ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 25

ലഭന്തേ ബ്രഹ്മനിര്‍വ്വാണം
ഋഷയഃ ക്ഷീണകല്മഷാഃ
ഛിന്നദ്വൈധാ യതാത്മാനഃ
സര്‍വ്വഭൂതഹിതേ രതാഃ

പാപം ക്ഷയിച്ചിരിക്കുന്നവരും സംശയം തീര്‍ന്നിരിക്കുന്നവരും ചിത്തത്തെ സ്വാധീനപ്പെടുത്തിയിട്ടുള്ളവരും സകല പ്രാണികള്‍ക്കും നന്മയെ ചെയ്വാന്‍ താല്പര്യമുള്ളവരു (കൃപാലുക്കള്‍) മായ ഋഷികള്‍ ബ്രഹ്മത്തില്‍ ലയത്തെ അല്ലെങ്കില്‍ മോക്ഷത്തെ പ്രാപിക്കുന്നു.

ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്ന ഈ അവസ്ഥയെപ്പറ്റി വിവരിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ആത്മാവിനെ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യം അഗീകരിക്കാതിരിക്കുകയില്ല. ഈ അവസ്ഥയിലെത്തിയ യോഗികള്‍ എന്റെ അഭിപ്രായത്തില്‍, ബ്രഹ്മത്തില്‍ അടങ്ങിയിരിക്കുന്ന പരമാനന്ദത്തിന്റെ മാനുഷികഭാവങ്ങളാണ്. അവരെ ആനന്ദത്തിന്റെ അവതാരപുരുഷന്മാരെന്നോ, ആഹ്ലാദത്തിന്റെ അങ്കുരങ്ങളെന്നോ, പരമാത്മജ്ഞാനത്തില്‍ നിന്നുളവാകുന്ന പരാഭക്തിയുടെ കേളീരംഗമെന്നോ വിളിക്കാം. അവര്‍ ഉന്നതമായ വിവേചനാശക്തിയുടെ ആവാസഗേഹങ്ങളാണ്. പരബ്രഹ്മത്തിന്റെ പ്രത്യക്ഷലക്ഷണങ്ങളെല്ലാം അവരില്‍ കുടികൊള്ളുന്നു. അവര്‍ ബ്രഹ്മജ്ഞാനത്തിന്റെ അലംകൃതമായ അവയവങ്ങളാണ്. അവര്‍ പരിശുദ്ധരില്‍ പരിശുദ്ധരാണ്. പ്രപഞ്ചത്തിന്റെ പരമമായ ജീവശക്തി അവരില്‍ രൂപം കൊള്ളുന്നു.

ജ്ഞാനേശ്വരന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഗുരു പറഞ്ഞു:

നീ പ്രധാന വിഷയത്തില്‍ നിന്നു വ്യതിചലിക്കുന്നു. ഒരേ ആശയം തന്നെ അനേകതരത്തില്‍ ചിത്രീകരിക്കേണ്ട ആവശ്യമുണ്ടോ? പക്ഷേ അതിമനോഹരമായി ഈ വക കാര്യങ്ങളെപ്പറ്റി നീ സംസാരിക്കുന്നു. എങ്കിലും നീ പുണ്യാത്മാക്കളെ പ്രശംസിക്കുമ്പോള്‍ അവരോടുള്ള ഗാഢാനുരാഗംകൊണ്ട് എല്ലാം വിസ്മരിക്കുന്നു. അഴകും അലങ്കാരവുമുള്ള പദമഞ്ജരി ഉപയോഗിച്ച് നിര്‍ഗ്ഗുണ ബ്രഹ്മത്തെപ്പറ്റി പ്രതിപാദിക്കുന്നു. എന്നാല്‍ വിവരണവിഷയത്തിന്റെ ചരടുപൊട്ടിപ്പോകുന്നതു നീ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ട് ഈ അലങ്കാരഭാഷണം അവസാനിപ്പിച്ച് ഗീതയുടെ ശ്രേയസ്കരമായ സന്ദേശം സജ്ജനങ്ങളുടെ മനസ്സിനെ ദീപ്തമാക്കത്തക്കവണ്ണം വിവരിച്ചു കേള്‍പ്പിക്കുക.

നിവൃത്തിനാഥിന്റെ ഉപദേശം കേട്ട് ജ്ഞാനദേവന്‍ ഹൃഷ്ടനായി.

അദ്ദേഹം പറഞ്ഞു:

ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോടു പറഞ്ഞതു ശ്രദ്ധിച്ചു കേള്‍ക്കുക.

അല്ലയോ അര്‍ജ്ജുന, ശാശ്വതാനന്ദത്തിന്റെ കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന സത്യാന്വേഷികള്‍ അവിടത്തന്നെ തങ്ങി അതുമായി സാത്മ്യം പ്രാപിക്കുന്നു. വ്യക്തമായ ജ്ഞാനപ്രകാശത്തില്‍ പ്രപഞ്ചം മുഴുവനും അവരുടെ ഉള്ളില്‍ത്തന്നെ അവര്‍ പരമാത്മാവുമായി ഏകത്വം പ്രാപിക്കുന്നു. ഈ ആനന്ദം ശാശ്വതവും ശ്രേഷ്ഠവും സീമാതീതവുമാണ്. മോഹത്തില്‍നിന്നു മോചിതരായവര്‍ക്കുമാത്രമേ ഇതു ലഭിക്കുന്നതിന് അര്‍ഹതയുള്ളൂ. ഈ ആനന്ദം മഹാമുനികള്‍ക്കുവേണ്ടി കരുതിവച്ചിരിക്കുന്നതാണ്. വൈരാഗ്യകളായ മനുഷ്യര്‍ ഇതിന്റെ പങ്കുപറ്റുന്നു. ആത്മാവിന്റെ അസ്തിത്വത്തെപ്പറ്റി സംശയമില്ലാത്തവര്‍ക്കു മാത്രമേ ഇതു സഫലീകരിക്കാന്‍ സാധിക്കൂ.