വിവേകികള്‍ വിഷമെന്നപോലെ ഇന്ദ്രിയവിഷയങ്ങളെ വര്‍ജ്ജിക്കുന്നു (ജ്ഞാ.5.22)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 22
യേ ഹി സംസ്പര്‍ശജാ ഭോഗാഃ
ദുഃഖയോനയ ഏവ തേ
ആദ്യന്തവന്തഃ കൗന്തേയ
ന തേഷു രമതേ ബുധഃ
അല്ലയോ കുന്തീപുത്ര, ഇന്ദ്രിയവിഷയബന്ധംകൊണ്ടുണ്ടാകുന്ന സുഖാനുഭവങ്ങളെല്ലാം ദുഃഖത്തിനു കാരണമായിത്തീരുന്നു. എന്തെന്നാല്‍ അവ ആരംഭവും അവസാനവും ഉള്ളവയാണ്. ആത്മാനന്ദം കണ്ടെത്തിയ വിവേകികള്‍ അവയില്‍ സുഖമുണ്ടെന്നു കാണുകയില്ല.
ഇന്ദ്രിയവിഷയങ്ങളുടെ വ്യാജമായ സുഖത്തിന് ഇരയാകുന്നവരെപ്പറ്റി ആലോചിച്ചു നോക്കൂ. ശാശ്വതസ്വരൂപത്തിന്റെ ഉണ്മ എന്തെന്നറിഞ്ഞവരാണ് ഇന്ദ്രിയസുഖങ്ങളില്‍ വ്യാമോഹിക്കുന്നത്. വിശക്കുന്ന ഒരുവന്‍ ഉമിഭക്ഷിക്കുന്നതുപോലെയോ, കലമാന്‍ ശുദ്ധജലമെന്നുകരുതി കാനല്‍ജലത്തിന്റെ പിന്നാലെ കുതിക്കുന്നതുപോലെയോ ആണ് ആത്മാനന്ദത്തിന്റെ മാധുര്യം അറിയാത്തവര്‍ ഇന്ദ്രിയവിഷയങ്ങള്‍ സുഖാവഹങ്ങളെന്നു കരുതി അതിന്റെ പിന്നാലെ പായുന്നത്. യഥാര്‍ത്ഥ ആത്മസുഖം സാക്ഷാത്ക്കരിക്കാത്ത ഒരുവന്‍ ഇന്ദ്രിയസുഖങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. സുഖങ്ങളെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നതുതന്നെ തികഞ്ഞ അബദ്ധമാണ്. എന്നിട്ടും ഇന്ദ്രിയവിഷയങ്ങളുടെ അനുഭവം സുഖദായകമാണെന്നുള്ള അഭിപ്രായം ആരെങ്കിലും വച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍, ഒരു കൊള്ളിമീന്‍ ലോകത്തിന്റെ പ്രകാശാവശ്യം നിറവേറ്റാന്‍ പോരുമോ എന്നുഞാന്‍ അവരോടു ചോദിക്കും. ആകാശത്തിലുള്ള ഒരു ചെറിയ കാര്‍മേഘം കാറ്റിനും മഴയ്ക്കും ചൂടിനും എതിരായുള്ള സംരക്ഷണത്തിനു പോരുമെങ്കില്‍ പിന്നെ എന്തിനാണു മനുഷ്യന്‍ ബഹുനിലമന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നത്? ഇന്ദ്രിയവിഷയങ്ങള്‍ക്ക് സുഖം നല്‍കാന്‍ കഴിയുമെന്നുള്ളത് വൃഥാ ജല്പനമാണ്. അത് വിഷമുള്ള ഒരു കിഴങ്ങിനെ മധുരക്കിഴങ്ങ് എന്നുവിളിക്കുന്നതുപോലെയോ അശുഭകാരിയായ ചൊവ്വാഗ്രഹത്തെ മംഗള എന്നു പറയുന്നതുപോലെയോ, ജലമില്ലാത്ത കാനല്‍ ജലത്തെ വിഭ്രാന്തികൊണ്ടു ജലമെന്നു പറയുന്നതുപോലെയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒരു സര്‍പ്പഫണത്തിന്റെ നിഴല്‍ എന്തു ശീതളസുഖമാണ് ഒരു മൂഷികനുനല്‍കുന്നതെന്നു പറയൂ. ചൂണ്ടയില്‍ കോര്‍ത്തിട്ടിരിക്കുന്ന മാംസളമായ ഇര വെട്ടിവിഴുങ്ങുന്നതുവരെ മാത്രമേ അതു മത്സ്യത്തിന് ആകര്‍ഷകമായിരിക്കുകയുള്ളൂ. അതുപോലെയാണ് ഇന്ദ്രിയവിഷയങ്ങളുമായുള്ള സംയോഗം കൊണ്ടുണ്ടാകുന്ന അവസ്ഥ. ഇതു സംശയാതീതമായ സത്യമാണെന്നറിഞ്ഞാലും.
