ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 26
കാമക്രോധവിയുക്താനാം
യതീനാം യതചേതസാം
അഭിതോ ബ്രഹ്മനിര്‍വ്വാണം
വര്‍ത്തതേ വിദിതാത്മനാം
കാമക്രോധങ്ങളെ സമ്പൂര്‍ണ്ണമായി വെടിഞ്ഞവരും ചിത്തത്തെ തികച്ചും ഏകാഗ്രപ്പെടുത്തിയവരും ആത്മതത്ത്വം അറിഞ്ഞ് അനുഭവിക്കുന്നവരുമായ ബ്രഹ്മനിഷ്ഠന്മാരുടെ ചുറ്റിലും ബ്രഹ്മാനന്ദം നിറഞ്ഞുവിലസുന്നു.
ഇന്ദ്രിയവിഷയങ്ങളില്‍നിന്നും മനസ്സിനെ പൂര്‍ണ്ണമായി പിന്തിരിപ്പിച്ച് അന്തര്‍മുഖമാക്കി ഏകാഗ്രപ്പെടുത്തിയവര്‍ എല്ലായ്പ്പോഴും ആനന്ദത്തിന്റെ മടിത്തട്ടില്‍ നിദ്രകൊള്ളുന്നു. അവര്‍ ആ അവസ്ഥയില്‍നിന്ന് ഒരിക്കലും ഉണര്‍ന്നെഴുന്നേല്‍ക്കുകയില്ല. ആത്മസാക്ഷാത്ക്കാരം എന്ന ലക്ഷ്യത്തോടുകൂടിയ അവര്‍ പരബ്രഹ്മമായിത്തീര്‍ന്നുവെന്നറിയുക. അവര്‍ ശരീരത്തിലിരിക്കുമ്പോള്‍ത്തന്നെ എങ്ങനെയാണ് പരബ്രഹ്മാവസ്ഥയിലെത്തിച്ചേര്‍ന്നതെന്നു ചോദിച്ചാല്‍ ചുരുക്കമായി ഞാന്‍ പറയാം.