ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 19
ഇഹൈവ തൈര്‍ജിതഃ സര്‍ഗ്ഗോ
യേഷാം സാമ്യേ സ്ഥിതം മനഃ
നിര്‍ദോഷം ഹി സമം ബ്രഹ്മ
തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ
ആരുടെ മനസ്സ് സമാവസ്ഥയില്‍ ഉറച്ചിരിക്കുന്നുവോ അവരാല്‍ ഈ ദേഹത്തോട് കൂടിയിരിക്കുമ്പോള്‍ത്തന്നെ ജനനമരണരൂപമായ സംസാരം ജയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എന്തെന്നാല്‍ ബ്രഹ്മം സകലതിലും യാതൊരു ദോഷവുമില്ലാതെ സകലതിലും സമമായിരിക്കുന്നു. അതുകൊണ്ട് ആത്മജ്ഞാനികള്‍ ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നു.
അതുകൊണ്ട് എല്ലാ വസ്തുക്കളിലും സമത്വം ദര്‍ശിക്കുന്ന ഒരുവന്‍ ഏകമായ ബ്രഹ്മമായിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു. സമചിത്തതയുടെ രഹസ്യം ഇതാണ്. ഇന്ദ്രിയവിഷയങ്ങളെ ത്യജിക്കാതെയും ഇന്ദ്രിയങ്ങളെ പീഠിപ്പിക്കാതെയും അവന്‍ മോഹങ്ങളില്‍നിന്നു മുക്തിയും ഇന്ദ്രിയവിഷയങ്ങളില്‍ വിരക്തിയും കൈവരിച്ചിരിക്കുന്നു. അവന്‍ സാധാരണക്കാരനെപ്പോലെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ലൗകിക രംഗത്ത് അജ്ഞതകൊണ്ടുണ്ടാക്കുന്ന പ്രമാദങ്ങളെ അവന്‍ അംഗീകരിക്കുന്നില്ല. അവന്‍ ശരീരത്തോടുകൂടി ജീവിക്കുകയാണെങ്കിലും ഭൂതവാസമുള്ളിടത്ത് ആരും ഭൂതത്തെ ദര്‍ശിക്കാത്തതുപോലെ, അവന്‍ ലോകത്തിന്റെ ദൃഷ്ടിയില്‍നിന്നു മറഞ്ഞിരിക്കുന്നു. അവന്റെ അന്തര്‍ദൃഷ്ടിയില്‍ ലോകവും അങ്ങനെതന്നെയാണ്. സമീരണന്റെ സമാശ്ലേഷം ഏല്കുമ്പോള്‍ സാഗരത്തിന്റെ മുകള്‍പ്പരപ്പിലുള്ള സലിലം പ്രത്യേകരൂപം പ്രാപിച്ച് നൃത്തം വയ്ക്കുന്നു. ആളുകള്‍ അതിനെ തിരമാലയെന്നുവിളിക്കുന്നു. എന്നാല്‍ അത് സമുദ്രജലം മാത്രമാണ്. അതുപോലെ അതിനെ പ്രത്യേകമായ രൂപത്തിലും നാമത്തിലും അറിയപ്പെടുന്നുണ്ടെങ്കിലും എല്ലാറ്റിനും സമത്വം ദര്‍ശിക്കുന്ന അവന്‍ യഥാര്‍ത്ഥത്തില്‍ പരബ്രഹ്മം തന്നെയാണ്.
ഭഗവാന്‍ തുടര്‍ന്നു: അര്‍ജ്ജുനാ, സമഭാവമായ ചിത്തത്തോടുകൂടിയുള്ള ഒരു യോഗിയുടെ ലക്ഷണങ്ങള്‍ ഞാന്‍ ചുരുക്കത്തില്‍ നിന്നോടു പറയാം.