വിവേകികളഉടെ ദൃഷ്ടിയില്‍, പിത്തപാണ്ഡു പിടിച്ചുവീങ്ങി പാണ്ഡുരമായ സ്ഥൂലശരീരം പോലെയാണ് ഇന്ദ്രിയവിഷയങ്ങള്‍ കാണപ്പെടുന്നത്. ജഡികമായ ഭോഗസുഖങ്ങള്‍ ആരംഭംമുതല്‍ അവസാനംവരെ കേവലം ദുഃഖകരണങ്ങളാണെന്നറിയുക. എന്നാല്‍ അജ്ഞാനികള്‍ ഇതിന്റെ ആന്തരികമായ രഹസ്യം മനസ്സിലാക്കാത്തതുകൊണ്ട് അത്യധികം ഉത്സാഹത്തോടെ ഇന്ദ്രിയസുഖങ്ങളില്‍ മുഴുകുന്നു. ചെളിയിലും ചലത്തിലും കിടക്കുന്ന കൃമികീടങ്ങള്‍ക്ക് അതില്‍ അസഹ്യത തോന്നാറുണ്ടോ? അവറ്റകള്‍ അതില്‍ ആനന്ദിക്കുകയാണ്. അതുപോലെ അവിവേകികളായ ആളുകള്‍ ഇന്ദ്രിയസുഖങ്ങള്‍ക്കുവേണ്ടി ആധി പിടിക്കുന്നു. അപ്രകാരമുള്ളവര്‍ ഇന്ദ്രിയവിഷയങ്ങളാകുന്ന ചെളിക്കുണ്ടില്‍ ജീവിക്കുന്ന തവളകളാണ്. ഇന്ദ്രിയ ഭോഗങ്ങളാകുന്ന മലിനജലത്തില്‍ നിന്നും കരകയറാന്‍ പറ്റും.
ഈ ഇന്ദ്രിയവിഷയങ്ങള്‍ ദുഃഖം തഴച്ചുവളരുന്ന വിളനിലങ്ങളാണ്. എന്നാല്‍ ഏല്ലാ ജീവജാലങ്ങളും ഇന്ദ്രിയവിഷയങ്ങളെ നിസംഗതയോടോ വെറുപ്പോടോ ആണു വീഷിക്കുന്നതെങ്കില്‍ ദുഃഖസമ്പൂര്‍ണ്ണമായ ജനനം യാതൊരുദ്ദേശവും ഇല്ലാതായിത്തീരുകയില്ലേ? അപ്പോള്‍പ്പിന്നെ ആരാണു ഗര്‍ഭപാത്രത്തില്‍ സ്ഥിതിചെയ്യുന്ന കഷ്ടാവസ്ഥയിലേക്കോ, ജനനത്തിന്റെ ഈറ്റുനോവിലേക്കോ, മരണത്തിന്റെ ആധിയിലേക്കോ തെളിക്കുന്ന പന്ഥാവില്‍ക്കൂടി വിശ്രമരഹിതമായി ചരിക്കുന്നത്? ഇന്ദ്രിയവിഷയങ്ങളുമായി ആത്മബന്ധം പുലര്‍ത്തയിരുന്നവരെല്ലാം അത് ഉപേക്ഷിച്ചാല്‍പിന്നെ പാപകരങ്ങളായ ദൂക്ഷണങ്ങള്‍ക്ക് വസിക്കാനുള്ള ആസ്ഥാനം എവിടെയാണ്? അതോടെ സംസാരജീവിതം എന്ന സംങ്കേതം തന്നെ അര്‍ദ്ധശൂന്യമായി ഇല്ലാതാവുകയില്ലേ? ഇപ്രകാരമുള്ള കാരണങ്ങളാല്‍ ഇന്ദ്രിയവിഷയങ്ങളില്‍ നിന്നുള്ള ദുഃഖം സുഖമായികാണുന്നവര്‍, മായികമായ മതിഭ്രമത്തിന്റെ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്ലയോ മഹാബോഹോ, ഈ ഇന്ദ്രിയവിഷയങ്ങളില്‍ നിന്നുള്ള ദുഃഖം സുഖമായികാണുന്നവര്‍, മായികമായ മതിഭ്രമത്തിന്റെ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്ലയോ മഹാബാഹോ, ഈ ഇന്ദ്രിയവിഷയങ്ങളില്‍ നിന്നുള്ള ദുഃഖം സുഖമായികാണുന്നവര്‍, മായികമായ മതിഭ്രമത്തിന്റെ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്ലയോമഹാബോഹോ, ഈ ഇന്ദ്രിയവിഷയങ്ങള്‍ തികച്ചും തിന്മ നിറഞ്ഞതാണെന്നുമനസ്സിലാക്കി അതിന്റെ പിന്നാലെ പായാതിരിക്കുക. വിവേകികള്‍ വിഷമെന്നപോലെ ഇന്ദ്രിയവിഷയങ്ങളെ വര്‍ജ്ജിക്കുന്നു. അകാമികളായ അവര്‍ വിഷയസുഖങ്ങളുടെ രൂപത്തില്‍ ദുഃഖത്തെ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നില്ല.