ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 21
ബാഹ്യസ്പര്‍ശേഷ്വസക്താത്മാ
വിന്ദത്യാത്മനി യത് സുഖം
സ ബ്രഹ്മയോഗ യുക്താത്മാ
സുഖമക്ഷയമ്ശ്നുതേ
ബാഹ്യവിഷയങ്ങളില്‍ ആസക്തിയില്ലാത്ത മനസ്സോടുകൂടിയവന്‍, അവനവന്റെ ഉള്ളില്‍ ഏതൊരു സാത്വികസുഖമാണോ ഉള്ളത് ആ സുഖത്തെ കണ്ടെത്തുന്നു. ആത്മസുഖം കണ്ടെത്തിയ അയാള്‍ തുടര്‍ന്ന് ബ്രഹ്മധ്യാനത്തില്‍ മനസ്സോടുകൂടിയവനായി ഒരിക്കലും ഒടുങ്ങാത്ത അനന്തസുഖം അനുഭവിക്കാന്‍ ഇടവരുന്നു.
എല്ലായ്പ്പോഴും ആത്മാനന്ദത്തില്‍ മുഴുകിയിരിക്കുന്ന അവന്‍ ഇന്ദ്രിയങ്ങള്‍ക്ക് അടിമപ്പെടാത്തതിലും ഇന്ദ്രിയവിഷയങ്ങളില്‍ ആനന്ദം കണ്ടെത്താത്തതിലും എന്തെങ്കിലും അത്ഭുതമുണ്ടോ? അവന്‍ ആത്മാവിന്റെ സഹജവും നിസ്സീമവുമായ ആനന്ദം ആന്തരികമായി അനുഭവിച്ചറിയുന്നതുകൊണ്ട് അവന്റെ മനസ്സ് ബാഹ്യമായ ഇന്ദ്രിയവിഷയങ്ങളില്‍ ഒരിക്കലും ആസക്തമാകുന്നില്ല. താമരദളങ്ങളാകുന്ന തങ്കതട്ടില്‍നിന്നും താരാനാഥന്റെ കിരണങ്ങള്‍ ഒരിക്കലല്ലെങ്കിലും ആസ്വദിച്ചിട്ടുള്ള ചകോരം, മരുഭൂമിയുടെ മണല്‍ത്തിട്ടയില്‍നിന്നു മണല്‍ത്തരി കൊത്തിതിന്നുമോ? അതേവിധത്തില്‍ ആത്മാനന്ദം സ്വായത്തമാക്കുകയും ആത്മാവിന്റെ സത്തയില്‍ വിലയം പ്രാപിക്കുകയും ചെയ്ത ഒരാള്‍ ഇന്ദ്രിയവിഷയങ്ങളെ ഉപേക്ഷിക്കുന്നതിനെപ്പറ്റി എന്താണു പ്രത്യേകമായി പറയാനുള്ളത്.