലെ, ചന്ദ്രന്‍ചൂടിനെപ്പറ്റി സ്മരിക്കുകപോലും ചെയ്യാത്തതുപോലെ ജ്ഞാനികള്‍ ജീവജാലങ്ങള്‍ തമ്മിലുള്ള അന്തരം ഒരിക്കല്‍പോലും അറിയുന്നതേയില്ല.